ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണത്തിൽ നൂറിലേറെ മരണം; കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ച് ഹിസ്ബുല്ല
|ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം നടന്നു
തെല്‍ അവിവ്: ഗസ്സയിലും ലബനാനിലും ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ നൂറിലേറെ മരണം. ഒരു വർഷത്തിലേറെ നീണ്ട ഗസ്സ ആക്രമണത്തിന്‍റെ ഇരകളായവരിൽ എഴുപത് ശതമാനവും സ്തീകളും കുട്ടികളുമെന്ന് യുഎൻ റിപ്പോർട്ട്. ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ ഹിസ്ബുല്ല അയച്ചു.
ലബനാനിലെ സിഡോണിൽ വ്യാപക വ്യോമാക്രമണം നടന്നു. ടെയ്റിലെ ആക്രമണത്തിൽ മൂന്ന് മരണവും മുപ്പതിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനാനിൽ 3117 പേരാണ് ഇതുവരെ കൊല്ലപ്പെട്ടതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഗസ്സയിൽ അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണ് ഇസ്രായേൽ തുടരുന്നതെന്ന് യുഎൻ കുറ്റപ്പെടുത്തി. ഒരു വർഷത്തിലേറെയായി തുടരുന്ന ആക്രമണങ്ങളുടെ ഇരകളായവരിൽ 70 ശതമാനവും സ്ത്രീകളും കുട്ടികളുമാണെന്ന് 32 പേജുള്ള യുഎൻ അന്വേഷണ റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഒരു മാസത്തിലേറെയായി വടക്കൻ ഗസ്സയിൽ തുടരുന്ന ഉപരോധവും ആക്രമണവും സൃഷ്ടിക്കുന്ന മാനുഷിക ദുരന്തം ഹൃദയഭേദകമാണെന്ന് യുഎൻ ഏജൻസികളും അറിയിച്ചു. ഇതിനകം 1500ൽ അധികം പേരാണ് ഒരു മാസത്തിനകം വടക്കൻ ഗസ്സയിൽ മാത്രം കൊല്ലപ്പെട്ടത്.
അതേസമയം ഇസ്രായേലിനെതിരെ കൂടുതൽ പ്രഹരശേഷിയുള്ള മിസൈലുകൾ അയച്ചു തുടങ്ങിയതായി ഹിസ്ബുല്ല അറിയിച്ചു. സൈനിക കേന്ദ്രങ്ങൾക്ക് വൻനാശം വരുത്താൻ കഴിഞ്ഞതായും ഹിസ്ബുല്ല അവകാശപ്പെട്ടു. വിവര ചോർച്ച ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നെതന്യാഹുവിന്‍റെ ഓഫീസിനെതിരെ അന്വേഷണം ആരംഭിച്ചു. ഗസ്സയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ചോർന്നതിന് നെതന്യാഹുവിന്‍റെ സഹായി ഉൾപ്പെടെ 5 പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. അതിനിടെ, ഇറാനും അമേരിക്കയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായി. ഫർഹദ് സകേരി എന്ന അഫ്ഗാൻ പൗരനെ പിടികൂടിയതിൽ നിന്നാണ് ഇക്കാര്യം വെളിപ്പെട്ടതെന്നാണ് നീതിന്യായ വകുപ്പ് വ്യക്തമാക്കുന്നത്.