World
ceasefire,Israel,Gazawar,Gazaceasefire,ഗസ്സ,വെടിനിര്‍ത്തല്‍ ചര്‍ച്ച,കെയ്റോ വെടിനിര്‍ത്തല്‍,യുദ്ധം,ബെഞ്ചമിന്‍ നെതന്യാഹു
World

വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം കെയ്റോയിൽ; പ്രതീക്ഷയുണ്ടെന്ന്​ വൈറ്റ്​ഹൗസ്

Web Desk
|
19 July 2024 1:32 AM GMT

മസ്​ജിദുൽ അഖ്​സയിൽ കടന്നുകയറി ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ

ദുബൈ: അമേരിക്കൻ സന്ദർശനത്തിന്​ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഒരുങ്ങുന്നതിനിടെ, വെടിനിർത്തൽ ചർച്ചക്കായി ഇസ്രായേൽ സംഘം വീണ്ടും കെയ്റോയിൽ.ഇസ്രായേൽ സംഘം ചർച്ചക്കായി കെയ്റോയിൽ എത്തിയെന്ന്​ മാധ്യമങ്ങൾ റിപ്പോർട്ട്​ ചെയ്​തു. യു.എസ്​ പശ്​ചിമേഷ്യൻ പ്രതിനിധി ബ്രെട്ട്​ മക്​ ഗുർകും കെയ്റോയിലെത്തും.കെയ്റോയും ദോഹയും കേന്ദ്രീകരിച്ചുള്ള ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്ന്​ വൈറ്റ്​ഹൗസ്​ പ്രതികരിച്ചു. ഗസ്സയിൽ വെടിനിർത്തൽ വരുന്നതോടെ ലബനാൻ അതിർത്തിയിലെ സംഘർഷത്തിനും​ അയവ്​ വരുമെന്ന്​ വൈറ്റ്​ഹൗസ്​ വ്യക്​തമാക്കി.

അതിനിടെ, തിങ്കളാഴ്​ച വാഷിങ്​ടണിൽ അമേരിക്കൻ പ്രസിഡൻറ്​ ജോ ബൈഡനുമായി ചർച്ച നടക്കാനിരിക്കെ, തെക്കൻ ഗസ്സയിലെത്തിയ നെതന്യാഹു സൈനികരുമായി ആശയവിനിമയം നടത്തി. ഒക്ടോബർ ഏഴിന്​ ആക്രമണം ആരംഭിച്ച ശേഷം ഇത്​ മൂന്നാം തവണയാണ്​ മുന്നറിയിപ്പില്ലാതെ നെതന്യാഹു ഗസ്സ സന്ദർശിക്കുന്നത്​.ലക്ഷ്യം നേടാതെ ആക്രമണം അവസാനിപ്പിക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ്​ നെതന്യാഹു.

അതേസമയം, ഹമാസിനെയും മറ്റും വെടിനിർത്തൽ ചർച്ചയിൽ നിന്ന്​ പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ഇസ്രായേൽ മന്ത്രി ഇതാമർ ബെൻഗവിർ മസ്​ജിദുൽ അഖ്​സയിൽ കടന്നുകയറി. ഉടമ്പടികളില്ലാതെ ബന്ദികളുടെ മോചനത്തിനുവേണ്ടി പ്രാർഥിക്കാനാണ് മസ്ജിദുൽ അഖ്സയിലെത്തിയതെന്ന് മന്ത്രി പറഞ്ഞു. ബെൻഗവിറിന്‍റെ നടപടിക്കെതിരെ ഫലസ്​തീൻ സമൂഹം രംഗത്തുവന്നു.

സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം എന്ന ആശയം ഇസ്രായേൽ പാർലമെന്‍റ് തള്ളി. ഒമ്പതിനെതിരെ 68 വോട്ടുകൾക്കാണ് ഇസ്രായേൽ പാർലമെന്റായ കെനെസെറ്റ് പ്രമേയം തള്ളിയത്. ഇസ്രായേൽ രാഷ്ട്രത്തിനും പൗരന്മാർക്കും അപകടമാണ് ഫലസ്തീൻ രാഷ്ട്രമെന്ന് പ്രമേയം പറഞ്ഞു.

Similar Posts