സഹായത്തിനായുള്ള അവരുടെ നിലവിളികള്‍ ഹമാസിന്‍റെ തന്ത്രമെന്ന് തെറ്റിദ്ധരിച്ചു; ബന്ദികളെ വെടിവച്ചു കൊന്ന സംഭവത്തില്‍ ഇസ്രായേല്‍
|ഇസ്രായേല്‍ അവരുടെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും സൈനിക വക്താവ് വ്യാഴാഴ്ച പറഞ്ഞു
ജറുസലെം: ഡിസംബര്‍ 15ന് മൂന്ന് ഇസ്രായേലി ബന്ദികളെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ഇസ്രായേല്‍. സഹായത്തിനായുള്ള അവരുടെ നിലവിളി ഹമാസ് പോരാളികൾ അവരെ പതിയിരുന്ന് ആക്രമിക്കാനുള്ള തന്ത്രമായി തെറ്റിദ്ധരിച്ചതായി സൈന്യം വ്യക്തമാക്കി. എന്നാല്‍ ഇസ്രായേല്‍ അവരുടെ ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചുവെന്നും സൈനിക വക്താവ് വ്യാഴാഴ്ച പറഞ്ഞു.
ഹമാസ് ബന്ദികളാക്കിയ 240 പേരിൽ ഉൾപ്പെട്ടിരുന്ന മൂന്ന് പേരെയാണ് ഇസ്രായേല്‍ സൈന്യം കൊലപ്പെടുത്തിയത്. സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഹമാസ് പോരാളികളാണെന്ന് തെറ്റിദ്ധരിച്ചാണ് മൂന്ന് ബന്ദികളെ വെടിവെച്ചു കൊന്നതെന്നാണ് ഇസ്രായേൽ സൈനിക വക്താവ് സംഭവത്തിന് പിന്നാലെ വ്യക്തമാക്കിയത്. . യോതം ഹൈം, സമീർ തലൽക്ക, അലോൺ ഷംരിസ് എന്നിവരാണ് കൊല്ലപ്പെട്ട ബന്ദികളെന്ന് ഐഡിഎഫ് അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ട് ഇസ്രായേൽ സൈന്യം വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. സംഭവത്തിൽ ദുരുദ്ദേശ്യമൊന്നും ഉണ്ടായിട്ടില്ലെന്നും ആ നിമിഷം ഉചിതമായ തീരുമാനമാണ് സൈനികർ കൈക്കൊണ്ടതെന്നും പക്ഷേ അത് നിർഭാഗ്യമായി മാറുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു.
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്‍റെ പ്രാധാന്യത്തിന് ഊന്നൽ നൽകിയതായി കരസേനാ മേധാവി ജനറൽ ഹെർസി ഹലേവി പ്രസ്താവനയില്‍ അറിയിച്ചു. അടിയന്തര ഭീഷണിയടേയും തിരിച്ചറിയാൻ ബുദ്ധിമുട്ടേറുന്നതുമായ സാഹചര്യത്തിൽ വെടിവയ്ക്കുന്നതിന് മുമ്പ് ഒരു നിമിഷം പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് പോരാളികളുമായി ശക്തമായ പോരാട്ടം നടക്കുന്ന സമയമായിരുന്നുവെന്നും കനത്ത വെടിവെപ്പ് നടക്കുന്ന കെട്ടിടങ്ങളിൽ ജനങ്ങളെ ബന്ദികളാക്കിയതായി സൂചനയൊന്നും ലഭിച്ചിരുന്നില്ലെന്നും ഇസ്രായേൽ സെെന്യം അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
ബന്ദികളാക്കിയവർ അവരുടെ ഷർട്ട് അഴിച്ചുമാറ്റിയതായും അവരിൽ ഒരാൾ വെള്ളക്കൊടി വീശുന്നതായും കണ്ടിരുന്നു. എന്നാൽ മൃതദേഹങ്ങൾ പരിശോധിച്ചതിന് ശേഷമാണ് ബന്ദികളാണെന്ന് തിരിച്ചറിഞ്ഞതെന്ന് സൈന്യം പറഞ്ഞു.