യുഎന്‍ സമാധാന സേനാ താവളങ്ങള്‍ക്ക് നേരെയുള്ള ആക്രമണം; ഇസ്രായേലിനെതിരെ അമേരിക്കയും ബ്രിട്ടണും
|കഴിഞ്ഞ ദിവസമാണ് യു.എൻ സമാധാനസംഘത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്
ബെയ്റൂത്ത്: തെക്കൻ ലബനാനിലെ യു.എൻ സമാധാന സേനാ താവളങ്ങൾക്കു നേരെയുള്ള ഇസ്രായേൽ ആക്രമണത്തിന് രൂക്ഷവിമർശനം. അമേരിക്ക,ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളാണ് എതിർപ്പറിയിച്ചത്. കഴിഞ്ഞ ദിവസമാണ് യു.എൻ സമാധാനസംഘത്തിന് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്തത്.
അതിർത്തിയിൽ നിന്ന് അഞ്ച് കിലോമീറ്റർ മാറണമെന്ന ഇസ്രായേൽ നിർദേശം യു.എൻ സമാധാന സേന തള്ളി. ഇറാൻ എണ്ണപ്പാടങ്ങൾക്ക് നേരെ ആക്രമണം നടത്തുന്നതിൽ നിന്ന് ഇസ്രായേലിനെ തടയണമെന്ന് അമേരിക്കയോട് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.
സേനാ താവളത്തിനു നേരെ വെടിയുതിർക്കുന്ന നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ പറഞ്ഞു. ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻമാറണമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും ഇസ്രായേലിനോട് ആവശ്യപ്പെട്ടു. ആക്രമണവാർത്ത ഞെട്ടിക്കുന്നതാണെന്ന് ബ്രിട്ടൻ കുറ്റപ്പെടുത്തി. ഇറ്റലി, ഫ്രാൻസ് ഉൾപ്പെടെയുള്ള രാജ്യങ്ങളും ഇസ്രായേൽ നടപടിയെ വിമർശിച്ചു.
യു.എൻ സേനാ താവളത്തിന് സമീപത്തുള്ള ഹിസ്ബുല്ല പോരാളികളുടെ നീക്കം തടയാനാണ് വെടിവെപ്പ് നടത്തിയത് എന്നാണ് ഇസ്രായേൽ സേന നൽകുന്ന വിശദീകരണം. അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചിരിക്കെ, ഇസ്രായേലിനെതിരെ കടുത്ത നടപടിയാണ് വേണ്ടതെന്ന് ലബനാൻ സർക്കാർ ആവശ്യപ്പെട്ടു.
വടക്കൻ ഗസ്സയിലും ഇസ്രായേലിന്റെ കുരുതി തുടരുകയാണ്. ഇന്നലെ 48 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. ഇറാനെതിരായുള്ള പ്രത്യാക്രമണ ചർച്ചകളും ഇസ്രായേലിൽ സജീവമാണ്. ലോക രാജ്യങ്ങളുടെ എതിർപ്പ് മറികടന്ന് ഇറാനു നേരെ വ്യാപക ആക്രമണത്തിനുള്ള ഒരുക്കത്തിലാണ് നെതന്യാഹു സർക്കാറെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.