ഗസ്സയിലും ലബനാനിലും ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം; ഗസ്സയിൽ സ്ത്രീകളും കുട്ടികളുമുൾപ്പെടെ 55 മരണം
|അന്തർദേശീയ സമ്മർദം തള്ളിയാണ് ഗസ്സയിലും ലബനാനിലും ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം
ഗസ്സസിറ്റി: ഗസ്സയിലും ലബനാനിലും ഇസ്രായേൽ ആക്രമണം തുടരുന്നു. അന്തർദേശീയ സമ്മർദം തള്ളിയാണ് ഗസ്സയിലും ലബനാനിലും ഇസ്രായേലിന്റെ വ്യാപക ബോംബാക്രമണം. ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 55 പേർ കൊല്ലപ്പെടുകയും 192 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ മുഴുവൻ പുറന്തള്ളുകയെന്ന ലക്ഷ്യത്തോടെയാണ് ഇസ്രായേലിന്‍റെ തുടർച്ചയായ ആക്രമണങ്ങൾ. അതേസമയം ഹമാസ് ചെറുത്തുനിൽപ്പിൽ രണ്ട് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ സ്ഥിരീകരിച്ചു.
വടക്കൻ ഗസ്സ അക്ഷരാർഥത്തിൽ കുഞ്ഞുങ്ങളുടെ ശ്മശാന ഭൂമിയായി മാറിയെന്ന് 'യുനിസെഫ്' വ്യക്തമാക്കി. അന്തർദേശീയ സമൂഹം നിസ്സംഗത തുടർന്നാൽ ആയിരക്കണക്കിന് കുഞ്ഞുങ്ങൾ കൂടി മരിച്ചു വീഴുമെന്നും യുനിസെഫ് അറിയിച്ചു.
തുടർച്ചയായ ആക്രമണങ്ങൾക്കിടെ ഗസ്സയിൽ കുട്ടികൾക്കുള്ള മൂന്നാംഘട്ട പോളിയോ തുള്ളിമരുന്ന് വിതരണം ആരംഭിച്ചു. ഗസ്സയിലെ ഒരു പോളിയോ വാക്സിനേഷൻ കേന്ദ്രത്തിനു നേരെയും ആക്രമണം ഉണ്ടായി. ഇതിൽ നാല് കുഞ്ഞുങ്ങൾക്ക് പരിക്കേറ്റതായി ലോകാരോഗ്യ സംഘടന അറിയിച്ചു.
വെള്ളിയാഴ്ച്ച തെക്കൻ ഗസ്സയിൽ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസ് നേതാവ് ഇസ്സുദ്ദീൻ കസബ് കൊല്ലപ്പെട്ടതായി ഇസ്രായേൽ അവകാശപ്പെട്ടു. ഗസ്സയിലെ ഹമാസ് പൊളിറ്റ്ബ്യൂറോയിലെ അവസാന അംഗങ്ങളിൽ ഒരാളാണ് ഇസ്സുദ്ദീനെന്ന് ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.
ബെയ്റൂത്ത് ഉൾപ്പെടെ ലബനാൻ പ്രവിശ്യകളിലും ആക്രമണം കടുപ്പിച്ചു. ഇസ്രായേൽ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് നൂറിലേറെ മിസൈലുകൾ അയച്ചതായി ഹിസ്ബുല്ല അറിയിച്ചു. ആക്രമണ സാഹചര്യം മുൻനിർത്തി അതിർത്തി പ്രദേശങ്ങളിലെ കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടാൻ ഇസ്രായേൽ തീരുമാനിച്ചു.
തെക്കൻ ലബനാനിലെ ഗ്രാമങ്ങൾ ബോംബിട്ട് തകർത്ത് പ്രദേശം, ജനവാസമില്ലാത്ത ബഫർ സോൺ ആക്കി മാറ്റാനുള്ള ആസൂത്രിത നീക്കമാണ് ഇസ്രായേൽ തുടരുന്നതെന്ന് വിദഗ്ധരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇസ്രായേലുമായി അതിർത്തി പങ്കിടുന്ന ലബനാന്റെ 6.5 കിലോമീറ്ററിലുള്ള 11 ഗ്രാമങ്ങളെ ലക്ഷ്യമിട്ടാണ് ഇസ്രായേലിന്‍റെ ആക്രമണം. അതിനിടെ, തങ്ങൾക്കെതിരെയുള്ള സൈനിക നടപടിക്ക് ഇസ്രായേലും അമേരിക്കയും കനത്ത തിരിച്ചടി നേരിടുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ മുന്നറിയിപ്പ് നൽകി.