ഗസ്സയെ രണ്ടാക്കി മുറിച്ചു; വടക്കൻ ഗസ്സയെ ഇസ്രായേൽ വളഞ്ഞതായി റിപ്പോർട്ട്
|ഗസ്സ നഗരത്തിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യം എത്രയുണ്ട് എന്നതിൽ വ്യക്തതയില്ലെന്ന് ന്യൂയോർക്ക് ടൈംസ്
തെൽ അവീവ്: കരവഴിയുള്ള ആക്രമണത്തിൽ ഗസ്സ നഗരം ഉള്‍ക്കൊള്ളുന്ന വടക്കൻ ഗസ്സയെ വളഞ്ഞ് ഇസ്രായേൽ സൈന്യം. ഗസ്സയുടെ മധ്യഭാഗത്ത് മുഴുവൻ വിസ്തൃതിയിലും ഇസ്രായേൽ സൈന്യം എത്തിയതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. വാണിജ്യ സാറ്റലൈറ്റ് ദാതാവായ പ്ലാനറ്റ് ലാബ്‌സ് വെള്ളിയാഴ്ച പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രങ്ങൾ ഉദ്ധരിച്ചാണ് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട്.
ഗസ്സ നഗരത്തിന്റെ ദക്ഷിണ ഭാഗത്ത് ചുരുങ്ങിയത് അഞ്ചു സൈനിക വാഹനങ്ങളാണ് എത്തിയിട്ടുള്ളത്. വ്യാഴാഴ്ച രാത്രി തന്നെ വിവിധ ദിശകളിൽ ഗസ്സ നഗരത്തെ ഇസ്രായേൽ വളഞ്ഞതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഗസ്സ മുനമ്പിലെ പ്രധാനപ്പെട്ട തെക്കു-വടക്ക് പാതയായ അൽ റഷീദ് സ്ട്രീറ്റിന് മുന്നൂറ് മീറ്റർ അകലെയാണ് സായുധ വാഹനങ്ങളുള്ളത്.
ഗസ്സ നഗരത്തിൽ എത്രമാത്രം ഇസ്രായേൽ സേനയുടെ സാന്നിധ്യം ഉണ്ട് എന്നതിൽ വ്യക്തതയില്ലെന്ന് ന്യൂയോർക്ക് ടൈംസ് പറയുന്നു. നഗരത്തിന്റെ പ്രാന്തപ്രദേശവും കടന്ന് സൈന്യം മുന്നേറിയതായി വ്യാഴാഴ്ച ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അവകാശപ്പെട്ടിരുന്നു.
വടക്കൻ ഗസ്സയിലെ ബൈത് ഹനൂൻ (എറസ് ക്രോസിങ്) വഴിയാണ് ഇസ്രായേൽ സേനയുടെ ടാങ്കുകൾ ആദ്യം ഗസ്സയിലേക്ക് കടന്നത്. ഉപഗ്രഹ ചിത്രങ്ങൾ പ്രകാരം ഇവിടെ പത്തോളം സ്ഥലങ്ങളിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യമുണ്ട്. ജോഹർ അൽ ദീക് വഴിയാണ് രണ്ടാമത്തെ കടന്നുകയറ്റം. ഇസ്രായേൽ അതിർത്തിയിൽനിന്ന് മെഡിറ്ററേനിയൻ കടൽ വരെയുള്ള വിസ്തൃതിയിൽ ഇസ്രായേൽ സേനയുടെ സാന്നിധ്യം ഉണ്ട് എന്നാണ് ഉപഗ്രഹവിവരങ്ങൾ പറയുന്നത്.
ഗസ്സ നഗരം ഉള്‍പ്പെടെ ഏകദേശം 20 കിലോമീറ്റർ മാത്രമാണ് വടക്കൻ ഗസ്സയുടെ വിസ്തൃതി. എറക് ക്രോസിങ് മാത്രമാണ് ഇവിടെ നിന്ന് പുറത്തേക്കുള്ള വഴി. ഗസ്സ മുനമ്പിലെ ഏറ്റവും വലിയ അഭയാർത്ഥി ക്യാമ്പായ ജബാലിയ സ്ഥിതി ചെയ്യുന്നത് ഇവിടെയാണ്. ബൈത് ലാഹിയ, ബൈത് ഹാനൂൻ, ജബാലിയ ക്യാംപ്, മദീനത്തൽ അവ്ദ, ജബാലിയ അൽ ബലദ് എന്നീ പ്രാന്തപ്രദേശങ്ങളിലായി പത്തു ലക്ഷത്തിലേറെ പേർ താമസിക്കുന്നുണ്ടെന്നാണ് കണക്ക്. ആക്രമണം രൂക്ഷമായതിന് പിന്നാലെ നിരവധി പേര്‍ ഇവിടെ നിന്ന് തെക്കുഭാഗത്തേക്ക് ഒഴിഞ്ഞു പോയിരുന്നു. നാലര ലക്ഷത്തോളം പേര്‍ ഇപ്പോഴും വടക്കു ഭാഗത്തുണ്ട് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.