World
Israels Iron Dome malfunctions and sends missiles into Tel Aviv, Israel attack on Gaza, Israel-Palestine war 2023

അയേണ്‍ ഡോം തകര്‍ന്ന് മിസൈലുകള്‍ തെല്‍അവീവില്‍ പതിക്കുന്ന ദൃശ്യങ്ങള്‍

World

ഹമാസ് റോക്കറ്റ് വർഷത്തിൽ അയേൺ ഡോം തകർന്നു; മിസൈൽ ലക്ഷ്യംതെറ്റി തെൽഅവീവിൽ പതിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Web Desk
|
6 Nov 2023 2:44 PM GMT

അയേൺ ഡോമിലെ മിസൈൽവേധ മിസൈലുകളാണ് ഇസ്രായേൽ ജനവാസകേന്ദ്രത്തിൽ തന്നെ വീണത്

തെൽഅവീവ്: ഇസ്രായേലിന്റെ മിസൈൽ പ്രതിരോധ സംവിധാനമായ 'അയേൺ ഡോം' ഹമാസിന്റെ റോക്കറ്റ് വർഷത്തിൽ തകര്‍ന്നതായി റിപ്പോർട്ട്. ഗസ്സയിൽനിന്നുള്ള റോക്കറ്റുകളെ നിർവീര്യമാക്കുന്നതിനു പകരം ലക്ഷ്യംതെറ്റി തെൽഅവീവിലെ ജനവാസകേന്ദ്രങ്ങളിലേക്കു തന്നെ മിസൈലുകൾ പതിച്ചെന്ന് 'അൽജസീറ' റിപ്പോർട്ട് ചെയ്തു. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളെ ലക്ഷ്യമിട്ട് എത്തുന്ന റോക്കറ്റുകളും മധ്യദൂര മിസൈലുകളും തകർക്കാൻ ശേഷിയുള്ളതാണ് അയേൺ ഡോം. ഇസ്രായേലിന്റെ വിവിധ ഭാഗങ്ങളിലായി ഇത്തരത്തിൽ പത്ത് അയേൺ ഡോം ബാറ്ററികളുണ്ടെന്നാണ് റിപ്പോർട്ട്. 43 മൈൽ വരെ ദൂരത്തുനിന്നു തൊടുത്തുവിടുന്ന മിസൈലുകള്‍ തകർക്കാൻ ഇതിനു ശേഷിയുണ്ട്.

എന്നാൽ, ഒക്ടോബർ ഏഴുമുതൽ തുടര്‍ച്ചയായുള്ള ഹമാസ് റോക്കറ്റ് ആക്രമണത്തില്‍ തെൽഅവീവിലുള്ള അയേൺ ഡോം പ്രവർത്തനരഹിതമായതായാണു പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. അയേൺ ഡോം ആകാശത്ത് പൊട്ടിച്ചിതറുകയും അകത്തുള്ള മിസൈൽവേധ മിസൈലുകൾ ജനവാസകേന്ദ്രങ്ങളിൽ പതിക്കുകയുമായിരുന്നുവെന്ന് 'മിഡിലീസ്റ്റ് മോണിറ്റർ' റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല.

ഞായറാഴ്ചയാണു സംഭവമെന്നാണു വിവരം. റോക്കറ്റ് ആക്രമണത്തിൽ തകർന്ന ശേഷം ദക്ഷിണ തെൽഅവീവിലെ റിഷോൻ ലെസിയോണിലെ ജനവാസകേന്ദ്രത്തിലാണു പതിച്ചത്. ജനവാസ കേന്ദ്രങ്ങളിൽ റോക്കറ്റ് പതിച്ചത് ഇസ്രായേൽ ആർമി റേഡിയോയും ഇസ്രായേൽ പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇസ്രായേൽ മാധ്യമം 'യെദിയോത്ത് ഹരനോത്തും' ഇക്കാര്യം റിപ്പോർട്ട് ചെയ്തു.

ഗസ്സയിലെ സാധാരണക്കാർക്കെതിരെ നടക്കുന്ന കൂട്ടക്കുരുതിക്കു തിരിച്ചടിയായാണ് തെൽഅവീവിലേക്ക് റോക്കറ്റ് വർഷിച്ചതെന്ന് ഖസ്സാം ബ്രിഗേഡ് അവകാശപ്പെട്ടു. ദക്ഷിണ ലബനാനിൽനിന്നുള്ള മിസൈൽ വടക്കൻ ഇസ്രായേലിലെ ജനവാസമേഖലയായ കിർയത്ത് ഷമോനയിലും പതിച്ചു. ദക്ഷിണ ലബനാൻ നഗരമായ അയ്‌നാത്തയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിനു തിരിച്ചടിയായാണ് ആക്രമണമെന്ന് ഹിസ്ബുല്ല പ്രതികരിച്ചു.

Summary: Israel's Iron Dome malfunctions, sending missiles into Tel Aviv

Similar Posts