നെതന്യാഹുവിനെ ഹിറ്റ്ലറുടെ അന്ത്യം ഓർമിപ്പിച്ച് തുർക്കി
|‘വംശഹത്യ നടത്തിയ നാസികളുടെതിന് സമാനമാകും, ഫലസ്തീനികളെ കൊന്നൊടുക്കുന്നവരുടെ അവസ്ഥ’
അങ്കാറ: വംശഹത്യക്കാരനായ ഹിറ്റ്‌ലറുടെ അന്ത്യം ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ ഓർമിപ്പിച്ച് തുർക്കി. വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഗസയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിനെതിരെ നെതന്യാഹുവിനെ കടന്നാക്രമിച്ചത്.
ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന് തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് ഉർദുഗാൻ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ഉർദുഗാനെ സദ്ദാം ഹുസൈനുമായി താരതമ്യം ചെയ്ത ഇസ്രായേൽ വിദേശകാര്യമന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിലെഴുതിയിരുന്നു.
ഇതിനു മറുപടിയെന്നോണമാണ് ജൂതവംശഹത്യ നടത്തിയ ജർമൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്ലറുടെ അന്ത്യം നെതന്യാഹുവിനെ തുർക്കി ഓർമിപ്പിച്ചത്. ഫാസിസ്റ്റ് ഭീകരതയുടെ ഏറ്റവും ക്രൂരമായ മുഖമായിരുന്ന ഹിറ്റ്ലർ ഒടുവിൽ ഒടുവിൽ ആത്മഹത്യ ചെയ്യുകയായിരുന്നു.
വംശഹത്യ നടത്തിയ നാസികളുടെതിന് സമാനമാകും, ഫലസ്തീനികളെ കൊന്നൊടുക്കുന്നവരുടെ അവസ്ഥ. മനുഷ്യത്വം എന്നും ഫലസ്തീനികൾക്കൊപ്പം നിൽക്കും, നിങ്ങൾക്കൊരിക്കലും ഫലസ്തീനികളെ നശിപ്പിക്കാനും അതിജയിക്കാനും കഴിയില്ലെന്നും തുർക്കി പറഞ്ഞു.
നേരത്തെ ഫലസ്തീനിൽ അക്രമം തുടരുന്നത് കണ്ടുനിൽക്കാനാകില്ലെന്നും ഇസ്രായേലിൽ കയറി ഇടപെടുമെന്ന മുന്നറിയിപ്പ് നൽകിയ ഉർദുഗാൻ ഇസ്രായേലിനെ കടന്നാക്രമിക്കുകയും ചെയ്തു. ലിബിയയിലും, നഗോർണോ-കറാബാക്കിലും ഇടപെട്ടചരിത്രം ഇസ്രായേലിലും ആവർത്തിക്കേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഏതുതരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടാവുക എന്ന് ഉർദുഗാൻ വ്യക്തമാക്കിയിട്ടില്ല.
ഗസയിൽ ഇസ്രായേൽ തുടരുന്ന ഭീകരാക്രമണത്തെ രൂക്ഷമായാണ് ഉർദുഗാൻ വിമർശിച്ചത്. തുർക്കിയുടെ പ്രതിരോധമേഖലയെ പ്രശംസിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് ഉർദുഗാൻ ഇസ്രായേലിന് മുന്നറിയിപ്പ് നൽകിയത്.
‘ഫലസ്തീനോട് ചെയ്യുന്ന അതിക്രമങ്ങൾ ഇസ്രായേൽ ഇനി ആവർത്തിക്കാതിരിക്കാൻ നമ്മൾ ശക്തരായിരിക്കണം. കറാബാക്കിലും ലിബിയയിലും നമ്മൾ ഇടപെട്ടത് പോലെ ഇസ്രായേലിലും ഇടപെടേണ്ടിവരും. നമ്മൾക്ക് അതുചെയ്യാതിരിക്കാൻ ഒരു കാരണവുമില്ല’ ഭരണകക്ഷിയായ എ.കെ പാർട്ടി യോഗത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു പരാമർശം.
ഗസയിലെ കൂട്ടക്കൊലകളുടെ മുഖ്യശില്പിയായ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ആതിഥേയത്വമൊരുക്കിയ യു.എസിനെതിരെ രൂക്ഷവിമർശനവുമായി ഉർദുഗാൻ രംഗത്തെത്തി.40,000 നിരപരാധികളുടെ കൊലയാളിക്കാണ് അവർ പരവതാനി വിരിച്ചതെന്നും അദ്ദേഹം വിമർശിച്ചു.