പിറക്കാനിരുന്ന അതിഥിക്കും മകനുമൊപ്പം അന്ത്യയാത്ര; ഇസ്രായേൽ കുരുതിയിൽ ജീവന് പൊലിഞ്ഞവരില്‍ ഗർഭിണിയായ മാധ്യമപ്രവർത്തകയും
|ഒന്നാം ഇൻതിഫാദയ്ക്കിടയിലാണ് സാമിയ സഅദിന്റെ ഒരു സഹോദരൻ കൊല്ലപ്പെടുന്നത്. ഭർത്താവ് 2009ൽ ഇസ്രായേലി ഉപരോധത്തിനിടയിലും മരണത്തിനു കീഴടങ്ങി. ഇപ്പോഴിതാ ഗര്‍ഭിണിയായ സ്വന്തം മകളും പേരമകനും ഇസ്രായേലിന്റെ ക്രൂരതയ്ക്കിരയായി അവസാനയാത്ര പോയിരിക്കുന്നു
ഇത്തവണ ഇരട്ടി സന്തോഷത്തോടെയായിരുന്നു 30കാരിയായ ഫലസ്ഥീൻ മാധ്യമ പ്രവർത്തക റീമ സഅദ് വിശുദ്ധ മാസമായ റമദാനെ വരവേറ്റത്. മൂന്നാമത്തെ സന്തതിക്കായുള്ള കാത്തിരിപ്പിലായിരുന്നു അവര്‍.
പുതിയ അതിഥിയെ കാത്ത്
ആദ്യ മകൻ സൈദ് ഒരു കളിക്കൂട്ടുകാരനെയായിരുന്നു കാത്തിരുന്നത്. അവനുവേണ്ടി ഒരു പേരും ഉറപ്പിച്ചുവച്ചിരുന്നു; സൈൻ. എന്നാൽ, ഇളയവൾ മറിയം അതൊരു കുഞ്ഞിപ്പെങ്ങളായിരിക്കുമെന്ന ഉറപ്പിലായിരുന്നു. ഉമ്മയുടെ വയറ്റിൽ കിടക്കുന്നത് ആൺകുട്ടിയാണെന്ന് പറഞ്ഞ് അവളെ കളിപ്പിക്കാൻ നോക്കും. അപ്പോഴെല്ലാം മറിയം കരയുമെന്ന് റീമയുടെ സഹോദരി സമർ സഅദ് പറയുന്നു. ദിവസങ്ങൾക്ക് മുൻപ് ഗസ്സയിൽ ഇസ്രായേൽ ആരംഭിച്ച നരനായാട്ടിനിടയിലും കുടുംബത്തിലേക്ക് പുതിയൊരു അതിഥി വരുന്ന സന്തോഷത്തിലായിരുന്നു എല്ലാവരും പെരുന്നാളിനായി കാത്തിരുന്നത്.
പെരുന്നാളിനു തൊട്ടുതലേദിവസം രാത്രി. ഏതു സമയവും ഇസ്രായേൽ മിസൈലുകൾ പതിക്കാമെന്ന തിരിച്ചറിവോടെത്തന്നെയാണ് ഗസ്സ നഗരത്തിനടുത്തുള്ള തൽഅൽഹവാ പ്രദേശം ഉറങ്ങാൻ പോയത്. സന്തോഷവും ആധിയും നിറഞ്ഞ മനസോടെയാണ് റീമയും മക്കളെക്കൂട്ടി കിടന്നുറങ്ങിയത്. എന്നാൽ, അന്ന് അർധരാത്രി ഇസ്രായേൽ സൈന്യം ലക്ഷ്യമിട്ടത് തൽ അൽഹവയെയായിരുന്നു. ആക്രമണത്തിൽ റീമയുടെ വീടും തകർന്നു. റീമയും നാലു വയസുകാരൻ സൈദും തൽക്ഷണം മരിച്ചു; കൂടെ നാലു മാസം പ്രായമായ ഗർഭസ്ഥശിശുവും.
30കാരനായ ഭർത്താവ് മുഹമ്മദ് അൽതൽബാനി ഗുരുതര പരിക്കുകളോടെ അൽശിഫ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുകയാണ്. രണ്ടു വയസുകാരി മറിയമിനെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. അവൾ അവശിഷ്ടങ്ങൾക്കിടയിൽ കിടന്ന് ജീവനുവേണ്ടി പിടയുന്നുണ്ടാകുമോ? വീട്ടിൽ വരാനിരിക്കുന്ന പൊന്നനുജത്തിയെ കാത്തുകാത്തിരിക്കുന്നുണ്ടാകുമോ?
"വീട്ടിലേക്ക് വരാൻ പറഞ്ഞത് കേട്ടില്ല; അവിടെ എല്ലാം ഓക്കെയാണെന്ന് പറഞ്ഞൊഴിഞ്ഞവള്"
നഗരത്തിൽനിന്ന് മാറിയുള്ള പ്രദേശത്താണ് റീമയുടെ സ്വന്തം വീടുള്ളത്. ആക്രമണം നടന്ന ദിവസം വീട്ടിലേക്കു വരാൻ അവളോട് പറഞ്ഞതാണെന്ന് റീമയുടെ മാതാവ് സാമിയ സഅദ് പറയുന്നു. എന്നാൽ, നമ്മുടെ സ്ഥലത്തൊന്നും ആക്രമണമുണ്ടാകില്ല, പേടിക്കേണ്ടെന്നു പറഞ്ഞ് അവൾ അവിടത്തന്നെ തങ്ങുകയായിരുന്നു. രാത്രി വീഡിയോ കോൾ ചെയ്ത് മക്കളുമായി സംസാരിച്ചു. സാധാരണ കിടക്കുന്ന മുറിയിൽനിന്ന് മാറി അവർ അന്ന് ഉപ്പയ്ക്കും ഉമ്മയ്ക്കുമൊപ്പമാണ് കിടക്കുന്നതെന്നും പറഞ്ഞു. അവരും ഭയചകിതരായിരുന്നുവെന്ന് സാമിയ പറഞ്ഞു.
റീമ താമസിക്കുന്ന അൽയസ്ജി ബാക്കറിക്കടുത്ത കെട്ടിടത്തിനു നേരെ വ്യോമാക്രമണമുണ്ടായെന്ന വാർത്ത കേട്ട് മകനാണ് തന്നെ വിളിച്ചുണർത്തിയതെന്ന് സാമിയ പറയുന്നു. ഉടൻ റീമയെ വിളിച്ചെങ്കിലും മറുപടി ലഭിച്ചില്ല. നിരന്തരം വിളിച്ചുനോക്കുകയും മെസേജ് അയക്കുകയും ചെയ്തെങ്കിലും ഒരുവിധ പ്രതികരണവുമുണ്ടായില്ല. തുടർന്ന് മകനെക്കൂട്ടി അവിടെച്ചെന്നപ്പോഴാണ് എല്ലാവരും ആശുപത്രിയിലാണെന്ന വിവരം ലഭിച്ചത്. അവിടേക്ക് ഓടിച്ചെന്നുനോക്കിയപ്പോഴാണ് മകളും പേരക്കുട്ടിയും അവസാനയാത്ര പറയാൻ കാത്തുനിൽക്കാതെ മടങ്ങിയവിവരം അറിയുന്നതെന്ന് സാമിയ വിതുമ്പലടക്കാനാകാതെ പറഞ്ഞുമുഴുമിപ്പിച്ചു.
രക്തസാക്ഷികളുടെ കുടുംബം
ഇസ്രായേലിന്റെ മനുഷ്യക്കുരുതിയിൽ ഇതാദ്യമായല്ല സാമിയയുടെ ഉറ്റവരെ നഷ്ടപ്പെടുന്നത്. ഓരോ തവണ ഇസ്രായേൽ ആക്രമണമുണ്ടാകുമ്പോഴും പ്രിയപ്പെട്ട ആരെങ്കിലും അവർക്ക് നഷ്ടപ്പെട്ടിട്ടുണ്ട്.
ഒന്നാം ഇൻതിഫാദയ്ക്കിടയിലാണ് സാമിയയുടെ ഒരു സഹോദരൻ കൊല്ലപ്പെടുന്നത്. ഭർത്താവ് 2009ൽ ഇസ്രായേലി ഉപരോധത്തെത്തുടർന്ന് മരുന്നു ലഭിക്കാതെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ഇപ്പോഴിതാ സ്വന്തം മകളും പേരമകനും ഇസ്രായേലിന്റെ ക്രൂരതയ്ക്കിരയായി ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. പേരമകളെ കാണാനുമില്ല. മരുമകന് ആശുപത്രിക്കിടക്കയില്‍ ജീവനുവേണ്ടി മല്ലിടുകയും ചെയ്യുന്നു.