ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം കടുപ്പിച്ച് ഹിസ്ബുല്ല; തെൽ അവീവിൽ അടിയന്തരാവസ്ഥ
|വടക്കൻ ഗസ്സയിലെ ജബാലിയയിലും ലബനാനിലെ ബെയ്റൂത്തിലും ഇന്നും ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി
തെല്‍ അവിവ്: ഇസ്രായേലിന് നേരെ റോക്കറ്റാക്രമണം കടുപ്പിച്ച് ഹിസ്ബുല്ല. ഇസ്രായേലിലെ തെൽ അവീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെൽ അവീവിലെ ഇന്‍റലിജൻസ് ആസ്ഥാനവും ഹൈഫയിലെ സൈനിക കേന്ദ്രവും ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു. വടക്കൻ ഗസ്സയിലെ ജബാലിയയിലും ലബനാനിലെ ബെയ്റൂത്തിലും ഇന്നും ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തി.
വടക്കൻ ഗസ്സയിലെ ഉപരോധവും ലബനാനിനും ഗസ്സയ്ക്കും നേരെയുള്ള ആക്രമണവും അയവില്ലാതെ തുടരുന്ന പശ്ചാത്തലത്തിലാണ് ഹിസ്ബുല്ല പ്രത്യാക്രമണം കടുപ്പിച്ചത്. ആദ്യമായി മീഡിയം റേഞ്ച് മിസൈലുകളുപയോഗിച്ച ഹിസ്ബുല്ല ഇന്ന് തെൽ അവീവിനും ഹൈഫക്കും നേരെ കനത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. വടക്കൻ ഇസ്രായേലിനു പുറമെ സെൻട്രൽ ഇസ്രായേലിലേക്കും വൻ റോക്കറ്റാക്രമണം നടത്തി . ഹൈഫയക്കടുത്ത് സ്റ്റെല്ല ല്ലമാരിസ് നേവൽ ബേസിനു നേരെയായിരുന്നു ആക്രമണം. ബെഞ്ചമിന്‍ നെതന്യാഹു വസതി സ്ഥിതിചെയ്യുന്ന സേസറിയ യിലും ഹിസ്ബുല്ലയുടെ മിസൈൽ വീണു .
തെൽ അവീവിലെ ഗിലിലോത്ത് മിലിറ്ററി ബേസിനോട് ചേർന്ന ഇന്‍റലിജൻസ് ഓഫീസും ഹിസ്ബുല്ല ആക്രമിച്ചു. തെൽ അവീവിലെ നിരിത്ത് പ്രദേശത്ത് ബോംബാക്രമണം നടത്തിയതായിരുന്നു ഹിസ്ബുല്ല ഇന്ന് പ്രത്യാക്രമണം തുടങ്ങിയത്. ഇതോടെ ഇസ്രായേൽ സൈന്യം തെൽ അവീവിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബെൻ ഗുരിയൻ വിമാനത്താവളത്തിന്‍റെ പ്രവർത്തനം നിലച്ചു . രാജ്യത്തെങ്ങും മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങുകയാണ് .
വടക്കൻ ഗസ്സയിലെ ഇസ്രായേൽ സൈനിക ഉപരോധത്തെ തുടർന്ന് ഇതിനകം 650 പേർ മരിച്ചു. ബൈത് ലാഹിയയിൽ ഡ്രോണാക്രമണം നടത്തി ഇന്ന് 15 പേരെ സൈന്യം കൊലപ്പെടുത്തി. പ്രദേശത്തേക്ക് ഇന്നും രക്ഷാപ്രവർത്തകരെ കടത്തിവിടുന്നില്ല. മേഖലയിലേക്കുള്ള യുഎൻ സഹായവും തടഞ്ഞുവെച്ചിരിക്കുകയാണ്. ജബാലിയയിലെ സ്കൂളിന് നേരെയുള്ള ഇസ്രായേൽ ആക്രമണത്തിൽ 10 പേർ മരിച്ചു. ലബനാനിലെ റഫീഖ് ഹരീരി യൂണിവേഴ്സിറ്റി ആശുപത്രിക്കടുത്ത് ഇസ്രായേൽ ബോംബാക്രമണത്തിൽ 4 പേർ മരിച്ചു . 32 പേർക്ക് പരിക്കേറ്റു.