സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് നല്ലതിനല്ല: യു.എസ് പ്രതിരോധ സെക്രട്ടറി
|ലോകത്തിലെ ഏറ്റവും മികച്ച ആയുധ സംവിധാനങ്ങൾ അമേരിക്കയിലുണ്ടെന്നാണ് ഓസ്റ്റിന്റെ അവകാശ വാദം
ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ. സൈനിക ഉപകരണങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് നല്ലതിനല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ സ്വതന്ത്രമായ നിലപാട് സ്വീകരിക്കാൻ തീരുമാനിച്ചതിനെ വിമർശിച്ച കോൺഗ്രസിലെ ജോ വിൽസന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രതിരോധ സെക്രട്ടറി. റഷ്യയുമായുള്ള ഇന്ത്യൻ ബന്ധത്തിൽ ഇതോടെ അതൃപ്തി അറിയിച്ചിരിക്കുകയാണ് അമേരിക്ക.
ലോകത്തിലെ ഏറ്റവും മികച്ച ആയുധ സംവിധാനങ്ങൾ അമേരിക്കയിലുണ്ടെന്നാണ് ഓസ്റ്റിന്റെ അവകാശ വാദം. റഷ്യയിൽ നിന്നും സൈനിക ഉപകരണങ്ങൾ വാങ്ങുന്നത് കുറയ്ക്കണമെന്ന നിലുപാടു തന്നെയാണ് അമേരിക്കയ്ക്കുള്ളത്. ഇതു സംബന്ധിച്ച് അമേരിക്ക ഇന്ത്യയുമായി ചർച്ച നടത്തുമെന്നാണ് കരുതുന്നത്. 'ഇന്ത്യയുമായി മികച്ച ബന്ധം പുലർത്താൻ തന്നെയാണ് ഞാൻ ആഗ്രഹിക്കുന്നത്, ആയുധ വിൽപ്പനയിലെ ചില നിയന്ത്രണങ്ങൾ ഒഴിവാക്കിയാൽ ഇന്ത്യയ്ക്ക് എത്ര മികച്ച സഖ്യകക്ഷിയാവാൻ സാധിക്കും, യു.എസ് പ്രതിരോധ സെക്രട്ടറി പറഞ്ഞു.
അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾ റഷ്യയിൽ നിന്നും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നു. ഇതേ തുടർന്ന് റഷ്യക്കെതിരായ ഉപരോധങ്ങൾ പാലിക്കാത്ത ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ വിമർശിച്ച് അമേരിക്ക രംഗത്ത് വന്നു. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കിയാണ് കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. വാഷിംഗ്ടൺ റഷ്യക്കെതിരെ പ്രഖ്യാപിച്ച ഉപരോധം ലോകമെമ്പാടുമുള്ള എല്ലാ രാജ്യങ്ങളും പാലിക്കണമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി സാകി പറഞ്ഞു.
റഷ്യയിൽ നിന്നും എണ്ണയുടേയും മറ്റ് വസ്തുക്കളുടേയും ഇറക്കുമതി ത്വരിതപ്പെടുത്തുകയോ വർദ്ധിപ്പിക്കുകയോ ചെയ്യുന്നത് ഇന്ത്യയുടെ താൽപ്പര്യമാണെന്ന് അമേരിക്ക വിശ്വസിക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ സാക്കി പറഞ്ഞു. റഷ്യയിൽ നിന്നും ഇന്ത്യയുടെ എണ്ണ ഇറക്കുമതി രാജ്യത്തിന്റെ മൊത്തം ആവശ്യത്തിന്റെ 12% മാത്രമാണെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.