World
protest at israel
World

‘രണ്ട് മാസം വെടിനിർത്താം’; ബന്ദിമോചനത്തിന് പുതിയ നിർദേശങ്ങളുമായി ഇസ്രായേലെന്ന് റിപ്പോർട്ട്

Web Desk
|
23 Jan 2024 1:51 PM GMT

പൂർണ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇ​പ്പോഴും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല

ഹമാസിന്റെ കൈവശമുള്ള 136 ബന്ദികളെ മോചിപ്പിക്കാൻ രണ്ട് മാസം വെടിനിർത്താമെന്ന നിർദേശം ഇസ്രായേൽ മുന്നോട്ടുവെച്ചതായി റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിലൂടെയാണ് ഹമാസിന് മുന്നിൽ നിർദേശം സമർപ്പിച്ചത്.

ഇതാദ്യമായാണ് ഇത്രയും ദിവസത്തെ വെടിനിർത്തലിന് ഇസ്രായേൽ സന്നദ്ധ അറിയിക്കുന്നതെന്ന് ഇസ്രായേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ ആക്സിയോസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, പൂർണമായ വെടിനിർത്തലെന്ന ഹമാസിന്റെ ആവശ്യം ഇ​പ്പോഴും ഇസ്രായേൽ അംഗീകരിച്ചിട്ടില്ല.

അമേരിക്കയുടെ സഹായത്തോടെ പുതിയ കരാർ തയാറാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേലെന്ന് കഴിഞ്ഞദിവസം യു.എസ്, ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബന്ദികളെ മോചിപ്പിക്കാൻ സാധിക്കാത്തതിനെതിരെ ഇസ്രായേലി​ൽ സർക്കാറിനെതിരെ നടക്കുന്ന വ്യാപക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നിർദേശം വരുന്നത്.

വൈറ്റ് ഹൗസിന്റെ മിഡിൽ ഈസ്റ്റ് കോഓഡി​നേറ്റർ ബ്രെറ്റ് മക്ഗുർക്ക് വിഷയം ചർച്ച ചെയ്യാൻ ഈജിപ്തിലുണ്ട്. കൂടാതെ ഖത്തറുമായും ഇദ്ദേഹം ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് വിവരം.

മൂന്നോ നാലോ ഘട്ടമായിട്ട് ബന്ദികളെ മോചിപ്പിക്കണമെന്നാണ് പുതിയ നിർദേശത്തിലുള്ളത്. സ്ത്രീകളെയും 60 വയസ്സിന് മുകളിലുള്ളവരെയും ആദ്യഘട്ടത്തിൽ മോചിപ്പിക്കണമെന്നാണ് നിർദേശം. രണ്ടാം ഘട്ടത്തിൽ വനിത സൈനികരും പുരുഷൻമാരുമാണുള്ളത്. മൂന്നാം ഘട്ടത്തിൽ പുരുഷ സൈനികരെയും മൃതദേഹങ്ങളുമാണ് കൈ​മാറേണ്ടത്.

ഇതോടൊപ്പം ഫലസ്തീനികളെ അവരുടെ സ്വന്തം നാട്ടി​ലേക്ക് മടങ്ങാൻ അനുവദിക്കുന്നതിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽനിന്ന് ഇസ്രായേലി സൈനികരെ പിൻവലിക്കാമെന്നും നിർദേശത്തിലുണ്ട്. അതേസമയം, യുദ്ധം പൂർണമായും അവസാനിപ്പിക്കാനും 6000 ഫലസ്തീൻ തടുവകാരെ മോചിപ്പിക്കാനും ഇസ്രായേൽ സന്നദ്ധമല്ല. പുതിയ നിർദേശത്തോടുള്ള ഹമാസിന്റെ പ്രതികരണത്തിനായി ഇസ്രായേൽ കാത്തിരിക്കുകയാണ്.

ബന്ദികളുടെ കുടുംബങ്ങളുമായി തിങ്കളാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ റിപ്പോർട്ട് പുറത്തുവരുന്നത്.

അതേസമയം, ബന്ദികളെ മോചിപ്പിക്കാനും യുദ്ധം അവസാനിപ്പിക്കാനുമായി ഹമാസ് മുന്നോട്ടുവെച്ച കരാർ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു കഴിഞ്ഞദിവസം തള്ളിയിരുന്നു. ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ സൈന്യത്തെ പിൻവലിക്കുക, തടവിലുള്ള ഫലസ്തീനികളെ മോചിപ്പിക്കുക, ഗസ്സയിലെ ഹമാസ് ഭരണകൂടത്തെ അംഗീകരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് ഹമാസ് മുന്നോട്ടുവെച്ചത്. എന്നാൽ, ഹമാസിന്‍റെ കരാർ അംഗീകരിക്കുന്നത് ഇസ്രായേൽ സൈന്യത്തിന്‍റെ ശ്രമങ്ങളെ പാഴാക്കുന്നതാണെന്നാണ് നെതന്യാഹുവിന്റെ നിലപാട്.

Summary : Israel reportedly offers two-month ceasefire to free 136 hostages held by Hamas

Related Tags :
Similar Posts