ഇറ്റലിയില്‍ പാർലമെന്‍റ് സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടി വനിതാ എംപി; കയ്യടിച്ച് സഭാംഗങ്ങൾ
|ഗിൽഡ സ്‌പോർട്ടിയല്ലോയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്
റോം: പാർലമെന്റ് സമ്മേളനത്തിനിടെ കുഞ്ഞിന് മുലയൂട്ടി ഇറ്റലിയിലെ ഒരു വനിതാ എംപി. പ്രതിപക്ഷ മുന്നണിയായ 5 സ്റ്റാർ മൂവ്‌മെന്റ് അംഗം ഗിൽഡ സ്‌പോർട്ടിയല്ലോയാണ് പാർലമെന്റിൽ ആദ്യമായി മുലയൂട്ടുന്ന വനിതാ അംഗമായി ചരിത്രത്തിൽ ഇടംപിടിച്ചത്. സഭയിൽ നടന്ന ഒരു പൊതുഭരണ വോട്ടെടുപ്പിനിടെ മറ്റു സഭാംഗങ്ങളുടെ സാന്നിധ്യത്തിലാണ് തന്റെ രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഗിൽഡ പാലൂട്ടിയത്.
സഭപിരിയുന്നതിന് മുൻപ് സഭാംഗങ്ങളും പാർലമെന്റ് വൈസ് പ്രസിഡന്റ് ജോർജിയോ മ്യൂളും ഗിൽഡ സ്‌പോർട്ടിയല്ലോയുടെ പ്രവൃത്തിയെ കയ്യടിച്ചു പ്രശംസിച്ചു. തുടർന്ന് നിരവധിപേരാണ് ഗിൽഡയുടെ പ്രവൃത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ നവംബറിലാണ് ഇറ്റാലിയൻ പാർലമെന്റിൽ സ്ത്രീകൾക്ക് കുഞ്ഞുങ്ങളെ മുലയൂട്ടാൻ അനുവദിക്കുന്ന നിയമം പാസായത്. നിയമത്തിനായി പോരാടിയതിൽ മുന്നിൽ നിന്ന വ്യക്തിയായിരുന്നു ഗിൽഡ സ്‌പോർട്ടിയല്ലോ. കുഞ്ഞുങ്ങളുമായി പാർലമെന്റിൽ പ്രവേശിക്കാനും ഒരു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്ക് പാലൂട്ടാനും നിയമം അനുവദിക്കുന്നു.
ജോലി ആവശ്യാർഥം കുഞ്ഞുങ്ങളുടെ പാലുകുടി നേരത്തെ അവസാനിപ്പിക്കുന്ന നിരവധി സ്ത്രീകൾ സമൂഹത്തിലുണ്ടെന്നും എല്ലാ ജോലിസ്ഥലങ്ങളിലും സ്ത്രീകൾക്ക് ഇത്തരം സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും ഗിൽഡ സ്‌പോർട്ടിയല്ലോ പ്രതികരിച്ചു.
ഇറ്റലിയിലെ ജനപ്രതിനിധികളുടെ കണക്കെടുത്താല്‍ മൂന്നില്‍ രണ്ടുപേരും പുരുഷൻമാരാണ്. അതുകൊണ്ട് തന്നെ ഇറ്റലിയിലെ സ്ത്രീകളുടെ പുരോഗമനത്തെ സൂചിപ്പിക്കുന്നതാണ് ഗിൽഡ സ്‌പോർട്ടിയല്ലോയുടെ പ്രവൃത്തിയെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന പ്രതികരണം