ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ കപ്പലിൽ കയറ്റാൻ വിസമ്മതിച്ച് ഇറ്റാലിയൻ തുറമുഖ തൊഴിലാളികൾ
|ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ പങ്കുപറ്റാനാകില്ലെന്ന് തൊഴിലാളി യൂനിയൻ വാർത്താകുറിപ്പിൽ വ്യക്തമാക്കി
ഇസ്രായേലിലേക്കുള്ള ആയുധങ്ങൾ ചരക്കുകപ്പലിൽ കയറ്റാൻ വിസമ്മതിച്ച് തുറമുഖ തൊഴിലാളികൾ. ഇറ്റലിയിലെ ലിവോർണോ തുറമുഖത്തെ തൊഴിലാളി സംഘടനയായ യൂനിയൻ സിൻഡക്കാലെ ഡി ബേസ്(യുഎസ്ബി) ആണ് ഫലസ്ഥീനിലെ ഇസ്രായേൽ കൂട്ടക്കൊലയിൽ തങ്ങൾക്കു പങ്കുപറ്റാനാകില്ലെന്നു വ്യക്തമാക്കിയിരിക്കുന്നത്.
ഫലസ്ഥീനിൽ ഇസ്രായേൽ നടത്തുന്ന കൂട്ടക്കൊലയിൽ ലിവോർണോ തുറമുഖം കൂട്ടാളിയാകില്ലെന്ന് യുഎസ്ബി പുറത്തിറക്കിയ വാർത്താകുറിപ്പിൽ വ്യക്തമാക്കി. ഫലസ്ഥീൻ ജനതയെ കൊല്ലാനുള്ള ആയുധങ്ങളും സ്‌ഫോടകവസ്തുക്കളുമാണ് കപ്പലിലുണ്ടായിരുന്നത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണങ്ങൾക്കെതിരായ പ്രതിഷേധങ്ങളിൽ തൊഴിലാളികൾ ഭാഗമാകുമെന്നും യൂനിയൻ അറിയിച്ചു.
ഇസ്രായേലി തുറമുഖമായ അഷ്‌ദോദിലേക്കു തിരിക്കുന്ന കപ്പലാണെന്നു വ്യക്തമായതോടെയാണ് ആയുധങ്ങൾ കയറ്റാനാകില്ലെന്ന് തൊഴിലാളികൾ അറിയിച്ചത്. രാജ്യാന്തര ആയുധ നിരീക്ഷണ സംഘമായ ദ വെപൺ വാച്ച് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. ഇസ്രായേൽ സൈന്യം ഗസ്സയിൽ കൂട്ടക്കുരുതി തുടരുന്നതിനിടെയാണ് മനുഷ്യത്വപരമായ തീരുമാനവുമായി ഇറ്റാലിയൻ തൊഴിലാളി യൂനിയൻ വാര്‍ത്താശ്രദ്ധ നേടുന്നത്.