ഇറ്റലിയിൽ തീവ്രവലതുപക്ഷം അധികാരത്തിലേക്ക്; ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകും
|വോട്ടെണ്ണൽ പൂർത്തിയാവും മുൻപേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിച്ചു
റോം: ഇറ്റലിയിൽ മുസോളിനിക്ക് ശേഷം തീവ്ര വലതുപക്ഷ സർക്കാർ അധികാരത്തിലേക്ക്. വലതുപക്ഷ നേതാവ് ജോർജിയ മെലോണി ആദ്യ വനിതാ പ്രധാനമന്ത്രിയാകും. 400 അംഗ പാർലമെന്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 90 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോൾ 26 ശതമാനം വോട്ടിന്റെ ഭൂരിപക്ഷമാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാർട്ടിക്ക് ലഭിച്ചത്. വോട്ടെണ്ണൽ പൂർത്തിയാവും മുൻപേ ഇടതുകക്ഷിയായ ഡെമോക്രാറ്റിക് പാർട്ടി തോൽവി സമ്മതിച്ചു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് തീവ്രവലതുപക്ഷ പാർട്ടി ഇറ്റലിയിൽ അധികാരത്തിലേക്ക് എത്തുന്നത്.
22 മുതൽ 26 ശതമാനം വരെ വോട്ടുകൾ നേടി മെലോണി വിജയിക്കുമെന്നായിരുന്നു പ്രവചനം. ഇതൊരു തുടക്കമാണെന്നും ഫിനിഷിങ് ലൈനല്ല എന്നുമായിരുന്നു എക്‌സിറ്റ് പോൾ ഫലങ്ങളോട് മെലോണി നടത്തിയ പ്രതികരണം.
2012 ലാണ് ബ്രദേഴ്സ് ഓഫ് ഇറ്റലി രൂപീകരിച്ചത്. 2018 ലെ തെരഞ്ഞെടുപ്പിൽ നാല് ശതമാനം വോട്ടുകൾ മാത്രമായിരുന്നു മെലോണിയുടെ പാർട്ടി നേടിയത്. എന്നാൽ പിന്നീട് പ്രതിപക്ഷ നിരയിലെ ശക്തമായ പ്രവർത്തനത്തിലൂടെ പാർട്ടിക്ക് കൂടുതൽ വേരോട്ടമുണ്ടാക്കാൻ ജോർജിയ മെലോണിക്കും അനുനായികൾക്കും സാധിച്ചു.
കുടിയേറ്റക്കാർക്കും മുസ്‍ലിംകൾക്കുമെതിരെ മുഖം തിരിച്ച നേതാവ്
മുസോളിനി സ്ഥാപിച്ച ഫാഷിസ്റ്റ് പാർട്ടിയുമായി ബന്ധപ്പെട്ടാണ് മെലോണി തന്റെ രാഷ്ട്രീയജീവിതം തുടങ്ങിയത്. ഫെമിനിസം, വനിതാ സംവരണം എന്നിവ നിരാകരിക്കുകയും എൽജിബിടി സമൂഹത്തെ പരിഹസിക്കുകയും ചെയ്യുന്ന നേതാവാണ് ജോർജിയ മെലോണി. കുടിയേറ്റക്കാർക്കും മുസ്‍ലിംകൾക്കുമെതിരെ വിദ്വേഷ പ്രചാരണം നടത്തിയിട്ടുമുണ്ട്.
മെലോണിയയുടെ കരിയറും രീതികളും ഇതര രാജ്യങ്ങളിലെ വലതുപക്ഷ നേതാക്കളുടെ രീതികളോട് സാമ്യമുള്ളതാണ്. അസംതൃപ്ത ജനതക്ക് ശക്തമായ വാഗ്ദാനം നൽകി അവസരം കാത്തിരിക്കുന്ന നേതാവ്, തൊഴിലാളി സമൂഹത്തിൽ ജനനം, സത്യസന്ധ്യമായ പ്രതിച്ഛായ, ഇടിമുഴക്കം പോലെയുള്ള പ്രഭാഷണ ശൈലി, പരമ്പരാഗത കുടുംബ പശ്ചാത്തലം തുടങ്ങിയവ ജോർജിയ മെലോണിയുടെ പ്രത്യേകതകളാണ്.
45കാരിയായ മെലോണി ഗാർബെറ്റല്ലയിലാണ് വളർന്നത്. റോമിലെ തൊഴിലാളി കുടുംബങ്ങൾ താമസിക്കുന്ന ഒരിടമാണിത്. പിതാവ് കുടുംബത്തെ ഒഴിവാക്കി പോയതിന് ശേഷം കൗമാരത്തിൽ ഇവർ ഇറ്റാലിയൻ സോഷ്യൽ മൂവ്മെൻറിൽ (എം.എസ്.ഐ) ചേരുകയായിരുന്നു. മുസ്സോളിനിയെ പിന്തുണക്കുന്നവർ ചേർന്ന് 1946ൽ രൂപവത്കരിച്ചതാണ് ഈ സംഘടന. 2021 ൽ 'ഐ ആം ജോർജിയ' എന്ന പേരിൽ മെലോണി ആത്മകഥ എഴുതിയിരുന്നു. ഈ പുസ്തകത്തിൽ എംഎസ്ഐയെ പുതിയ കുടുംബം എന്നാണ് അവർ വിശേഷിപ്പിച്ചത്. തുടർന്ന് വലതു പക്ഷ സംഘടനകളിൽ പ്രവർത്തിച്ചാണ് ഇവർ ഇപ്പോൾ രാഷ്ട്രീയത്തിൽ തിളങ്ങി നിൽക്കുന്നത്.
2006ൽ ഇറ്റാലിയൺ പാർലമെൻറിന്റെ ചേംബർ ഓഫ് ഡെപ്യൂട്ടീസിലേക്ക് മെലോണി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2008ൽ ഇറ്റലിയുടെ ഏറ്റവും യുവമന്ത്രിയായി അവർ മാറി. സിൽവിയോ ബെർലുസ്‌കോണിയുടെ ഗവൺമെൻറിലായിരുന്നു ഈ പദവി. 2012ലാണ് 'ഫ്രാറ്റെല്ലി ദി ഇറ്റാലിയ' പാർട്ടി മെലോണി രൂപവത്കരിച്ചത്. ഇറ്റാലിയൻ ദേശീയ ഗാനത്തിൽ നിന്ന് കടമെടുത്തതായിരുന്നു പാർട്ടിയുടെ പേര്. ഇറ്റാലിയൻ കൊടിയിലുള്ള ത്രിവർണ്ണത്തിൽ നിന്നുള്ള ഒരു ജ്വാലയായാണ് ചിഹ്നം തിരഞ്ഞെടുത്തത്. എം.എസ്.ഐ വഴി കിട്ടിയ ഈ ചിഹ്നം മുസ്സോളിനിയുടെ ശവകുടീരത്തിന് മുകളിലെ ജ്വാലയുടെ പ്രതീകമായാണ് വിലയിരുത്തപ്പെടുന്നത്.