ഒരു ചക്കക്ക് ഒന്നര ലക്ഷം രൂപയോ? അതിശയിപ്പിച്ച ലേലം വിളി- വീഡിയോ
|ലേലത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്
സ്‌കോട്ലൻഡ്: ഒരു ചക്ക ഒന്നരലക്ഷം രൂപകൊടുത്ത് വാങ്ങുമോ? ഈ ചോദ്യത്തിന് ഇല്ല എന്ന് തന്നെയായിരിക്കും മറുപടി. എന്നൽ അങ്ങനെ ഒറ്റയടിക്ക് പറയാൻ വരട്ടെ. ഒരു ചക്ക ഒന്നരലക്ഷം ഇന്ത്യൻ രൂപ കൊടുത്ത് വാങ്ങിയിട്ടുണ്ട്. അതായത് 1400 പൗണ്ട് നൽകി. സംഭവം സ്‌കോട്ലൻഡിലെ എഡിൻബറോയിൽ നടന്ന ഒരു ലേലം വിളിയിലാണ്.
എഡിൻബറോയിലെ സിറോ മലബാർ പള്ളിയിൽ ഒരു ചക്ക ലേലത്തിന് വച്ചപ്പോഴാണ് 1400 പൗണ്ട് കൊടുത്ത് ഏകദേശം 1,40000 ഇന്ത്യൻ രൂപയ്ക്ക് വിളിച്ചെടുത്തത്. എഡിൻബറോ സെന്റ് അൽഫോൻസാ ആൻഡ് അന്തോണി പള്ളിയിലാണ് ലേലം നടന്നത്. ലേലത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ലേലം മുറുകുന്നതും 1400 പൗണ്ടിൽ ഉറപ്പിക്കുന്നതും വീഡിയോയിൽ കാണാം.
പള്ളിയുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ലേലത്തിലൂടെ ലഭിച്ച തുക ചാരിറ്റി പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് പള്ളി ഭാരവാഹികൾ പറയുന്നു.
എന്നാൽ യുകെയിലെ ചക്ക പ്രേമം മുൻപും വാർത്തകളിൽ നിറഞ്ഞിരുന്നു. വലിയ വിലയ്ക്ക് ചക്ക വാങ്ങുന്നത് ഇത് ആദ്യമല്ലെന്ന് ചുരുക്കം. കഴിഞ്ഞ വർഷം ഓപ്പൺ മാർക്കറ്റുകളിൽ 160 പൗണ്ടിന് വരെ വിൽപന നടന്നിട്ടുണ്ടെന്ന് പ്രദേശിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രസീലിൽ നിന്നും ലണ്ടനിൽ വിൽപനയ്‌ക്കെത്തിച്ച ചക്കയെ കുറിച്ചായിരുന്നു അന്നത്തെ വാർത്ത. ബ്രിട്ടനിലെ വിവിധ മലയാളി കടകളിലും ഓപ്പൺ മാർക്കറ്റുകളിലും ചക്കയ്ക്ക് 20 മുതൽ 50 പൗണ്ട് വരെ വിലയുണ്ട്.