ഭാരിച്ച ലഗേജുകൾക്ക് വിട: ഇനി കയ്യും വീശി പറന്നിറങ്ങാം; പുതിയ സൗകര്യവുമായി വിമാനക്കമ്പനി
|യാത്രക്കാര്‍ക്ക് ഒരു മാസം മുൻപെ വസ്ത്രങ്ങള്‍ റിസര്‍വ് ചെയ്യാനും രണ്ടാഴ്ചത്തേക്ക് ഉപയോഗിക്കാന്‍ വാടകയ്ക്ക് എടുക്കാനും സാധിക്കും.
ജപ്പാനിലേക്ക് എത്തുന്ന യാത്രക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും സന്തോഷ വാര്‍ത്ത. യാത്രക്കാര്‍ക്ക് വാടകയ്ക്ക് വസ്ത്രം നല്കുന്ന പുതിയ പദ്ധതിക്ക് ജപ്പാന് എയര്‍ലൈന്‍സ് തുടക്കം കുറിച്ചു. യാത്രക്കാര്‍ക്ക് ഒരു മാസം മുൻപെ വസ്ത്രങ്ങള്‍ റിസര്‍വ് ചെയ്യാനും രണ്ടാഴ്ചത്തേക്ക് ഉപയോഗിക്കാന്‍ വാടകയ്ക്ക് എടുക്കാനും സാധിക്കുമെന്നതാണ് പ്രത്യേകത.
പ്രമുഖ ബ്രാന്‍ഡുകളുടെ സെക്കന്റ് ഹാന്റ് വസ്ത്രങ്ങളായിരിക്കും യാത്രക്കാര്‍ക്ക് വാടകയ്ക്ക് നല്‍കുകയെന്ന് ജപ്പാന് എയര്‍ലൈന്‍സ് അറിയിച്ചു. സന്ദര്‍ശകര്‍ താമസസ്ഥലത്ത് എത്തുന്നതിന് മുമ്പ് വാടകയ്ക്ക് എടുത്ത വസ്ത്രങ്ങള്‍ എത്തിച്ചുകൊടുക്കുകയും താമസത്തിന്റെ അവസാന ദിവസത്തില്‍ അവ തിരികെ ശേഖരിക്കുകയും ചെയ്യുന്നതാണ് പുതിയ പദ്ധതി. അതുകൊണ്ട് വസ്ത്രങ്ങള്‍ അടങ്ങിയ ഭാരിച്ച പെട്ടികൾ ഇല്ലാതെ തന്നെ ജപ്പാനില്‍ പറന്നിറങ്ങാം. വസ്ത്രങ്ങള്‍ വാടകയ്ക്ക് എടുക്കുന്ന നിരക്ക് എണ്ണത്തെയും സ്റ്റൈലിനെയും ആശ്രയിച്ചിരിക്കും. നിലവിൽ 4,000 യെൻ (ഏകദേശം 2,300 രൂപ) ആണ് പാക്കേജ് തുടങ്ങുന്നത്.
ജാപ്പനീസ് വ്യാപാര സ്ഥാപനമായ സുമിറ്റോമോയുമായി സഹകരിച്ചാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. 'കൊവിഡിന് ശേഷം വീണ്ടും ആളുകള്‍ യാത്രകളുമായി സജീവമായിരിക്കുകയാണ്. സുസ്ഥിരമായ ഒരു ടൂറിസം വികസനം മുന്നില്‍ കണ്ടാണ് ഇങ്ങനെ ഒരു പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്'- ജപ്പാന് എയര്‍ലൈന്‍സ് അറിയിച്ചു.
🧳Japan Airlines wants you to never again feel the agony of zipping & lugging a bag to the airport only to learn it’s 3.4lbs overweight. The airline now offers a “Any Wear, Anywhere” service which lets passengers rent & receive clothes on arrival in Japan. https://t.co/FHcLSwrEIh
— Jeff Thompson (@thomjeff) July 6, 2023
'യാത്രക്കാര്‍ തങ്ങളുടെ യാത്രാ ലക്ഷ്യസ്ഥാനങ്ങള്‍, താമസസൗകര്യങ്ങള്‍, ഗതാഗതം എന്നിവ അവരുടെ ഇഷ്ടത്തിനു തിരഞ്ഞെടുക്കുന്ന കാലമാണ്. എന്നാല്‍ അവര്‍ക്ക് വേണ്ടത്ര ഓപ്ഷന് ലഭ്യമല്ല. ഉദാഹരണത്തിന്, മിക്ക യാത്രക്കാരും ഇപ്പോള്‍ റെസ്റ്റോറന്റുകളില്‍ ഭക്ഷണം കഴിക്കുന്നതും ഹോട്ടലുകളില്‍ താമസിക്കുന്നതും ആസ്വദിക്കുന്നു. എന്നാല്‍ യാത്രക്കാർ അവരുടെ വസ്ത്രങ്ങള്‍ വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന സാഹചര്യമാണുള്ളത്'- ജപ്പാന് എയര്‍ലൈന്‍സ് വ്യക്തമാക്കി.