മറഞ്ഞു കിടന്നത് വർഷങ്ങൾ... 7000ത്തോളം അജ്ഞാത ദ്വീപുകൾ കണ്ടുപിടിച്ച് ജപ്പാൻ
|രാജ്യത്തെ ദ്വീപുകളുടെ എണ്ണത്തെ ചൊല്ലി പാർലമെന്റിലുടലെടുത്ത തർക്കമാണ് സർവേ നടത്താനുള്ള മൂലകാരണം
നിങ്ങൾ ചുറ്റപ്പെട്ടിരിക്കുന്നത് 7000 ദ്വീപുകളാലാണ് എന്ന് പെട്ടന്നൊരു ദിവസം അറിയുമ്പോൾ എന്താവും അവസ്ഥ. ഇതുവരെ ഒരു ദ്വീപിനെ കുറിച്ച് പോലും ആർക്കുമറിയില്ലായിരുന്നു എന്നും ഇനിയും ദ്വീപുകൾ കണ്ടെത്താൻ സാധ്യതയുണ്ട് എന്നുമൊക്കെ കേട്ടാൽ തീർച്ചയായും 'കിളി പോയ' അവസ്ഥയായിരിക്കും അല്ലേ. അങ്ങനെയൊരു അവസ്ഥയിലൂടെയാണ് ജപ്പാൻകാരിപ്പോൾ കടന്നു പോകുന്നത്.
7000 പുതിയ ദ്വീപുകളാണ് ജപ്പാൻ അടുത്തിടെ നടത്തിയ ഒരു സർവേയിലൂടെ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ രാജ്യത്തെ ആകെ ദ്വീപുകളുടെ എണ്ണം 6,852ൽ നിന്ന് 14,125 ആവുകയും ചെയ്തു-അതായത് ഇരട്ടി. 1987ന് ശേഷം ആദ്യമായി ഭൂഗർഭ ജലത്തെ കുറിച്ച് നടത്തിയ സർവേയിലാണ് മറഞ്ഞു കിടന്ന ഇത്രയും ദ്വീപുകളുണ്ടെന്ന് അധികൃതർ കണ്ടെത്തുന്നത്.
രാജ്യത്തെ ദ്വീപുകളുടെ എണ്ണത്തെ ചൊല്ലി 2021ൽ പാർലമെന്റിലുടലെടുത്ത തർക്കമാണ് സർവേ നടത്താനുള്ള മൂലകാരണം. രാജ്യത്തെ ദ്വീപുകളുടെ എണ്ണത്തെ കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ടാകുന്നത് ശരിയല്ലെന്നും അതിനാൽ തന്നെ പൊതുതാല്പര്യാർഥം സർവേ നടത്തുകയായിരുന്നുവെന്നും സർക്കാരിനോടടുത്ത വൃത്തങ്ങൾ അറിയിച്ചു. ഇത്രയധികം പുതിയ ദ്വീപുകൾ കണ്ടെത്തിയെങ്കിലും ഇത് രാജ്യത്തിന്റെ വിസ്തൃതിയിൽ മാറ്റമൊന്നും വരുത്തില്ലെന്നാണ് വിവരം.