ദുരന്തഭൂമിയായി ജപ്പാന്‍,മരണ സംഖ്യ 62 ആയി: കൂടുതല്‍ ഭൂകമ്പങ്ങള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
|റോഡുകള്‍ വിണ്ടുകീറുകയും വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു
ടോക്കിയോ: ജപ്പാനില്‍ നാശം വിതച്ച ഭൂകമ്പത്തില്‍ മരണം 62 ആയി. കനത്ത മഴയും മണ്ണിടിച്ചിലും ഉണ്ടായേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ പ്രധാന ദ്വീപായ ഹോൺഷുവിലെ ഇഷികാവ പ്രവിശ്യയിൽ ഒരു മീറ്ററിലധികം ഉയരത്തിൽ സുനാമി തിരമാലകൾക്ക് കാരണമാവുകയും തീപിടിത്തമുണ്ടാവുകയും ചെയ്തു. റോഡുകള്‍ വിണ്ടുകീറുകയും വന്‍തോതില്‍ നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. ഹോൺഷുവിന്റെ പടിഞ്ഞാറൻ തീരത്ത് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഭൂകമ്പങ്ങളുടെ ഒരു നിര തന്നെ ഉണ്ടായി. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് ഒരു ദിവസത്തിന് ശേഷം ഇഷികാവ പ്രിഫെക്ചറിലും സമീപ പ്രദേശങ്ങളിലും തുടർചലനങ്ങൾ ഉണ്ടായി.
പ്രിഫെക്ചറിലെ നോട്ടോ പെനിൻസുലയെയാണ് ഭൂകമ്പം സാരമായി ബാധിച്ചത്. നൂറുകണക്കിന് കെട്ടിടങ്ങൾ തീയിൽ നശിക്കുകയും വീടുകൾ തകരുകയും ചെയ്തു.62 പേർ മരിച്ചതായും 22 പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രാദേശിക സർക്കാർ ചൊവ്വാഴ്ച അറിയിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. 31,800-ലധികം ആളുകൾ ക്യാമ്പുകളില്‍ അഭയം പ്രാപിച്ചിട്ടുണ്ട്. സ്ഥിതിഗതികള്‍ ചർച്ച ചെയ്യാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദയുടെ സർക്കാർ ബുധനാഴ്ച രാവിലെ അടിയന്തര ടാസ്‌ക് ഫോഴ്‌സിന്റെ യോഗം ചേരും. തകർന്ന കെട്ടിടങ്ങളിൽ എത്രപേർ കുടുങ്ങിയിട്ടെന്ന കാര്യം വ്യക്തമല്ല.
ഇഷികാവ പ്രിഫെക്ചറിൽ ഏകദേശം 34,000 വീടുകളിൽ ഇപ്പോഴും വൈദ്യുതി ഇല്ലെന്ന് പ്രാദേശിക യൂട്ടിലിറ്റി അറിയിച്ചു.പല നഗരങ്ങളിലും കുടിവെള്ളം കിട്ടാതായി.ട്രെയിന്‍ സര്‍വീസുകള്‍ മണിക്കൂറുകള്‍ക്ക് ശേഷം പുനരാരംഭിച്ചിട്ടുണ്ട്. ജപ്പാനിൽ എല്ലാ വർഷവും നൂറുകണക്കിന് ഭൂകമ്പങ്ങൾ അനുഭവപ്പെടുന്നുണ്ട്. ഭൂരിഭാഗവും കാര്യമായ നാശനഷ്ടങ്ങളൊന്നും വരുത്തുന്നില്ല.നോട്ടോ പെനിൻസുല മേഖലയിൽ ഭൂകമ്പങ്ങളുടെ എണ്ണം 2018 മുതൽ ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ജാപ്പനീസ് സർക്കാർ കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തു.