'ഒരു പെഗ് എടുക്കൂ പ്ലീസ്',യുവാക്കളോട് ജപ്പാന്‍: കാരണമിതാണ്...
|ചെറുപ്പക്കാരില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള വഴികള്‍ ക്ഷണിച്ച് ഒരു മത്സരവും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്
ടോക്കിയോ: രാജ്യത്തെ യുവതീ യുവാക്കളെ മദ്യം കുടിയ്ക്കാന്‍ പ്രോത്സാഹിപ്പിച്ച് ജപ്പാന്‍ സര്‍ക്കാര്‍. കോവിഡിനെ തുടര്‍ന്ന് ഇടിഞ്ഞ മദ്യവിപണി തിരിച്ചു കൊണ്ട് വരികയാണ് ലക്ഷ്യം.
കോവിഡില്‍ നിശാപാര്‍ട്ടികള്‍ കുറഞ്ഞതും ലോക്ഡൗണുമൊക്കെ യുവാക്കളില്‍ മദ്യപാനത്തിന്റെ അളവ് കുറച്ചിരുന്നു. ഇതിന്റെ ഫലമായി രാജ്യത്തെ മദ്യവില്‍പന കാര്യമായി ഇടിഞ്ഞു. ഈ ഇടിവ് നികത്താനാണ് സര്‍ക്കാരിന്റെ ശ്രമം. ചെറുപ്പക്കാരില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കാനുള്ള വഴികള്‍ ക്ഷണിച്ച് ഒരു മത്സരവും സര്‍ക്കാര്‍ സംഘടിപ്പിക്കുന്നുണ്ട്. ജപ്പാന്‍ നാഷണല്‍ ടാക്‌സ് ഏജന്‍സിയുടെ നേതൃത്വത്തില്‍ നടത്തുന്ന മത്സരത്തില്‍ മദ്യപാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐഡിയകള്‍ സമര്‍പ്പിക്കാം. 20-39 വയസ്സിനിടയിലുള്ളവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. ജപ്പാന്റെ സ്വന്തം മദ്യം സേക് വിവയുടെ പേരിലാണ് മത്സരം നടത്തുന്നത്.
കോവിഡ് കേസുകള്‍ റെക്കോര്‍ഡ് സംഖ്യയിലെത്തിയിരിക്കുന്ന അവസരത്തിലും ആളുകളോട് പുറത്ത് പോയി മദ്യപിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്നതില്‍ ഞെട്ടിയിരിക്കുകയാണ് ജനങ്ങള്‍. വ്യാഴാഴ്ച മാത്രം 255,000 കേസുകള്‍ ആണ് ജപ്പാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. റസ്റ്ററന്റുകളില്‍ പോലും മാസ്‌ക് വയ്ക്കണമെന്ന് മാധ്യമങ്ങളും പുറത്ത് പോയി മദ്യപിക്കുന്നത് കുഴപ്പമില്ലെന്ന് സര്‍ക്കാരും പറയുമ്പോള്‍ ആരെ കേള്‍ക്കണം എന്നാണ് സമൂഹമാധ്യമങ്ങളില്‍ ഭൂരിഭാഗം പേരും ഉയര്‍ത്തുന്ന ചോദ്യം.
ആരോഗ്യത്തിന് നല്ലതല്ലെന്ന് ബോധ്യപ്പെട്ടതിനാലും കോവിഡിനെത്തുടര്‍ന്ന് മദ്യപാനം തീരെ കുറഞ്ഞതിനാലും വീണ്ടും മദ്യപിക്കാന്‍ ആഗ്രഹമില്ലെന്നാണ് പലരുടെയും അഭിപ്രായം.