World
അന്ന് ജപ്പാൻ, ഇന്ന് ഗസ്സ:  ലോകത്തെ കരയിപ്പിച്ച് ഈ കുട്ടികൾ; എന്നിട്ടും നിർത്താതെ അമേരിക്ക
World

അന്ന് ജപ്പാൻ, ഇന്ന് ഗസ്സ: ലോകത്തെ കരയിപ്പിച്ച് ഈ കുട്ടികൾ; എന്നിട്ടും നിർത്താതെ അമേരിക്ക

Web Desk
|
22 Oct 2024 2:40 PM GMT

ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആണവായുധം പ്രയോഗിച്ച് ലോകത്തെ നടുക്കിയപ്പോള്‍, ഇസ്രായേലിന് ആയുധം നൽകിയാണ് അമേരിക്ക രംഗത്തുള്ളത്.

ഗസ്സസിറ്റി: ഇസ്രായേലിന്റെ കൊടുംക്രൂരതകളാണ് ഗസ്സയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. പ്രായ വ്യത്യാസമില്ലാതെ കണ്ണിൽകണ്ടവരെയെല്ലാം വെടിവെച്ച് വീഴ്ത്തിയും ഉള്ളവരെ കൊടും ദുരിതത്തിലേക്ക് തള്ളിയിട്ടും ആർത്തുചിരിക്കുകയാണ് അധിനിവേശ സേന. ആ നാട്ടിൽ നിന്ന് വരുന്നത്രയും സമാനതകളില്ലാത്ത ദുരന്തത്തിന്റെ കഥകളാണ്.

കുട്ടികളാണ് ഏറ്റവും കൂടുതൽ പ്രയാസം അനുഭവിക്കുന്നത്. കൊന്ന് തള്ളിയും ഉപരോധങ്ങളുടെ വേലിക്കെട്ടിൽ പിടഞ്ഞുമരിച്ചും താമസിയാതെ ഗസ്സ കുഞ്ഞുമക്കളുടെ ശവപ്പറമ്പായി മാറുമെന്ന് യുഎൻ തന്നെ മുന്നറിയിപ്പ് നൽകിയതാണ്. ഗസ്സയിൽ നിന്നും ആരുടെയും കരളലയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.

തന്റെ അനിയത്തിയെ ചുമലിലേറ്റി നഗ്നപാദയായി പൊരിവെയിലത്ത് നടക്കുന്നൊരു കൊച്ചുപെൺകുട്ടിയുടേതാണ് വീഡിയോ. കാലിന് പരിക്കേറ്റ തന്റെ കുഞ്ഞനുജത്തിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയാണ് ആ പെൺകുട്ടി. മണിക്കൂറുകള്‍ പിന്നിട്ടു, ആ യാത്ര. ആ കൊച്ചുപെണ്‍കുട്ടിക്ക് തളര്‍ച്ചയുണ്ട്. എന്നിട്ടും വീണില്ല. നിരവധി പേരാണ് ഈ വീഡിയോ പങ്കുവെച്ച് ഗസ്സയിലെ ദുരിതം എത്രത്തോളമുണ്ടെന്ന് വിവരിക്കുന്നത്.


പുറത്തുവരുന്ന വീഡിയോകൾ ഇതുപോലത്തേത് ആണെങ്കില്‍ മനസ് വേദനിപ്പിക്കുന്ന എത്രയോ കഥൾ അവിടെ നടക്കുന്നുണ്ടാകും എന്നാണ് വീഡിയോ പങ്കുവെച്ച് ചിലർ കുറിക്കുന്നത്. ഈ വീഡിയോടൊപ്പം തന്നെ മറ്റൊരു ചിത്രവും പ്രചരിക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്ക ജപ്പാനിൽ ആണവായുധം ഉപയോഗിച്ചപ്പോഴത്തേത് ആണ് ആ ചിത്രം. അന്നൊരു ആൺകുട്ടിയുടെ ചിത്രമാണ് ലോക മനസാക്ഷിയെ നടുക്കിയത്.

ഫലസ്തീനി ബാലികയുടേതിന് സമാനമായി മരണമഞ്ഞ തന്റെ കുഞ്ഞനുജനെ തോളിൽ ചുമന്ന് നില്‍ക്കുന്നതാണ് ചിത്രം. ശ്മശാനത്തിൽ തൻ്റെ ഊഴത്തിനായി കാത്തിരിക്കുകയാണ് ആ ബാലന്‍. ഇവൻ എന്റെ സഹോദരനല്ലേ, അത് എനിക്ക് ഭാരമല്ല എന്നാണ് ആ കുട്ടി ലോകത്തോട് വിളിച്ചുപറഞ്ഞത്. രണ്ടാം ലോക മഹായുദ്ധത്തിൻ്റെ അവസാനത്തിൽ ബോംബുകൾ വർഷിച്ചതിന് തൊട്ടുപിന്നാലെ യുഎസ് മറൈൻ ഫോട്ടോഗ്രാഫർ ജോ ഒ ഡോണൽ ആണ് ചിത്രം പകര്‍ത്തിയത്.

ഈ രണ്ട് അക്രമങ്ങൾക്ക് പിന്നിലും അമേരിക്കയുടെ കൈകളുണ്ട് എന്നാണ് ഈ ചിത്രം പങ്കുവെച്ച് സമൂഹമാധ്യമങ്ങളിൽ പലരും കുറിക്കുന്നത്. ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും ആണവായുധം പ്രയോഗിച്ച് ലോകത്തെ നടുക്കിയപ്പോള്‍, ഇസ്രായേലിന് ആയുധം നൽകിയാണ് അമേരിക്ക രംഗത്തുള്ളത്. അമേരിക്കയുടെ എല്ലാ പിന്തുണയും ഇസ്രായേലിനുണ്ട്. പുറമേക്ക് വെടിനിർത്തൽ,സമാധാന കരാർ എന്നിങ്ങനെയൊക്കെ പറയുന്നുണ്ടെങ്കിലും മറ്റൊരു ഭാഗത്ത് കൂടി വെടിക്കോപ്പുകൾ നൽകുകയാണ് അമേരിക്ക. ഈ ധൈര്യമാണ് ഇസ്രായേലിനെ നരനായാട്ടിന് പ്രേരിപ്പിക്കുന്നതും.

Watch Video

Similar Posts