രണ്ടു വര്‍ഷത്തിനു ശേഷം വിനോദസഞ്ചാരികൾക്കുള്ള വിലക്ക് നീക്കി ജപ്പാൻ
|കൂടാതെ ദിവസേനയുള്ള സന്ദര്‍ശകരുടെ പരിധിയും എടുത്തുകളയും
ടോക്കിയോ: കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് ഏർപ്പെടുത്തിയ നിയന്ത്രണം രണ്ട് വർഷത്തിനു ശേഷം ജപ്പാൻ പിന്‍വലിച്ചു. വാക്സിനേഷൻ എടുത്ത സഞ്ചാരികൾക്ക് ഇനി മുതല്‍ ജപ്പാൻ സന്ദര്‍ശിക്കാം. വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ രാജ്യം സന്ദർശിക്കാൻ കഴിയും. ഒക്ടോബർ 11 മുതൽ ഇനി ട്രാവൽ ഏജൻസി വഴി പോകേണ്ടതില്ലെന്നും ജപ്പാൻ അറിയിച്ചു.
കൂടാതെ ദിവസേനയുള്ള സന്ദര്‍ശകരുടെ പരിധിയും എടുത്തുകളയും. ട്രിപ്പിൾ വാക്സിനേഷനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും ഉണ്ടെങ്കിൽ സഞ്ചാരികൾക്ക് രാജ്യത്ത് പ്രവേശിക്കാൻ സാധിക്കുന്നതാണ്. ജാപ്പനീസ് കറൻസി യെൻ ആറു മാസത്തിനിടെ യു.എസ് ഡോളറുമായി താഴ്ന്ന നിലയിലായിരുന്ന പശ്ചാത്തലത്തിൽ സഞ്ചാരികളുടെ സന്ദർശനം സർക്കാരിനും ചെറുകിട വ്യവസായികൾക്കും പ്രചോദനമാകും. യുഎസിന് തുല്യമായി അതിർത്തി നിയന്ത്രണ നടപടികളിൽ ജപ്പാൻ ഇളവ് വരുത്തുമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ പറഞ്ഞു.
ജൂൺ മാസം മുതല്‍ ടൂറിന്‍റെ ഭാഗമായി ജപ്പാൻ വിദേശസഞ്ചാരികളെ അനുവദിച്ചിരുന്നു. ജപ്പാൻ ആഭ്യന്തര യാത്രയിൽ തീം പാർക്ക്,യാത്ര, കായിക പരിപാടികൾ, എന്നീ ഇനങ്ങളിൽ ഇളവ് ഉണ്ടായിരിക്കുമെന്നും പ്രധാനമന്ത്രി കിഷിദ അറിയിച്ചു. കൂടാതെ ജപ്പാൻ പൗരന്മാർക്കും നിവാസികൾക്കും 11,000 യെൻ സബ്സിഡിയും ലഭിക്കും.
ലോകത്തെ മൂന്നാമത്തെ വലിയ സാമ്പത്തിക രാജ്യമാണ് ജപ്പാന്‍. മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ജപ്പാനിൽ കോവിഡ് മരണ നിരക്ക് താഴ്ന്ന നിലയിലാണ്. കൂടാതെ ഏറ്റവും വലിയ വാക്സിനേഷൻ നിരക്കുള്ളതും ഇവിടെയാണ്. മാത്രവുമല്ല മറ്റ് രാജ്യങ്ങളിലുള്ളതു പോലെ മാസ്കുകളോ ലോക്ഡൗണുകളോ നിർബന്ധമാക്കിയിട്ടില്ലെങ്കിലും പ്രാദേശികർ സ്വയം പ്രതിരോധം ഏറ്റെടുക്കുകയായിരുന്നു. കോവിഡ് മഹാമാരിക്ക് മുമ്പ് ഏകദേശം 32 ദശലക്ഷം വിദേശികൾ ജപ്പാൻ സന്ദർശിച്ചിരുന്നു. എന്നാൽ അടുത്ത കാലങ്ങളിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങള്‍ മൂലം സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. നിലവിൽ നിയന്ത്രണങ്ങൾ നീക്കം ചെയ്ത സാഹചര്യത്തിൽ നിരവധി സഞ്ചാരികൾ രാജ്യത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.