13.5 ലക്ഷം യുഎസ് ഡോളർ വേണ്ട, കാമുകനെ സ്വന്തമാക്കാൻ 'കടുംകൈ' ചെയ്ത് ജപ്പാൻ രാജകുമാരി
|സഹപാഠിയായിരുന്ന കെയ് കാമുറോയുമായി രാജകുമാരിയുടെ വിവാഹം ഒക്ടോബര്‍ 26 ന് നടക്കും
ജപ്പാനിലെ മുന്‍ രാജാവ് അകിഹിത്തായുടെ ചെറുമകള്‍ മാകോ രാജുമാരിയുടെ വിവാഹം സംബന്ധിച്ച ചര്‍ച്ചകള്‍ക്ക് വിരാമം. രാജകുമാരിയുടെ വിവാഹം ഒക്ടോബര്‍ 26 ന് നടക്കുമെന്ന് കൊട്ടാരത്തില്‍ നിന്നും ഔദ്യോഗികമായി അറിയിച്ചു. സഹപാഠിയായിരുന്ന കെയ് കാമുറോയെ വിവാഹം ചെയ്യാനായി മാകോ രാജകുമാരി തന്റെ രാജകീയ പദവി വേണ്ടെന്ന് വച്ചിരുന്നു. 2017 ലാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. ജപ്പാന്‍ പാരമ്പര്യം അനുസരിച്ച് രാജകുടുംബത്തിലെ സ്ത്രീകള്‍ സാധരണക്കാരെ വിവാഹം ചെയ്യണമെങ്കില്‍ രാജകീയ പദവി ഉപേക്ഷിക്കേണ്ടി വരും. ഇങ്ങനെ പദവി ഉപേക്ഷിക്കുന്നവര്‍ക്ക് അവരുടെ തുടര്‍ന്നുള്ള ജീവിതത്തിനയി 150 മില്ല്യന്‍ യെന്‍ ഏകദേശം 13.5 ലക്ഷം അമേരിക്കന്‍ ഡോളര്‍ ഒറ്റത്തവണയായി കൊട്ടാരത്തില്‍ നിന്ന് നല്‍കും. ഇങ്ങനെ ലഭിക്കുമായിരുന്ന തുകയാണ് രാജകുമാരി ഇപ്പോള്‍ വേണ്ടെന്ന് വെച്ചിരിക്കുന്നത്.
രാജകുമാരി വിവാഹം ചെയ്യാന്‍ പോകുന്ന കെയ് കാമുറോ വലിയ പ്രശസ്തനല്ല. ഇത് പല വിമര്‍ശനങ്ങള്‍ക്കും വഴിവച്ചിരുന്നു. കമുറോയുടെ അമ്മയുടെ മുന്‍ ഭര്‍ത്താവ് കമുറോയുടെ അമ്മ 35,000 ഡോളര്‍ തനിക്ക് നല്‍കാനുണ്ടെന്ന് പറഞ്ഞ് രംഗത്ത് വന്നതോടെയാണ് കല്യാണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് മാധ്യമങ്ങള്‍ തുടക്കമിടുന്നത്. കാമുറ മുടി വെട്ടിയതുപോലും വാര്‍ത്തകളില്‍ നിറഞ്ഞു. പോണിടെയ്ല്‍ രീതിയില്‍ മുടിവെട്ടിയതാണ് വിമര്‍ശനങ്ങള്‍ക്ക് ആധാരം. രാജകുമാരിയെ വിവാഹം ചെയ്യാന്‍ പോകുന്നയാള്‍ ഇങ്ങനെ മുടി വെട്ടിയത് ശരിയല്ലെന്ന് പറഞ്ഞാണ് പൊതുജനങ്ങളില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നത്.
ഗവണ്‍മെന്റ് ഓഫീസില്‍ വെച്ച് രജിസ്റ്റര്‍ മാരേജ് നടത്തിയാല്‍ മതിയെന്നാണ് മാകോയുടെ തീരുമാനം. അതിനിടെ രാജകുമാരി ഏറെ നാളുകളായി വിഷാദ രോഗബാധിതയാണെന്ന് ക്യൂഡോ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മനൈച്ചി ഡൈലി നടത്തിയ സര്‍വേ പ്രകാരം രാജകുമാരി സാധാരണക്കാരനെ വിവാഹം കഴിക്കുന്നതില്‍ 38 ശതമാനം പേര്‍ അനുകൂലിച്ചപ്പോള്‍ 35 ശതമാനം പേര്‍ക്ക് വിവാഹത്തോട് യോജിപ്പില്ല. 26 ശതമാനം വിഷയത്തില്‍ പ്രതികരിച്ചില്ല.