'വേദനയ്ക്ക് അതിർത്തികളില്ല; ഗസ്സയിലെ ആക്രമണം നിർത്തൂ'-ഇസ്രായേലിൽ നെതന്യാഹുവിനെതിരെ വൻ പ്രതിഷേധറാലി
|നെതന്യാഹുവിനെ ജയിലിലടക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ വസതിയിലേക്കും നൂറുകണക്കിനു പേർ മാർച്ച് നടത്തി
തെൽഅവീവ്: ഗസ്സയിലെ ആക്രമണം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഇസ്രായേലിൽ വൻ പ്രകടനം. ജൂത സാമൂഹിക പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു വൻ യുദ്ധവിരുദ്ധ റാലി. ഗസ്സയിൽ വെടിനിർത്തൽ ആവശ്യപ്പെട്ട് തെൽഅവീവിൽ നടന്ന റാലിയിൽ ആയിരങ്ങളാണു പങ്കെടുത്തത്.
ഗസ്സയിൽ സിവിലിയന്മാരെയാണ് ഇസ്രായേൽ സൈന്യം കൊല്ലുന്നതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. അടിയന്തരമായി വെടിനിർത്തൽ പ്രഖ്യാപിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഗസ്സയിലെ ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യമുയർന്നു. 'ഫലസ്തീൻ ജീവിതങ്ങൾക്കും വിലയുണ്ട്', 'കൂട്ടക്കൊലയ്ക്കും വംശഹത്യയ്ക്കും വംശീയതയ്ക്കും സയണിസത്തിനുമെതിരെ', 'ഗസ്സയിലെ ബോംബ് ആക്രമണം നിർത്തൂ', 'വേദനയ്ക്ക് അതിർത്തികളില്ല' തുടങ്ങിയ സന്ദേശങ്ങൾ അടങ്ങിയ പ്ലക്കാർഡുകൾ ഉയർത്തിയായിരുന്നു യുദ്ധവിരുദ്ധ റാലി.
പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും ഇസ്രായേലിൽ പ്രതിഷേധം ശക്തമാകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ ഇസ്രായേൽ നഗരങ്ങളിൽ നടന്ന നെതന്യാഹു വിരുദ്ധ റാലികളിൽ പതിനായിരങ്ങൾ പങ്കെടുത്തതായി 'ഹാരെറ്റ്‌സ്' റിപ്പോർട്ട് ചെയ്തു. സെസറിയയിലെ നെതന്യാഹുവിന്റെ വസതിയിലേക്കും പ്രകടനം നടന്നു. നെതന്യാഹു ഉടൻ രാജിവച്ച് ഒഴിയണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഹമാസിന്റെ പിടിയിലുള്ള മുഴുവൻ ബന്ദികളെയും ഉടൻ മോചിപ്പിക്കണം, രാജ്യദ്രോഹിയായ നെതന്യാഹുവിനെ ജയിലിലടക്കണം, അടിയന്തരമായി തെരഞ്ഞെടുപ്പ് നടത്തണം.. ഇങ്ങനെ സമരക്കാരുടെ ആവശ്യങ്ങൾ പോകുന്നു. നെതന്യാഹുവിനെ താഴെയിറക്കിയില്ലെങ്കിൽ ഇസ്രായേൽ ബാക്കിയുണ്ടാകില്ലെന്ന് ഒരു പ്ലക്കാർഡിൽ പറയുന്നു.
ദിവസങ്ങൾക്കുമുൻപ് ഇസ്രായേൽ പാർലമെന്റായ നെസെറ്റിലും നെതന്യാഹുവിനു ജനരോഷം നേരിട്ട് ഏറ്റുവാങ്ങേണ്ടിവന്നിരുന്നു. പാർലമെന്റിൽ നടത്തിയ പ്രസംഗം കൂക്കുവിളികളോടെയാണ് ബന്ദികളുടെ ബന്ധുക്കൾ നേരിട്ടത്. ബന്ദികളുടെ ചിത്രങ്ങളടങ്ങിയ പ്ലക്കാർഡുകളുമായെത്തിയ കുടുംബങ്ങൾ നെതന്യാഹുവിന്റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു. ഗസ്സയിൽ ഹമാസിന്റെ പിടിയിലുള്ള ബന്ദികളുടെ വിഷയം ചർച്ച ചെയ്യാനായി വിളിച്ച പ്രത്യേക പാർലമെന്റ് സമ്മേളനത്തിലായിരുന്നു നാടകീയരംഗങ്ങൾ. സൈനികസമ്മർദത്തിലൂടെയല്ലാതെ ബന്ദികളെ മോചിപ്പിക്കാനാകില്ലെന്ന് നെതന്യാഹു പ്രസംഗത്തിൽ വ്യക്തമാക്കി. സൈനികസമ്മർദം ഇല്ലായിരുന്നുവെങ്കിൽ നൂറിലേറെ ബന്ദികളെ നമുക്ക് മോചിപ്പിക്കാനാകുമായിരുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാൽ, കൂക്കുവിളികളോടെയാണ് ഇതിനെ കാഴ്ചക്കാർ നേരിട്ടത്. പോരാട്ടം നിർത്തില്ലെന്നും സൈന്യത്തിനു കൂടുതൽ സമയം വേണമെന്നും നെതന്യാഹു ആവശ്യപ്പെട്ടപ്പോൾ സമയമില്ല, ഇപ്പോൾ തന്നെ വേണമെന്ന് ഇവർ ഉറക്കെ വിളിച്ചുപറഞ്ഞു. 'താങ്കളുടെ സഹോദരനും അച്ഛനുമാണെങ്കിൽ എന്താകുമായിരുന്നു സ്ഥിതി' എന്നതടക്കമുള്ള ചോദ്യങ്ങൾ അടങ്ങിയ പ്ലക്കാർഡുകളും ഇവർ ഉയർത്തി.
അതിനിടെ, ഗസ്സയിൽ ഇസ്രായേൽ നരഹത്യ മുടക്കമില്ലാതെ തുടരുകയാണ്. 64 പേരാണു കഴിഞ്ഞ 24 മണിക്കൂറിനിടെ മധ്യ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 186 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഗസ്സയിലെ മരണസംഖ്യ 21,672 ആയിട്ടുണ്ട്. പരിക്കേറ്റവർ അരലക്ഷം കടന്നു. 56,165 ആണ് ഒടുവിൽ പുറത്തുവരുന്ന പരിക്കേറ്റവരുടെ എണ്ണം.
Summary: Israeli Jewish activists march in Tel Aviv to call for a ceasefire in Gaza