World
Jews and Sikhs most targeted faith groups, hate crimes in US
World

അമേരിക്കയിൽ ഏറ്റവും കൂടുതൽ വിദ്വേഷ ആക്രമണത്തിനിരയാവുന്നത് ജൂതരും സിഖുകാരും

Web Desk
|
23 Feb 2023 3:33 PM GMT

വിവിധ ന്യൂനപക്ഷ മതവിഭാ​ഗങ്ങളിലായി 9,024 പേരാണ് കുറ്റകൃത്യങ്ങൾക്ക് ഇരയായതെന്നും റിപ്പോർട്ട് പറയുന്നു.

വാഷിങ്ടൺ: അമേരിക്കയിൽ ഏറ്റവും കൂടുതൽ വംശീയ ആക്രമണത്തിനിരയാവുന്ന മതവിഭാ​ഗങ്ങൾ ജൂതരും സിഖുകാരുമെന്ന് റിപ്പോർട്ട്. 2021ൽ യുഎസിൽ ഏറ്റവും വിദ്വേഷ കുറ്റകൃത്യങ്ങൾക്ക് ഇരയായ രണ്ട് വിഭാ​ഗങ്ങൾ ജൂതന്മാരും സിഖുകാരുമാണെന്ന് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെ (എഫ്.ബി.ഐ) വാർഷിക റിപ്പോർട്ട് പറയുന്നു.

2021ൽ ആകെ 1005 വിദ്വേഷ കുറ്റകൃത്യങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്നും എഫ്.ബി.ഐ വ്യക്തമാക്കുന്നു. മതവിഭാ​ഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങളിൽ 31.9 ശതമാനം ജൂത വിരുദ്ധ സംഭവങ്ങളും 21.3 ശതമാനം സിഖ് വിരുദ്ധവും 9.5 ശതമാനം മുസ്‌ലിം വിരുദ്ധവും 6.1 കാത്തലിക് വിരുദ്ധവും 6.5 ശതമാനം ഈസ്റ്റേൺ ഓർത്തഡോക്സ് വിരുദ്ധവുമാണ്.

വിവിധ ന്യൂനപക്ഷ മതവിഭാ​ഗങ്ങളിലായി 9,024 പേരാണ് കുറ്റകൃത്യങ്ങൾക്ക് ഇരയായതെന്നും റിപ്പോർട്ട് പറയുന്നു. വിദ്വേഷ കുറ്റകൃത്യങ്ങൾ രാജ്യത്തുടനീളമുള്ള ന്യൂനപക്ഷ മതവിഭാ​ഗങ്ങളിൽ ആശങ്ക വർധിപ്പിച്ചിട്ടുണ്ടെന്നും എഫ്ബിഐ ചൂണ്ടിക്കാട്ടുന്നു.

2021ലെ എഫ്.ബി.ഐ ഡാറ്റ അനുസരിച്ച് 64.8 ശതമാനം ഇരകളും ആക്രമണത്തിനിരയായത് കുറ്റവാളികളുടെ വംശീയതാ മനോഭാവവും വിവിധ മതവിഭാ​ഗങ്ങളോടുള്ള വെറിയും മൂലമാണ്.

അതേസമയം, 2021ലെ വംശീയ ആക്രമണങ്ങളിൽ 63.2 ശതമാനവും കറുത്ത വർഗക്കാരോ ആഫ്രിക്കൻ അമേരിക്കൻ വിഭാ​ഗങ്ങളോ ഇരയായ കുറ്റകൃത്യങ്ങളാണെന്നും റിപ്പോർട്ട് വിശദമാക്കുന്നു.

Similar Posts