World
സിറിയയില്‍ യു.എസ് ഓപറേഷൻ; ഐ.എസ് തലവൻ അബൂ ഇബ്രാഹീമിനെ വധിച്ചെന്ന് ബൈഡൻ
World

സിറിയയില്‍ യു.എസ് ഓപറേഷൻ; ഐ.എസ് തലവൻ അബൂ ഇബ്രാഹീമിനെ വധിച്ചെന്ന് ബൈഡൻ

Web Desk
|
3 Feb 2022 2:48 PM GMT

ഇന്നലെ സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു

ഐ.എസ് തലവൻ അബൂ ഇബ്രാഹീം അൽഹാഷിമി അൽഖുറൈഷിയെ വ്യോമാക്രമണത്തിൽ വധിച്ചതായി യു.എസ്. കഴിഞ്ഞ ദിവസം സിറിയയിൽ നടത്തിയ സൈനിക നടപടിയിലാണ് അബു ഇബ്രാഹീം കൊല്ലപ്പെട്ടതെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അറിയിച്ചു. വൈറ്റ് ഹൗസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം രാത്രി എന്റെ നിർദേശപ്രകാരം യു.എസ് സൈന്യം വടക്കുപടിഞ്ഞാറൻ സിറിയയിൽ വിജയകരമായ ഭീകരവിരുദ്ധ ഓപറേഷൻ നടത്തിയതായി പ്രസ്താവനയിൽ ബൈഡൻ അറിയിച്ചു. അമേരിക്കൻ ജനതയുടെയും സഖ്യകക്ഷികളുടെയും സുരക്ഷയ്ക്കായും ലോകത്തെ ഒരു സുരക്ഷിത ഇടമാക്കാനുമായാണ് നടപടിയെന്ന് പ്രസ്താവനയിൽ പറഞ്ഞു. സായുധസേന കാണിച്ച ധീരതയ്ക്കും കഴിവിനും നന്ദി രേഖപ്പെടുത്തിയ ബൈഡൻ അബൂ ഇബ്രാഹീം ഹാഷിമിയെ യുദ്ധഭൂമിയിൽനിന്ന് ഇല്ലായ്മ ചെയ്തതായും അറിയിച്ചു.


സൈനിക നടപടി കഴിഞ്ഞ് എല്ലാവരും സുരക്ഷിതമായി തിരിച്ചെത്തിതായും ബൈഡൻ കൂട്ടിച്ചേർത്തു. കൂടുതൽ വിശദാംശങ്ങൾ അടുത്ത ദിവസങ്ങളിൽ വെളിപ്പെടുത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ഇന്നലെ സിറിയയിൽ യു.എസ് നടത്തിയ വ്യോമാക്രമണത്തിൽ ആറ് കുട്ടികളും നാല് സ്ത്രീകളുമടക്കം 13 സാധാരണക്കാർ കൊല്ലപ്പെട്ടിരുന്നു. ഇദ്‌ലിബ് പ്രവിശ്യയിലാണ് യു.എസ് ആക്രമണം നടന്നത്. അബൂ ഇബ്രാഹീമിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു ഇതെന്നാണ് റിപ്പോർട്ട്.

ആമിർ മുഹമ്മദ് സൈദ് അബ്ദുറഹ്‌മാൻ അൽമൗല എന്നും പേരുള്ള അബൂ ഇബ്രാഹീം ഹാഷിമി 2019ൽ അബൂബകർ അൽബഗ്ദാദിയുടെ അന്ത്യത്തിനു പിന്നാലെയാണ് ഐ.എസ് തലവനായി എത്തുന്നത്. 2004ൽ യു.എസ് പിടിയിലായിരുന്നു. ഇറാഖിലുള്ള യു.എസ് താവളത്തിലായിരുന്നു കഴിഞ്ഞിരുന്നത്. ഹാഷിമിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് കോടികളുടെ ഇനാമാണ് അമേരിക്ക പ്രഖ്യാപിച്ചിരുന്നത്.

Summary: ISIS leader Abu Ibrahim al-Hashimi al-Qurayshi killed by US forces in operation, claims Joe Biden.

Similar Posts