റഫ അതിർത്തി തുറക്കാൻ ഇസ്രായേൽ സമ്മതിച്ചെന്ന് ജോ ബൈഡൻ
|ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്ല്യൺ ഡോളർ സഹായവും ബൈഡൻ പ്രഖ്യാപിച്ചു
ജെറുസലേം: റഫ വഴി ഗസ്സയിലേക്ക് ഉത്പന്നങ്ങൾ അയക്കാൻ ഇസ്രായേൽ സമ്മതിച്ചതായി യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. ഗസ്സയിലേക്കും വെസ്റ്റ് ബാങ്കിലേക്കും 100 മില്ല്യൺ ഡോളർ സഹായവും ബൈഡൻ പ്രഖ്യാപിച്ചു .
അമേരിക്കയിൽ നടന്ന ഭീകരാക്രമണത്തേക്കാൾ 15 മടങ്ങ് ക്രൂരതയാണ് ഇസ്രായേലിൽ നടന്നതെന്നും ബൈഡൻ പറഞ്ഞു. ദ്വിരാഷ്ട്ര പ്രശ്ന പരിഹാരനടപടികൾ തുടരണമെന്നും ഇസ്രായേലുമായി പരിസരത്തുള്ളവർ കൂടുതൽ ഏകോപനം വേണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. ഇസ്രായേൽ ജൂതരാഷ്ട്രമായിരിക്കെ തന്നെ ജനാധിപത്യ രാജ്യമാണെന്നും ബൈഡൻ അഭിപ്രായപ്പെട്ടു.
ഗസ്സയിലെ ആശുപത്രി ആക്രമണത്തിൽ ഇസ്രായേലിന്റെ പക്ഷം ചേർന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തെ പ്രതികരണം നടത്തിയിരുന്നു. 'ഇത് ചെയ്തത് നിങ്ങളല്ല, മറ്റേ ടീമാണെന്ന് തോന്നുന്നു'വെന്നായിരുന്നു ഹമാസിനെ പരാമർശിച്ച് ബൈഡൻ ഇസ്രായേൽ പ്രസിഡന്റ് ബെഞ്ചമിൻ നെതന്യാഹുവിനോട് പറഞ്ഞത്. ഫലസ്തീനുമായുള്ള യുദ്ധത്തിൽ ഇസ്രായേലിനുള്ള പിന്തുണ തുടരുമെന്നും നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ബൈഡൻ വ്യക്തമാക്കി.
ആശുപത്രി ആക്രമണം ഏറെ ഞെട്ടിച്ചുവെന്നും രോഷം കൊള്ളിച്ചുവെന്നും പറഞ്ഞ ബൈഡൻ, ഹമാസ് ആക്രമണത്തിന് ആവശ്യമായ പ്രത്യാക്രമണം മാത്രമേ സ്വീകരിക്കാവൂ എന്ന് നെതന്യാഹുവിനെ ഉപദേശിക്കുകയും ചെയ്തു. യുദ്ധവേളയിൽ ഇസ്രായേൽ സന്ദർശിക്കുന്ന ആദ്യ യുഎസ് പ്രസിഡന്‍റാണ് ബൈഡൻ.
ഹിസ്ബുല്ല ഇസ്രായേലിനെതിരെ ടാങ്കുവേധ മിസൈൽ അയച്ചു. തീവ്രവാദികൾ ജീവിക്കുന്നത് ഇരുട്ടിലാണെന്നും എന്നാൽ ഇസ്രായേൽ അങ്ങനെയല്ലെന്നും പറഞ്ഞ ബൈഡൻ വേദനയും നഷ്ടവും മറികടന്നാണ് ഇസ്രായേൽ മുന്നേറ്റമെന്നും കൂട്ടിച്ചേർത്തു.
അതേ സമയം ഹമാസിനെ തുരത്താൻ ലോകം ഒന്നിക്കണമെന്ന് നെതന്യാഹു ആവശ്യപ്പെട്ടു. ഇസ്രയേലിന്റെ മൂന്നിടങ്ങളിൽ ആക്രമണം നടത്തിയെന്ന് ഹിസ്ബുല്ല അറിയിച്ചു. തിരിച്ചടിച്ചതായി ഇസ്രായേലും വ്യക്തമാക്കി.
ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 3478 പേർ മരണപ്പെട്ടു. 600 കുട്ടികളെയടക്കം 1300 പേരെ കാണാതായി. സ്ഫോടനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇവർ പെട്ടിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.