World
ഇസ്രയേൽ പതാകയില്ലാതെ ലിമോസിനിൽ കിഴക്കൻ ജറുസലേം സന്ദർശിച്ച് ജോ ബൈഡൻ; ജൂത രാഷ്ട്രത്തിന് തിരിച്ചടി?
World

ഇസ്രയേൽ പതാകയില്ലാതെ ലിമോസിനിൽ കിഴക്കൻ ജറുസലേം സന്ദർശിച്ച് ജോ ബൈഡൻ; ജൂത രാഷ്ട്രത്തിന് തിരിച്ചടി?

Web Desk
|
15 July 2022 4:25 PM GMT

ഇസ്രയേലി ഉദ്യോഗസ്ഥരെ സന്ദർശനത്തിൽ കൂടെ കൂട്ടാനും ബൈഡൻ വിസമ്മതിച്ചു

ജറുസലേം: ഇസ്രയേൽ പതാകയില്ലാതെ തന്റെ ഔദ്യോഗിക വാഹനമായ ലിമോസിനിൽ ഫലസ്തീൻ അധീനതയിലുള്ള കിഴക്കൻ ജറുസലേം സന്ദർശിച്ച് യു.എസ് പ്രസിഡൻറ് ജോ ബൈഡൻ. പ്രദേശത്തെ ഫലസ്തീൻ ആശുപത്രി സന്ദർശിക്കുമ്പോഴാണ് നേരത്തെ വാഹനത്തിലുണ്ടായിരുന്ന ഇസ്രയേൽ പതാക മാറ്റി, രണ്ട് ഭാഗത്തും യു.എസ് കൊടി കെട്ടിയത്. കൂടാതെ ഇസ്രയേലി ഉദ്യോഗസ്ഥരെ സന്ദർശനത്തിൽ കൂടെ കൂട്ടാനും ബൈഡൻ വിസമ്മതിച്ചു. കിഴക്കൻ ജറുസലേമിലെ ഫലസ്തീൻ അതോറിറ്റി ആസ്ഥാനം സന്ദർശിച്ച ബൈഡൻ, പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.

വ്യാഴാഴ്ച ജറുസലേമിലെ പ്രസിഡൻറിന്റെ വസതി സന്ദർശിക്കുമ്പോൾ ബൈഡന്റെ വാഹനത്തിന്റെ ഒരു ഭാഗത്ത് യു.എസ് പതാകയും മറുഭാഗത്ത് ഇസ്രയേൽ പതാകയുമുണ്ടായിരുന്നു. ആതിഥേയ രാജ്യത്തിന്റെ പതാക വാഹനത്തിൽ കൊണ്ടുനടക്കുന്നതാണ് യു.എസ് പ്രസിഡൻറുമാരുടെ യാത്രാരീതി. എന്നാൽ ഇസ്രയേൽ തലസ്ഥാനമായ ജറുസലേമിന്റെ അതിർത്തികളെ കുറിച്ച് തർക്കം നിലനിൽക്കേ ബൈഡൻ ഇത്തരത്തിൽ യാത്ര ചെയ്തത് ചിലരെ ചൊടിപ്പിച്ചിരിക്കുകയാണ്. ഇത് തങ്ങളുടെ രാജ്യത്തെ അവഹേളിക്കുന്ന പ്രവർത്തനമാണെന്നും പരമാധികാരത്തെ മാനിക്കാത്തതാണെന്നുമാണ് പല ഇസ്രയേലി രാഷ്ട്രീയക്കാരും വിമർശിക്കുന്നത്. ബൈഡന്റെ നടപടി ഇസ്രയേലിനെതിരെയുള്ള നീക്കമാണെന്നും നഗരത്തിന്റെ ആ ഭാഗത്ത് രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നില്ലെന്നാണ് ഈ നടപടി പറയുന്നതെന്നും സിയോണിസ്റ്റ് പാർട്ടി നേതാവ് ഒറിറ്റ്‌ സ്ട്രക് പറഞ്ഞു.


ആശുപത്രി സന്ദർശനത്തിന് ശേഷം നടന്ന ഫലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചുള്ള പ്രസ്താവനയിൽ വിവാദത്തെ കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചിരുന്നു. ഈ കുറിപ്പിൽ ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമാണെന്നും അത് അമേരിക്കയുടെ നയമായി തുടരുന്നുവെന്നും യുഎസ് നിലപാട് പ്രസിഡന്റ് ബൈഡൻ ആവർത്തിച്ചു. ജറുസലേമിന്റെ പ്രത്യേക അതിർത്തികൾ ഇസ്രായേലികളും ഫലസ്തീനിയും തമ്മിലുള്ള ചർച്ചകളിലൂടെ പരിഹരിക്കപ്പെടണമെന്നും വ്യക്തമാക്കി.


രണ്ടുദിനം നീണ്ട സന്ദർശനത്തിൽ ഇസ്രായേലിന്റെ സുരക്ഷയും പുരോഗതിയും സംബന്ധിച്ചാണ് ജോ ബൈഡൻ വാചാലനായത്. എന്നാൽ പശ്ചിമേഷ്യൻ പ്രശ്‌ന പരിഹാരവുമായി ബന്ധപ്പെട്ട കാര്യപ്പെട്ടതൊന്നും പറയാൻ ബൈഡൻ തയ്യാറായില്ല. സമാധാന ചർച്ച പുനരരംഭിക്കാൻ ഉചിത സമയം ഇതല്ല എന്നായിരുന്നു ബെഡന്റെ പ്രതികരണം. സഹവർത്തിത്തത്തോടെയുള്ള രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി ഇസ്രായേലും ഫലസ്തീനും മാറണമെന്ന യു എസ് അഭിലാഷം അദ്ദേഹം ഒരിക്കൽ കൂടി പങ്കിട്ടു. ദുരിത ജീവിതം തുടരുന്നതു മൂലം ഫലസ്തീൻ ജനതക്ക് അമേരിക്കയോടുള്ള സ്വാഭാവിക എതിർപ്പ് താൻ ഉൾക്കൊള്ളുന്നതായി ബൈഡൻ അഭിപ്രായപ്പെട്ടു.


2018ൽ ഇസ്രയേലിന്റെ തലസ്ഥാനമായി ട്രംപ് ഭരണകൂടം അംഗീകരിച്ചിരുന്നു. എന്നാൽ അന്ന് മുൻസിപ്പൽ അതിർത്തികൾ നിർണയിക്കാതെയായിരുന്നു ഈ നടപടി. ഇതേ അംഗീകാരം തുടരുമെന്നാണ് ബൈഡനും പറയുന്നത്. പടിഞ്ഞാറൻ ജറുസലേമിലെ യു.എസ് കോൺസുലേറ്റ് ഫലസ്തീനായി തുറക്കാൻ ബൈഡൻ തീരുമാനിച്ചിരുന്നു. എന്നാൽ ഇസ്രായേൽ അംഗീകരിച്ചിരുന്നില്ല. ജറുസലേമിനെ ട്രംപ് ഭരണകൂടം ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ച ശേഷം ഈ കേന്ദ്രം ഇസ്രയേലിലെ യു.എസ് എംബസിയുടെ യൂണിറ്റാക്കിയിരുന്നു.



ഫലസ്തീൻ ആശുപത്രി സന്ദർശിച്ച ബൈഡൻ രാജ്യത്തെ ആതുരസേവന രംഗത്തിന് 100 മില്യൺ ഡോളർ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഇസ്രയേലിന്റെ വർഗവിവേചന (അപ്പാർത്തീഡ്) നയം അവസാനിപ്പിക്കണമെന്നും ഫലസ്തീൻ രാഷ്ട്രത്തെ യു.എസ് അംഗീകരിക്കണമെന്നും ഫലസ്തീൻ അതോറിറ്റി പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ബൈഡനൊപ്പം നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാധാരണ ഇസ്രയേലിനെതിരെ അപ്പാർത്തീഡ് പ്രയോഗം നടത്തുന്നതിനെ എതിർക്കുന്ന യു.എസ്സിന്റെ പ്രസിഡൻറ് ബൈഡൻ അബ്ബാസിന്റെ പ്രയോഗത്തിനെതിരെ പ്രതികരിച്ചില്ല.

Joe Biden visits East Jerusalem in limousine without Israeli flag

Similar Posts