യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഇസ്രായേലിൽ; ഫലസ്തീൻ, ഇസ്രായേൽ നേതാക്കളുമായി ചർച്ച നടത്തും
|പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ കരുത്തുറ്റതാണെന്ന് ബൈഡൻ പറഞ്ഞു. പ്രസിഡന്റ് പദത്തിൽ 18 മാസം പിന്നിടുന്ന ബൈഡന്റെ ആദ്യ പശ്ചിമേഷ്യൻ സന്ദർശനം കൂടിയാണിത്.
ജറുസലേം: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ പശ്ചിമേഷ്യൻ പര്യടനത്തിന് തുടക്കം. ഇന്നലെ വൈകീട്ട് ഇസ്രായേലിൽ വിമാനം ഇറങ്ങിയ ജോ ബൈഡനെ പ്രധാനമന്ത്രി യായിർ ലാപിഡ് സ്വീകരിച്ചു. ഇസ്രായേൽ, ഫലസ്തീൻ നേതാക്കളുമായി ജോ ബൈഡൻ ചർച്ച നടത്തും. നാളെ ബൈഡൻ ഇസ്രായേലിൽ നിന്ന് ജിദ്ദയിലെത്തും.
പ്രസിഡന്റ് ജോ ബൈഡന് ഇസ്രായേലിൽ വൻ സ്വീകരണമാണ് ലഭിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ കരുത്തുറ്റതാണെന്ന് ബൈഡൻ പറഞ്ഞു. പ്രസിഡന്റ് പദത്തിൽ 18 മാസം പിന്നിടുന്ന ബൈഡന്റെ ആദ്യ പശ്ചിമേഷ്യൻ സന്ദർശനം കൂടിയാണിത്. ഇത് പത്താം തവണയാണ് ബൈഡൻ ഇസ്രായേലിൽ എത്തുന്നത്. ജറൂസലേമിലെ ഹോളോകാസ്റ്റ് മ്യൂസിയത്തിൽ ബൈഡൻ സന്ദർശനം നടത്തും. റാമല്ലയിൽ ഫലസ്തീൻ നേതാക്കളെയും ബൈഡൻ കാണും. ദ്വിരാഷ്ട്ര ഫോർമുല തന്നെയാണ് പശ്ചിമേഷ്യൻ പ്രശ്‌നപരിഹാരത്തിന് മാർഗമെന്ന് ബൈഡൻ യാത്രതിരിക്കും മുമ്പ് പുറപ്പെടുവിച്ച പ്രസ്താവനയിൽ വൈറ്റ് ഹൗസ് വ്യക്തമാക്കി. ഇസ്രായൽ, ഫലസ്തീൻ പ്രശ്‌നവുമായി ബന്ധപ്പെട്ട് ബൈഡന്റെ പ്രതികരണം എന്തായിരിക്കുമെന്ന് ഉറ്റുനോക്കുകയാണ് അറബ് രാജ്യങ്ങൾ.
ഇന്ത്യ, യുഎഇ, ഇസ്രായേൽ, അമേരിക്ക ചതുർദിന വെർച്വൽ ഉച്ചകോടിയെയും ബൈഡൻ അഭിസംബോധന ചെയ്യും. വെള്ളിയാഴ്ച സൗദിയിലെത്തുന്ന ബൈഡൻ ജിദ്ദയിൽ ഗൾഫ് നേതാക്കളുടെ ഉച്ചകോടിയെ അഭിസംബോധന ചെയ്യും. എണ്ണവില കുത്തനെ ഉയർന്ന സാഹചര്യത്തിൽ ഉൽപാദനം ഉയർത്തണമെന്ന ആവശ്യം ബൈഡൻ ഉന്നയിക്കും. യെമൻ വെടിനിർത്തൽ കരാർ ദീർഘിപ്പിക്കൽ, വ്യോമ പ്രതിരോധ സംവിധാനം, സമുദ്ര സുരക്ഷാ പദ്ധതി ഉൾപ്പെടെയുള്ള കാര്യങ്ങളും ഗൾഫ് നേതാക്കളുമായി ബൈഡൻ ചർച്ച ചെയ്യും.