World
julian assange
World

വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയൻ അസാൻജ് ജയില്‍മോചിതനായി

Web Desk
|
25 Jun 2024 2:54 AM GMT

അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് അസാന്‍ജിന്‍റെ മോചനം

വാഷിംഗ്ടണ്‍: ചാരവൃത്തി കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുകയായിരുന്ന വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് ജയില്‍മോചിതനായി. ജാമ്യം ലഭിച്ചതിന് പിന്നാലെ അസാന്‍ജ് ആസ്ട്രേലിയയിലേക്ക് മടങ്ങി. അഞ്ചു വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷമാണ് അസാന്‍ജിന്‍റെ മോചനം.

2010ൽ അമേരിക്കയുടെ പ്രതിരോധ രഹസ്യരേഖകൾ അടക്കം അന്താരാഷ്ട്ര തലത്തിൽ കോളിളക്കമുണ്ടാക്കിയ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്നതിലൂടെയാണ് ആസ്‌ട്രേലിയൻ കമ്പ്യൂട്ടർ പ്രോഗ്രാമറായ ജൂലിയൻ അസാൻജ് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. അമേരിക്കയ്ക്ക് ഭീഷണിയായ നിരവധി രേഖകൾ വിക്കിലീക്സ് ചോർത്തി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഒരു കോടി രേഖകൾ വിക്കിലീക്സ് ചോർത്തിയിട്ടുണ്ടെന്നാണ് കണക്ക്.

തൻ്റെ മകൻ്റെ നീണ്ട നിയമപോരാട്ടം പരിസമാപ്തിയിലെത്തിയതായി അസാന്‍ജിന്‍റെ മാതാവ് ക്രിസ്റ്റീൻ അസാൻജ് പ്രതികരിച്ചു. ജയില്‍മോചിതനായെങ്കിലും അസാൻജ് ബുധനാഴ്ച പസഫിക്കിലെ നോർത്തേൺ മരിയാന ദ്വീപുകളിലെ യുഎസ് കോടതിമുറിയിൽ ഹാജരാകുമെന്ന് കോടതി രേഖകൾ പറയുന്നു.

2019 മുതൽ ലണ്ടനനിലെ ബെല്‍മാര്‍ഷ് ജയിലിലായിരുന്നു അസാൻജ്. ലണ്ടനിലെ ഇക്വഡോർ എംബസിയിൽ ഏഴ് വർഷത്തോളം അഭയം തേടിയിരുന്നു . യുഎസിലേക്ക് അയച്ചാൽ ഏകാന്ത തടവിൽ പാർപ്പിക്കാൻ സാധ്യതയുണ്ടെന്നും അത് ആത്മഹത്യക്ക് കാരണമാകുമെന്നുമുള്ള അസാൻജിന്‍റെ വാദം അംഗീകരിക്കപ്പെട്ടിരുന്നു. എന്നാൽ ഇതിനെതിരെ യുഎസ് അപ്പീൽ നൽകി. അസാൻജിനെ ഏകാന്ത തടവിൽ പാർപ്പിക്കില്ലെന്നും ഉചിതമായ പരിചരണം നൽകുമെന്നും അമേരിക്ക വ്യക്തമാക്കി. ഇതിനെതിരെ അസാൻജ് അപ്പീൽ നൽകിയെങ്കിലും അംഗീകരിക്കപ്പെട്ടില്ല. വാദങ്ങളിൽ കഴമ്പില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്.

Related Tags :
Similar Posts