അഫ്ഗാന്‍ രക്ഷാദൗത്യം അതീവ ദുഷ്‌ക്കരമെന്ന് ജോ ബൈഡന്‍
|രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് ഇപ്പോള്‍ പറയാനാകില്ല. ചരിത്രത്തിലെ ഏറ്റവും ശ്രമകരവും അപകടകരവുമായ വിമാന രക്ഷാദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്-ബൈഡന്‍ പറഞ്ഞു
കാബൂള്‍ വിമാനത്താവളത്തില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും ദുഷ്‌ക്കരമായ വിമാന രക്ഷാദൗത്യമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. രക്ഷാപ്രവര്‍ത്തനത്തിന്റെ അന്തിമഫലം ഉറപ്പിക്കാനാവില്ലെന്ന് ബൈഡന്‍ പറഞ്ഞു. അമേരിക്കന്‍ പൗരന്മാരെ നാട്ടിലെത്തിക്കാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും അവലംബിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഇതുവരെ 13,000 പേരെ അഫ്ഗാനില്‍നിന്ന് നാട്ടിലെത്തിക്കാനായെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ ജോ ബൈഡന്‍ പറഞ്ഞത്. രക്ഷാദൗത്യം അന്തിമഘട്ടത്തിലെത്തിയെന്ന് ഇപ്പോള്‍ പറയാനാകില്ല. ചരിത്രത്തിലെ ഏറ്റവും ശ്രമകരവും അപകടകരവുമായ ദൗത്യമാണ് ഇപ്പോള്‍ നടക്കുന്നത്. നാടണയാന്‍ ആഗ്രഹിക്കുന്ന എല്ലാ അമേരിക്കക്കാരെയും നാട്ടിലെത്തിച്ചിരിക്കും-ബൈഡന്‍ വ്യക്തമാക്കി.
സൈനികര്‍ക്കൊപ്പം തങ്ങളെ സഹായിച്ച സ്വദേശികളെ അമേരിക്കയിലെത്തിക്കുമെന്നും ബൈഡന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ആയിരങ്ങളാണ് കാബൂള്‍ വിമാനത്താവളത്തില്‍ നാടുവിടാനായി കാത്തുകിടക്കുന്നത്. ഖത്തറിലെ യുഎസ് ക്യാംപിലെ തിക്കും തിരക്കും കാരണം ഇന്നലെ മണിക്കൂറുകളോളം വൈകിയാണ് കാബൂളില്‍നിന്ന് അഭയാര്‍ത്ഥികളെയും വഹിച്ചുകൊണ്ടുള്ള വിമാനം പുറപ്പെട്ടത്. ആറായിരം സൈനികരെയാണ് കാബൂള്‍ വിമാനത്താവളത്തിന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്.
അതേസമയം യുഎസ്-നാറ്റോ സഖ്യത്തിനായി ജോലിചെയ്തിരുന്നവര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ പിടികൂടാന്‍ വീടുകള്‍ കയറി പരിശോധന ആരംഭിച്ചിരിക്കുകയാണ്. ബദ്ഗിസ് പ്രവിശ്യയിലെ പൊലീസ് മേധാവിയെ വധിക്കുന്നതിന്റെ വീഡിയോ താലിബാന്‍ പുറത്തുവിട്ടു. ജര്‍മ്മന്‍ ചാനല്‍ ഡിഡബ്ല്യൂവിന്റെ അഫ്ഗാന്‍ റിപ്പോര്‍ട്ടറുടെ ബന്ധുവിനെ വെടിവെച്ചുകൊന്നു. ഒട്ടേറെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. നാടുവിടാനായി വിമാനത്താവളത്തിലേക്ക് പോകുന്നവരെ താലിബാന്‍ കര്‍ശനമായ പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്.