World
ബൈഡനേക്കാൾ എളുപ്പത്തിൽ‌ കമലാ ഹാരിസിനെ പരാജയപ്പെടുത്താൻ സാധിക്കും: ട്രംപ്
World

'ബൈഡനേക്കാൾ എളുപ്പത്തിൽ‌ കമലാ ഹാരിസിനെ പരാജയപ്പെടുത്താൻ സാധിക്കും': ട്രംപ്

Web Desk
|
22 July 2024 5:42 AM GMT

'ബൈഡൻ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റാണ്'

കാലിഫോർണിയ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയുമായ ജോ ബൈഡന്റെ പ്രഖ്യാപനത്തിൽ പ്രതികരണവുമായി റിപബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ പരാജയപ്പെടുത്തുന്നത് ബൈഡനേക്കാൾ എളുപ്പമാണെന്ന് ട്രംപ് പറഞ്ഞതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തു. ബൈഡന്‍ പിന്മാറിയത് നിലവിലെ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള സാധ്യതകൾ ശക്തമാക്കിയിരുന്നു.

'ബൈഡൻ നമ്മുടെ രാജ്യത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും മോശം പ്രസിഡൻ്റാണ്. അ​ദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കാനും‌ സേവിക്കാനും യോഗ്യനല്ല. നുണകളിലൂടെയും വ്യാജവാർത്തകളിലൂടെയുമാണ് അദ്ദേഹം പ്രസിഡൻ്റ് സ്ഥാനം നേടിയത്. അദ്ദേഹത്തിനൊഴികെ, ചുറ്റുമുള്ള ഡോക്ടറും മാധ്യമങ്ങളും ഉൾപ്പെടെ എല്ലാവർക്കും അറിയാമായിരുന്നു അദ്ദേഹത്തിന് പ്രസി‍ഡന്റാകാൻ കഴിവില്ലെന്ന്.'- തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് പറഞ്ഞു.

മത്സരിക്കരുതെന്ന സമ്മർദം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കെയാണ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്. അമേരിക്കൻ പ്രസിഡന്റ് കാലയളവിലെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ബൈഡൻ പിൻമാറുന്നതായി അറിയിച്ചത്. രാജ്യത്തിന്റെയും പാർട്ടിയുടെയും നല്ലതിനായി മത്സരത്തിൽനിന്ന് പിന്മാറുന്നുവെന്ന് എക്സിൽ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

യു.എസ് തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. അദ്ദേഹത്തിന് ഓര്‍മ്മക്കുറവും അനാരോഗ്യവും അലട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

2025 ജനുവരിയിൽ തൻ്റെ കാലാവധി അവസാനിക്കുന്നതുവരെ പ്രസിഡൻ്റും കമാൻഡർ-ഇൻ-ചീഫ് എന്ന നിലയിലും താൻ തുടരുമെന്നും ഈ ആഴ്ച രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

Similar Posts