അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: സർവേയിൽ ട്രംപിനേക്കാൾ മുന്നിൽ കമലാ ഹാരിസ്
|കമലാ ഹാരിസിന് 44ഉം ട്രംപിന് 42ഉം ശതമാനം വോട്ടുകൾ ലഭിച്ചു
ന്യൂയോർക്ക്: യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടിയുടെ കമലാ ഹരിസിന് റിപ്പബ്ലിക്കൻ പാർട്ടിയുടെ ഡൊണാൾഡ് ട്രംപിനേക്കാൾ മുൻതൂക്കമെന്ന് റോയിട്ടേഴ്സ്/ഇപ്സോസ് സർവേ. പ്രസിഡന്റ് ജോ ബൈഡൻ സ്ഥാനാർഥിത്വത്തിൽനിന്ന് പിൻമാറിയതിനെ തുടർന്നാണ് വൈസ് പ്രസിഡന്റ് കമലാ ഹാരിസിന് പാർട്ടിയുടെ സ്ഥാനാർഥിയാകാൻ സാധ്യതയേറിയത്.
കഴിഞ്ഞ ഞായറാഴ്ചാണ് ബൈഡൻ പിൻമാറുന്ന വിവരം പ്രഖ്യാപിച്ചത്. ഇതിന് മുമ്പ് നടന്ന സർവേകളിൽ ബൈഡനേക്കാൾ ട്രംപിനായിരുന്നു മുൻതൂക്കം. ഇതാണ് കമലാ ഹാരിസ് മറികടന്നത്. കമലാ ഹാരിസിന് 44ഉം ട്രംപിന് 42ഉം ശതമാനം വോട്ടുകൾ ലഭിച്ചു.
59കാരിയായ ഹാരിസിന് മാനസികമായി കൂടുതൽ ശ്രദ്ധയും വെല്ലുവിളികളെ നേരിടാൻ കഴിവുമുണ്ടെന്ന് സർവേയിൽ പങ്കെടുത്ത 56 ശതമാനം പേരും പറയുന്നു. അതേസമയം, ട്രംപിനെ 49 ശതമാനം പേരാണ് ഇക്കാര്യത്തിൽ പിന്തുണച്ചത്.
മത്സരിക്കരുതെന്ന സമ്മർദം പാർട്ടിക്കുള്ളിൽ ശക്തമായിരിക്കെയാണ് നിലവിലെ പ്രസിഡന്റ് ബൈഡൻ പിന്മാറ്റം പ്രഖ്യാപിച്ചത്. യു.എസ് തെരഞ്ഞെടുപ്പിന് നാല് മാസം മാത്രം ബാക്കിനിൽക്കേയാണ് ബൈഡന്റെ പിന്മാറ്റം. റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയും മുൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപിനോട് ആദ്യ പ്രസിഡൻഷ്യൽ സംവാദത്തിൽ പതറിയതോടെ ബൈഡൻ പിന്മാറണമെന്ന ആവശ്യം ശക്തമായിരുന്നു. അദ്ദേഹത്തിന് ഓർമക്കുറവും അനാരോഗ്യവും അലട്ടുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.