ഓമനിച്ചുവളര്‍ത്തിയ കംഗാരു ആക്രമിച്ചു; വൃദ്ധന് ദാരുണാന്ത്യം
|86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കംഗാരുവിന്‍റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതെന്ന് പൊലീസ്
ഓമനിച്ചു വളര്‍ത്തിയ കംഗാരുവിന്‍റെ ആക്രമണത്തില്‍ വൃദ്ധന്‍ കൊല്ലപ്പെട്ടു. ആസ്ത്രേലിയയിലാണ് സംഭവം. 77കാരനാണ് കൊല്ലപ്പെട്ടത്. ആസ്ത്രേലിയയില്‍ 86 വര്‍ഷത്തിനിടെ ഇതാദ്യമായാണ് കംഗാരുവിന്‍റെ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുന്നതെന്ന് പൊലീസ് അറിയിച്ചു.
പടിഞ്ഞാറൻ ആസ്ത്രേലിയയിലെ ജനസാന്ദ്രത കുറഞ്ഞ നഗരമായ റെഡ്‌മണ്ടിലാണ് ഗുരുതരമായ പരിക്കുകളോടെ വൃദ്ധനെ കണ്ടെത്തിയത്. ആംബുലൻസ് ജീവനക്കാർ എത്തുമ്പോൾ വൃദ്ധനു സമീപം കംഗാരുവുണ്ടായിരുന്നു. വൃദ്ധനു സമീപമെത്താന്‍ അനുവദിക്കാതെ കംഗാരു, ആംബുലന്‍സ് ജീവനക്കാരെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ കംഗാരുവിനെ വെടിവെച്ചു കൊല്ലേണ്ടിവന്നുവെന്ന് പൊലീസ് പറഞ്ഞു.
ആസ്ത്രേലിയയിലെ ഗ്രേറ്റ് സതേണ്‍ മേഖലയില്‍ ചാരനിറത്തിലുള്ള കംഗാരുവിനെയാണ് പൊതുവെ കാണാറുള്ളത്. ഈ ഇനത്തിലെ ആൺ കംഗാരുവിന് 2.2 മീറ്റർ വരെ നീളവും 70 കിലോ വരെ ഭാരവും ഉണ്ടാകും.
ഇതിനു മുന്‍പ് 1936ല്‍ ന്യൂ സൗത്ത് വെയിൽസിലാണ് സമാനമായ കംഗാരു ആക്രമണമുണ്ടായതെന്ന് ആസ്ത്രേലിയൻ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. ഒരു വലിയ കംഗാരുവിൽ നിന്ന് രണ്ട് നായകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ഒരു യുവാവാണ് ആക്രമിക്കപ്പെട്ടത്. ആക്രമണത്തിൽ താടിയെല്ല് പൊട്ടി തലയ്ക്ക് സാരമായ പരിക്കേറ്റ 38കാരന്‍റെ മരണം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് സംഭവിച്ചതെന്ന് സിഡ്‌നി മോണിങ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.