World
ഒന്നും മിണ്ടാറില്ല, പക്ഷെ ഖാബിയുടെ വീഡിയോകള്‍ എല്ലാം ഹിറ്റാണ്, 10 കോടി ഫോളോവേഴ്സും
World

ഒന്നും മിണ്ടാറില്ല, പക്ഷെ ഖാബിയുടെ വീഡിയോകള്‍ എല്ലാം ഹിറ്റാണ്, 10 കോടി ഫോളോവേഴ്സും

Web Desk
|
31 Aug 2021 6:54 AM GMT

ഒന്നും മിണ്ടാതെ ഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഖാബി കാഴ്ചക്കാരെ പിടിച്ചിരുത്തുന്ന

ഖാബി ലെയിം...പലര്‍ക്കും ഈ പേര് അത്ര പരിചിതമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഒഴുകി നടക്കുന്നവര്‍ക്ക് ഈ കക്ഷിയെ കണ്ടാല്‍ മനസിലാകും. കാരണം ടിക് ടോകില്‍ താരമാണ് ഖാബി. ഒരു വാക്ക് പോലും മിണ്ടാതെയാണ് ഖാബിയുടെ വീഡിയോകള്‍ അങ്ങ് കേറി ഹിറ്റാകുന്നത്. ഇങ്ങനെ മിണ്ടാതെ മിണ്ടാതെ ഖാബി കൂടെക്കൂട്ടിയത് 10 കോടി ഫോളോവേഴ്സിനെയാണ്.

ഒന്നും മിണ്ടാതെ ഭാവങ്ങളിലൂടെയും ആംഗ്യങ്ങളിലൂടെയുമാണ് ഖാബി കാഴ്ചക്കാരെ പിടിച്ചിരുത്തുന്നത്. ഖാബി ഒരു വാക്ക് പോലും മിണ്ടാതെ ടിവി കാണുന്നതും ഗോള്‍ഫ് കളിക്കുന്നതും യാത്ര ചെയ്യുന്നതുമെല്ലാം കാണുന്നവരില്‍ ചിരി നിറയ്ക്കും. കൂളായിട്ടാണ് ഖാബി എല്ലാ വീഡിയോകളിലും പ്രത്യക്ഷപ്പെടുന്നത്. ടിക് ടോകില്‍ മാത്രമല്ല ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും ട്വിറ്ററിലുമെല്ലാം ഖാബി ലെയിമിന് ആരാധകരുണ്ട്.

ഖബാനി ലെയിം എന്നാണ് ഈ ഇരുപത്തിയൊന്നുകാരന്‍റെ മുഴുവന്‍ പേര്. എന്നാല്‍ ഖാബി ലെയിം എന്നാണ് സൈബര്‍ ഇടങ്ങളില്‍ അറിയപ്പെടുന്നത്. സെനഗന്‍ വംശജനായ അദ്ദേഹം ഇറ്റലിയിലാണ് താമസിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ഖാബിയുടെ ആസ്തി 1 മുതൽ 2 മില്യൺ ഡോളര്‍ വരെയാണ് (7.38 കോടി -14.77 കോടി രൂപ).

രണ്ട് വര്‍ഷമേ ആയിട്ടുള്ളൂ ഖാബി ടിക്ടോക്കില്‍ അക്കൗണ്ട് തുടങ്ങിയിട്ട്. ടിക് ടോക്കിൽ 100 ​​മില്യണ്‍ ഫോളോവേഴ്‌സുള്ള യൂറോപ്പിലെ ആദ്യ വ്യക്തിയും ലോകത്തിലെ രണ്ടാമത്തെ വ്യക്തിയും ആണ് ഖാബി. ടിക്ടോക്കിൽ 107.7 മില്യൻ ഫോളേവേഴ്സാണ് നിലവിൽ ഖാബിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കക്കാരി ചാർലി ഡി അമേലിയോ എന്ന 17കാരിക്ക് 123.4 മില്യൻ ഫോളോവേഴ്സുണ്ട്. 38 മില്ല്യൺ ഫോളോവേഴ്സ് ആണ് ഇൻസ്റ്റാഗ്രാമിൽ ഉള്ളത്. 'ഒരു വാക്ക് പോലും ഉച്ചരിക്കാതെ ഖാബി ലെയിം ടിക്ടോക്കിൽ 100 മില്യൻ ഫോളോവേഴ്സിനെ നേടിയിരിക്കുന്നു. അഭിനന്ദനങ്ങൾ ഖാബി. ആളുകളെ ചിരിപ്പിക്കുക എന്ന നിങ്ങളുടെ ലക്ഷ്യവും ക്രിയാത്മകതയും ടിക്ടോക്കിലെ എല്ലാവരും ഇഷ്ടപ്പെടുന്ന ഒന്നാണ്' ഖാബിയെ അഭിനന്ദിച്ച് ടിക്ടോക് കുറിച്ചു.

'ഇതൊക്കെ എന്ത്' എന്ന ഭാവവും ഹാസ്യത്തില്‍ പൊതിഞ്ഞ അവതരണവുമാണ് ഖാബിയെ വ്യത്യസ്തനാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ''കുട്ടിക്കാലം മുതല്‍ ആളുകളെ രസിപ്പിക്കുന്നതിലും ചിരിപ്പിക്കുന്നതിലും എനിക്ക് താല്‍പര്യമുണ്ടായിരുന്നു. എന്‍റെ സര്‍ഗാത്മക ഇടമായതിനും ലോകമെമ്പാടുമുള്ള ആളുകളിലേക്ക് എന്നെ എത്തിച്ചതിനും ടിക്ടോകിനോട് എനിക്ക് നന്ദിയുണ്ട്. എന്നെ സ്വീകരിക്കുന്ന ഒരു സമൂഹമുള്ളതിനാല്‍ സ്വപ്നങ്ങള്‍ പിന്തുടരുന്നത് ഞാന്‍ തുടരും'' ഖാബി ഒരു അഭിമുഖത്തില്‍ പറഞ്ഞു.




Related Tags :
Similar Posts