World
അടിയന്തരമായി ഖാർക്കീവ് വിടണം; ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം
World

അടിയന്തരമായി ഖാർക്കീവ് വിടണം; ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം

Web Desk
|
2 March 2022 11:59 AM GMT

ഒരു മണിക്കൂറിനിടെ രണ്ടാം തവണയാണ് എംബസി നിര്‍ദേശം നല്‍കുന്നത്

ആക്രമണം ശക്തമായ ഖാർക്കീവ് ഉടൻ വിടണമെന്ന് ഇന്ത്യക്കാർക്ക് എംബസിയുടെ നിർദേശം. സുരക്ഷിതമായ സ്ഥലത്തേക്ക് മാറണെമെന്നാണ് മുന്നറിയിപ്പ്. യുക്രൈൻ സമയം ആറുമണിക്ക് മുൻപ് ഖാർക്കീവ് വിടണം. കീവിലേത് പോലെത്തന്നെ ഖാർകീവിലും ശക്തമായ റഷ്യൻ ആക്രമണമാണ് നടക്കുന്നത്. ഈ സാഹചര്യം മുൻ നിർത്തിയാണ് ഇന്ത്യക്കാർക്ക് അടിയന്തര നിർദേശം നൽകിയത്.

ഒരു മണിക്കൂറിനിടെ രണ്ടാം തവണയാണ് എംബസി നിര്‍ദേശം നല്‍കുന്നത്. കിട്ടുന്ന വാഹനത്തില്‍ കയറിപ്പോകണം. ബസും, ട്രെയിനും കിട്ടാത്ത ആളുകൾ കാൽനടയായി നീങ്ങണം. പെസോചിനിലേക്ക് 11 കിലോമീറ്ററും ബബായിലേക്ക് 12 കിലോമീറ്ററും ബെസ്ലുഡോവ്കയിലേക്ക് 16 കിലോമീറ്ററുമാണ് ദൂരമെന്നും എംബസി അറിയിച്ചു.

ഇന്നലെ മുതലേ ഖാർകീവിൽ ശക്തമായ സ്‌ഫോടന പരമ്പരകളാണ് നടക്കുന്നത്. അതിനാൽ ഏതു വിധേനയും നഗരത്തിൽ നിന്നും പുറത്ത് കടക്കാനാണ് നിര്‍ദേശം. ആശുപത്രികളടക്കം ആക്രമണത്തിന് ഇരയായിക്കൊണ്ടിരിക്കുകയാണ്. ഖാർകീവിന്റെ കാര്യത്തിൽ മാധ്യമങ്ങൾ ഉണർന്നു പ്രവർത്തിക്കണമെന്നും യുക്‌റൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് ഇതുമായി ബന്ധപ്പെട്ട സന്ദേശങ്ങൾ നൽകണമെന്നും എംബസി നിർദേശം നൽകിയിട്ടുണ്ട്.

യുക്രൈനിൽ നിന്ന് ട്രൈയിൻ മാർഗം എത്തിയ വിദ്യാർത്ഥികളെ നാട്ടിൽ എത്തിക്കാൻ ശ്രമം തുടരുമ്പോൾ കൂടുതൽ വിദ്യാർത്ഥികൾ എംബസി നിർദ്ദേശപ്രകാരം കിഴക്കൻ മേഖലകളിൽ നിന്ന് അതിർത്തിയിലേക്ക് എത്തുന്നുണ്ട്. പെൺകുട്ടികൾ പ്രത്യേക വാഹനത്തിൽ 15 അംഗ സംഘമായും ആൺകുട്ടികൾ മെട്രോ ട്രെയിന്റെ തുരങ്കപാതയിലൂടെയുമാണ് അതിർത്തിയിലേക്ക് പോയിക്കാണ്ടിരിക്കുന്നത്.

രക്ഷാ പ്രവർത്തനത്തിൻറെ ഏകോപനത്തിനായി കേന്ദ്ര മന്ത്രിമാരും വിവിധ അതിർത്തികളിൽ ഉണ്ട്. ഓപ്പറേഷൻ ഗംഗയിലെ പതിനൊന്നാം വിമാനം കൂടി എത്തിയതോടെ ഇത് വരെ ഇരുന്നൂറിലേറെ മലയാളികൾ ഉൾപ്പടെ രണ്ടായിരത്തിലേറെ ഇന്ത്യക്കാർ തിരിച്ചെത്തിയിട്ടുണ്ട്. യുക്രൈനും റഷ്യയും തമ്മിലുള്ള യുദ്ധം തുടങ്ങിയത് മുതൽ വിദ്യാർഥികളാണ് ഏറ്റവും ദുരിതത്തിലായത്. പലരും ദിവസങ്ങളോളം ബങ്കറിൽ അഭയം തേടിയിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കൂടുതൽ വിദ്യാർഥികളെ സുരക്ഷിതമായി നാട്ടിലെത്തിച്ചിരുന്നു. ഇനിയും പലയിടങ്ങളിലും വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നുണ്ട്.

കഴിഞ്ഞ ദിവസം ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിനിടെ ഇന്ത്യൻ മെഡിക്കൽ വിദ്യാർഥിയും കർണാടക സ്വദേശിയായ നവീൻ ( 21 ) കൊല്ലപ്പെട്ടിരുന്നു. നവീനിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. അതേസമയം, യുക്രൈനിൽ കുടുങ്ങിയവരെ റഷ്യൻ അതിർത്തി വഴി രക്ഷപ്പെടുത്താനാണ് ശ്രമം. ഖർകീവിലും സുമിയിലും കുടുങ്ങിയവരെ രക്ഷപ്പെടുത്താനും ഇന്ത്യൻ സംഘം ലക്ഷ്യമിടുന്നുണ്ട്.12000 ഇന്ത്യക്കാർ യുക്രൈൻ വിട്ടെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ വർധൻ വ്യക്തമാക്കി. റഷ്യയിലെ ബെൽഗറോഡ് വഴി ഇന്ത്യക്കാരെ രക്ഷപ്പെടുത്താനാണ് ഇന്ത്യൻ സംഘത്തിന്റെ ലക്ഷ്യം.

Similar Posts