'സ്വർഗത്തിലിപ്പോൾ ഉപരോധമില്ലാത്തൊരു പുതു ഗസ്സ പിറവികൊണ്ടിരിക്കുന്നു'-കൊല്ലപ്പെടുംമുൻപ് ഹിബ എഴുതി
|ഗസ്സയില്‍ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിബ അബൂ നദ കൊല്ലപ്പെട്ടത്
അത്യുന്നതങ്ങളിലാണ് ഞങ്ങളിപ്പോൾ.
ഞങ്ങളിവിടെ മറ്റൊരു നഗരം പണിയുകയാണ്;
രോഗികളും രക്തവുമില്ലാത്ത ഡോക്ടർമാരുടെ,
വിദ്യാർത്ഥികൾക്കുനേരെ
ആക്രോശിച്ചടുക്കാത്ത അധ്യാപകരുടെ,
സങ്കടങ്ങളും സന്താപങ്ങളുമില്ലാത്ത
പുതുപുത്തൻ കുടുംബങ്ങളുടെ നഗരം.
അവിടെ സ്വർഗം പകർത്തുന്നു, മാധ്യമപ്രവർത്തകർ.
അനശ്വരപ്രണയത്തിൽ
മുക്കിയെഴുതുന്നു, കവികൾ.
എല്ലാവരും ഗസ്സയ്ക്കാരാണ്; എല്ലാവരും.
സ്വർഗത്തിലിപ്പോൾ ഒരു പുതു ഗസ്സ
പിറവികൊണ്ടിരിക്കുന്നു,
ഉപരോധമില്ലാത്ത ഗസ്സ..
മരണം ഗസ്സയ്ക്ക് ഒട്ടും അപ്രവചനീയമായൊരു സംഗതിയല്ല. ഏതു നിമിഷവും മരണം കാത്തുകഴിയുന്നവരുടെ പേരാണ് ഫലസ്തീനികൾ. എന്നാൽ, ഇസ്രായേൽ കൂട്ടക്കുരുതിയിൽ ചുറ്റും മരിച്ചുവീഴുന്ന മനുഷ്യരെ നോക്കി യുവ ഫലസ്തീൻ കവയിത്രിയും നോവലിസ്റ്റുമായ ഹിബ അബൂ നദ ഇങ്ങനെ കുറിക്കുമ്പോൾ അതിന് അർത്ഥതലങ്ങളേറെയാണ്.
മരണത്തിനു മാത്രം തുറന്നുതരാനാകുന്ന സ്വാതന്ത്ര്യത്തിന്റെ വലിയൊരു കവാടമാണത്, ഫലസ്തീനികൾക്ക്. ലോകത്തെ ഏറ്റവും വലിയ തുറന്ന തടവറയിൽനിന്ന്, മിസൈലുകൾ ചീറിപ്പായുന്ന ആകാശത്തിനു കീഴെനിന്ന്, കൊടുംയാതനകളുടെ ലോകത്തുനിന്ന് സ്വാതന്ത്ര്യത്തിന്റെ സ്വർഗലോകത്തേക്കുള്ള യാത്രയാണതവർക്ക്. വിമോചനത്തിന്റെ യാത്രയെന്നും വേണമെങ്കിൽ പറയാം.
ഹിബ ഫേസ്ബുക്കിൽ അവസാനമായി പങ്കുവച്ച കുറിപ്പാണിത്. ശരിക്കും ഒടുവിലത്തെ കുറിപ്പായി മാറിയത്. രക്തത്തിന്റെ മണം തളംകെട്ടിക്കിടക്കുന്ന, മരണനഗരമായി മാറിയ ഗസ്സയിൽ പ്രിയപ്പെട്ടവർക്കൊപ്പം ആ പ്രതീക്ഷിതമായ വിധി ഹിബയും ഏറ്റുവാങ്ങിയിരിക്കുന്നു. ഗസ്സ മുനമ്പിൽ ലോകത്തിന്റെ കൺമുന്നിൽ ഇസ്രായേൽ നരഹത്യ തുടരുമ്പോൾ, ഫലസ്തീനികളുടെ ശബ്ദം പുറംലോകത്തെത്തിച്ച ഒരു എഴുത്തുകാരിക്കും അതിൽനിന്നു രക്ഷയുണ്ടാകുമെന്നു കരുതുന്നത് വ്യാമോഹമല്ലേ..!
ഖാൻ യൂനിസിൽ കഴിഞ്ഞ ദിവസം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിബ അബൂ നദ കൊല്ലപ്പെട്ടത്. 1991ൽ സൗദി അറേബ്യയിലെ വിശുദ്ധ നഗരം മക്കയിലാണ് ഹിബയുടെ ജനനം. 1948ൽ അറബ്-ഇസ്രായേൽ യുദ്ധത്തിൽ വീടും കൂടും നഷ്ടപ്പെട്ട് ഫലസ്തീനിലെ ബെയ്ത് ജിർജയിൽനിന്ന് സൗദിയിലേക്കു കുടിയേറിയതാണ് 32കാരിയുടെ കുടുംബം.
ഗസ്സ ഇസ്‍ലാമിക് യൂനിവേഴ്സിറ്റിയില്‍നിന്ന് ബയോ കെമിസ്ട്രിയില്‍ ബിരുദവും ഗസ്സ അല്‍ അസ്ഹര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ക്ലിനിക്കല്‍ ന്യൂട്രീഷനില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട് ഹിബ. വിദ്യാഭ്യാസ മേഖലയിൽ തന്നെ പ്രവർത്തിച്ചുവരികയായിരുന്ന ഹിബ ഫലസ്തീൻ സാഹിത്യത്തിന്റെ പുതിയ മുഖമാണ്. 2017ൽ അറബ് സർഗാത്മകതയ്ക്കു ലഭിച്ച ഷാർജ പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ അവരെ തേടിയെത്തിയിട്ടുണ്ട്. 'ഓക്‌സിജൻ ഈസ് നോട്ട് ഫോർ ദ ഡെഡ്' ഹിബയുടെ നോവലാണ്.
Summary: A poem written by young Palestinian poet and novelist Heba Abu Nada before she was killed in an Israeli attack, goes viral.