മുന്‍ മിസൈല്‍ പരീക്ഷണ കേന്ദ്രത്തില്‍ ഗ്രീന്‍ ഹൗസ് ഫാം; ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് കിം ജോങ് ഉന്‍
|കഴിഞ്ഞ വർഷം വരെ രാജ്യം മിസൈലുകൾ പരീക്ഷിച്ച മുൻ വ്യോമ താവളത്തിലാണ് ഗ്രീന്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്
പ്യോങ്യാങ്: ഉത്തരകൊറിയ പുതിയതായി തുടങ്ങിയ റയോൺഫോ ഗ്രീൻഹൗസ് ഫാമിന്റെ ഉദ്ഘാടനച്ചടങ്ങില്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നും പങ്കെടുത്തതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. കഴിഞ്ഞ വർഷം വരെ രാജ്യം മിസൈലുകൾ പരീക്ഷിച്ച മുൻ വ്യോമ താവളത്തിലാണ് ഗ്രീന്‍ഹൗസ് നിര്‍മിച്ചിരിക്കുന്നത്.
ഉത്തരകൊറിയയിലെ ഏറ്റവും വലിയ പച്ചക്കറി ഫാമുകളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്ന ഫാം ഹൗസ് രാജ്യം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഭക്ഷ്യക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. ആണവ തന്ത്രപരമായ കാര്യങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് മാർഗനിർദേശം നൽകിയതിന് ശേഷമാണ് കിം പരിപാടിയിൽ പങ്കെടുത്തതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.ദക്ഷിണ കൊറിയയുടെയും അമേരിക്കയുടെയും സംയുക്ത നാവിക അഭ്യാസങ്ങളെ പ്രതിരോധിക്കുന്നതിനായി ഉത്തര കൊറിയ ദക്ഷിണ കൊറിയയെ ലക്ഷ്യമിട്ട് ആണവ അഭ്യാസങ്ങൾ നടത്തുന്നുണ്ട്.
ഹംജുവിന്റെ കിഴക്കൻ ഗ്രാമപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഫാം ഹൗസിന്റെ ഉദ്ഘാടനം ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സ്ഥാപക വാർഷികത്തോടനുബന്ധിച്ചാണ് സംഘടിപ്പിച്ചത്. 2019 നവംബറിൽ കെഎൻ-25-ഉം 2021 മാർച്ചിൽ കെഎൻ-23-ഉം ഉൾപ്പെടെ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകളുടെ നിരവധി വിക്ഷേപണങ്ങൾക്കായി ഈ സ്ഥലം ഉപയോഗിച്ചിരുന്നു. റയോൺഫോ ഗ്രീൻ ഹൗസ് ഫാമിനെ മാതൃകയാക്കി, രാജ്യത്തിന്റെ മൊത്തത്തിലുള്ള ഗ്രാമീണ വികസനവുമായി മുന്നോട്ട് പോകാനാണ് കിം പദ്ധതിയിടുന്നത്.
ഫാമിൽ 280 ഹെക്ടറിൽ 850-ലധികം ആധുനിക ഹരിതഗൃഹങ്ങൾ ഉണ്ടെന്ന് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ കെസിഎൻഎ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതൽ വലിയ ഫാമുകൾ നിർമിക്കാനും പച്ചക്കറികൾ വിതരണം ചെയ്യാനും ഫാമുകളില്‍ ശാസ്ത്രീയ പരിപാലനം ഉറപ്പാക്കാനും കിം നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.