ഉറക്കമില്ല, അമിതമായ മദ്യപാനവും പുകവലിയും-കിം ജോങ് ഉൻ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്
|ദക്ഷിണ കൊറിയൻ ചാരസംഘമായ നാഷനൽ ഇന്റലിജൻസ് സർവിസ് ആണ് വിവരങ്ങൾ പുറത്തുവിട്ടത്
പ്യോങ്‌യാങ്: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ കടുത്ത ഉറക്കപ്രശ്‌നങ്ങൾ നേരിടുന്നതായി റിപ്പോർട്ട്. ഉറക്കം ലഭിക്കാത്തതിനെ തുടർന്ന് ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്ന കിം അമിതമായി മദ്യപാനത്തിനും പുകവലിക്കും അടിമയാണെന്നും വിവരമുണ്ട്. ദക്ഷിണ കൊറിയൻ ചാരസംഘമായ 'നാഷനൽ ഇന്റലിജൻസ് സർവിസി'നെ(എൻ.ഐ.എസ്) ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമമായ 'ബ്ലൂംബെർഗ്' ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഉറക്കം നഷ്ടപ്പെടുന്ന ഇൻസോംനിയ എന്ന അസുഖമാണ് കിം ജോങ്ങിനുള്ളത്. ഇതിനു വിദേശത്തുനിന്നടക്കം വിദഗ്ധമായ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. വിദേശത്തുനിന്ന് സോൽപിഡം അടക്കമുള്ള മരുന്നുകൾ എത്തിക്കുന്നുണ്ട്. എൻ.ഐ.എസിനു ലഭിച്ച വിവരങ്ങൾ ദക്ഷിണ കൊറിയൻ പാർലമെന്റ് അംഗവും പാർലമെന്റ് ഇന്റലിജൻസ് കമ്മിറ്റി സെക്രട്ടറിയുമായ യൂ സാങ്-ബൂം പുറത്തുവിട്ടു.
അമിതമായ മദ്യാസക്തിയും പുകവലിയുമാണ് ഉറക്കമില്ലായ്മയ്ക്കു കാരണമെന്നും റിപ്പോർട്ടുണ്ട്. വലിയ തോതിൽ മാൽബൊറോ, ഡൺഹിൽ അടക്കമുള്ള വിദേശ സിഗരറ്റുകൾ അടുത്തിടെ ഉത്തര കൊറിയ വലിയ തോതിൽ ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് യൂ സാങ് ബൂം വെളിപ്പെടുത്തി. അമിതമായ പുകവലിയും മദ്യപാനവും കിമ്മിന്റെ ശരീരത്തെ തളർത്തിയിട്ടുണ്ട്. കഴിഞ്ഞ മെയ് 16ന് ഒരു പൊതുപരിപാടിയിലടക്കം ഉറക്കം തൂങ്ങിയാണ് അദ്ദേഹത്തെ കാണപ്പെട്ടതെന്ന് യൂ സാങ് ചൂണ്ടിക്കാട്ടുന്നു. ഉറക്കപ്രശ്‌നങ്ങൾക്കിടെയും കിമ്മിന്റെ ശരീരഭാരത്തിൽ വലിയ മാറ്റമില്ലെന്നതും ആശങ്കയായി തുടരുകയാണ്. 140 കി.ഗ്രാമിലേറെയാണ് നിലവിൽ കിമ്മിന്റെ ശരീരഭാരമെന്നാണ് ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നത്.
Summary: According to South Korea's spy agency, National Intelligence Service (NIS), North Korean Leader Kim Jong Un is suffering from a sleep disorder, insomnia, and a potentially worsening alcohol and nicotine dependency