ഹമാസിന് ആയുധം നൽകാൻ കിം ജോങ് ഉൻ ഉത്തരവിട്ടു?
|ഇസ്രായേൽ പതാകയുള്ള കടലാസ് ടോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടെന്ന് പലരും ട്വീറ്റ് ചെയ്യുന്നുണ്ട്
ഇസ്രയേൽ അധിനിവേശത്തിനെതിരെ ചെറുത്തുനിൽക്കുന്ന ഹമാസടക്കമുള്ള പോരാളി സംഘടനകൾക്ക് ആയുധം നൽകാനും ഫലസ്തീന് പിന്തുണ നൽകാനും ഉത്തര കൊറിയൻ പ്രസിഡൻറ് കിം ജോങ് ഉൻ ഉത്തരവിട്ടതായി വാർത്തകൾ. ദക്ഷിണ കൊറിയൻ വാർത്താ ഏജൻസികളെ ഉദ്ധരിച്ച് ദി വാൾ സ്ട്രീറ്റ് ജേണൽ, അനന്തോളു ന്യൂസ് ഏജൻസി തുടങ്ങിയ നിരവധി മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട് ചെയ്തു. ഇസ്രായേലിനെ അംഗീകരിക്കാത്ത ഉത്തര കൊറിയയുടെ ഏകാധിപതി ഹമാസിന് പ്രധാന ആയുധങ്ങൾ നൽകി സഹായിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായാണ് വിവരം. സയണിസ്റ്റുകളുടെ അജണ്ടകൾ തുറന്നുകാട്ടുന്ന ജാക്‌സൻ ഹിൻക്ലെയടക്കം ഇക്കാര്യം എക്‌സിലും (ട്വിറ്റർ) പങ്കുവെച്ചിട്ടുണ്ട്.
ദക്ഷിണ കൊറിയയുടെ നാഷണൽ ഇൻറലിജൻറ്‌സ് സർവീസ് പാർലമെൻററി ഇൻറലിജൻറ്‌സ് കമ്മിറ്റിയുടെ ഓഡിറ്റ് സെഷനിൽ ഈ വിവരം പങ്കുവെച്ചതായാണ് സിയോൾ കേന്ദ്രീകരിച്ചുള്ള യോൻഹാപ് ന്യൂസ് മുഖേന അനന്തോളു റിപ്പോർട്ട് ചെയ്തത്. ദക്ഷിണ കൊറിയയിലെ ഭരണകക്ഷി അംഗം യൂ സാങ് ബൂമിനെ ഉദ്ധരിച്ചാണ് വാർത്ത. 'ഇസ്രായേൽ -ഹമാസ് യുദ്ധത്തിന്റെ നേട്ടങ്ങൾ വിവിധ നിലയ്ക്ക് നേടാൻ ഉത്തര കൊറിയ ശ്രമിക്കുകയാണ്' യൂ പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
ഫലസ്തീൻ യുദ്ധത്തിൽ നിന്ന് നേട്ടമുണ്ടാക്കാൻ കിം ജോങ് ഉൻ ഫലസ്തീനിന് വ്യാപകമായ പിന്തുണ നൽകാൻ ആവശ്യപ്പെട്ടതായി കരുതുന്നതായി ദക്ഷിണ കൊറിയയുടെ നാഷണൽ ഇന്റലിജൻസ് ഏജൻസിയുടെ ഡയറക്ടർ കിം ക്യു-ഹ്യുൻ നിയമനിർമ്മാതാക്കളോട് പറഞ്ഞുവെന്ന് കൊറിയ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.
ഒക്ടോബർ ഏഴിന് ഇസ്രയേലിനെതിരെ ആക്രമണം നടത്തിയ ഹമാസ് പോരാളികൾ ഉത്തരകൊറിയൻ ആയുധങ്ങൾ ഉപയോഗിച്ചതായി സംശയമുയർന്നതിനെ തുടർന്നാണ് പുതിയ വാദഗതികൾ. ഹമാസ് പോസ്റ്റ് ചെയ്ത ചിത്രങ്ങളിലും വീഡിയോകളിലും ഈ കാര്യം തെളിയിക്കുന്ന തെളിവുകൾ ഉണ്ടായിരുന്നുവെന്നും പറയപ്പെടുന്നു. കവചിത വാഹനങ്ങൾക്കെതിരെ സാധാരണ ഉപയോഗിക്കുന്ന ഉത്തര കൊറിയൻ എഫ് -7 റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡാണ് ഹമാസ് ഉപയോഗിച്ചതെന്ന് ദക്ഷിണ കൊറിയൻ ഉദ്യോഗസ്ഥരെയും ഉത്തര കൊറിയൻ ആയുധങ്ങളുമായി ബന്ധപ്പെട്ട രണ്ട് പ്രതിരോധ വിദഗ്ധരെയും ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. ഉത്തര കൊറിയയുടെ ബൾസെ ഗൈഡഡ് ടാങ്ക് വേധ മിസൈലുകൾ ഹമാസ് ഉപയോഗിച്ചതായും ആരോപിക്കപ്പെട്ടു.
ഉത്തര കൊറിയൻ ആയുധങ്ങൾ ഹമാസ് ഉപയോഗിക്കുന്നതായി ദക്ഷിണ കൊറിയയിലെ ഇസ്രായേൽ അംബാസിഡർ അകിവ കഴിഞ്ഞ ആഴ്ച ആരോപിച്ചിരുന്നു. എന്നാൽ മധേഷ്യയിലെ യുദ്ധത്തിന്റെ ആക്ഷേപം മൂന്നാമതൊരു രാജ്യത്തിന്റെ മേൽ ചാർത്താൻ യുഎസ് ശ്രമിക്കുകയാണെന്ന് കുറ്റപ്പെടുത്തി യുഎന്നിലെ ഉത്തരകൊറിയൻ അംബാസിഡർ കിം സോങ് ഈ റിപ്പോർട്ട് തള്ളിയിരുന്നു.
അതേസമയം, ഇസ്രായേൽ വംശഹത്യയാണ് നടത്തുന്നതെന്നു ഉത്തര കൊറിയൻ തലവൻ കിം ജോങ് ഉൻ വിമർശിച്ചിരുന്നു. അൽ അഹ്‌ലി ആശുപത്രിയിൽ ഇസ്രായേൽ നടത്തിയ ബോംബാക്രമണത്തെ ഉത്തര കൊറിയൻ വിദേശകാര്യ മന്ത്രാലയവും കുറ്റപ്പെടുത്തി. യുഎസിന്റെ മറഞ്ഞ രക്ഷാകർതൃത്വത്തിൽ നടന്ന യുദ്ധകുറ്റമെന്നാണ് മന്ത്രാലയം വിമർശിച്ചത്. ഇസ്രായേൽ പതാകയുള്ള കടലാസ് ടോയ്‌ലറ്റ് പേപ്പറായി ഉപയോഗിക്കാൻ കിം ജോങ് ഉൻ ഉത്തരവിട്ടെന്ന് പലരും ട്വീറ്റ് ചെയ്യുന്നുണ്ട്.
ആണവ പരീക്ഷണങ്ങളുടെ പേരിൽ യുഎൻ ഉപരോധം നേരിടുന്ന ഉത്തര കൊറിയ ഹമാസിന് ആൻറി ടാങ്ക് റോക്കറ്റ് ലോഞ്ചറുകൾ നൽകിയിരുന്നതായി നേരത്തെ വാർത്തയുണ്ടായിരുന്നു. യുക്രൈനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ സഹായിക്കാൻ ഉത്തരകൊറിയ ഒരു ദശലക്ഷത്തിലധികം പീരങ്കികളും 10 ഷിപ്പ്മെന്റ് ആയുധങ്ങളും നൽകിയതായി ദക്ഷിണ കൊറിയൻ രഹസ്യാന്വേഷണ വിഭാഗം ആരോപിച്ചിരുന്നു.
The news is that North Korean President Kim Jong Un ordered to provide weapons to Hamas, which is resisting Israeli occupation, and to support Palestine.