World
King Charles

ചാള്‍സ് രാജാവ്

World

ചാള്‍സ് രാജാവിന് ക്യാന്‍സര്‍; സ്ഥിരീകരിച്ച് ബക്കിംഗ്ഹാം പാലസ്

Web Desk
|
6 Feb 2024 2:59 AM GMT

75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്‍റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ പറഞ്ഞു

ലണ്ടന്‍: ബ്രിട്ടനിലെ ചാൾസ് മൂന്നാമന്‍ രാജാവിന് അർബുദം സ്ഥിരീകരിച്ചു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ക്യാന്‍സറിന്‍റെ രൂപം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്‍റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ പറഞ്ഞു. ആശുപത്രിയിൽ പ്രവേശിച്ചപ്പോള്‍ നടത്തിയ മറ്റു പരിശോധനകളിലാണ് ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എവിടെയാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ ആരംഭിച്ചതിനാല്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്‍റെ സേവനങ്ങളിൽ സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും കിംഗ്സ് മൂന്നാമൻ പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മാസം മൂന്ന് രാത്രികള്‍ അദ്ദേഹം ആശുപത്രിയില്‍ ചെലവഴിച്ചു. പരിശോധനകള്‍ക്ക് വിധേയനായി. പരിശോധനയില്‍ ക്യാന്‍സര്‍ കണ്ടെത്തിയതായി കൊട്ടാരം സ്ഥിരീകരിച്ചു. ചാൾസ് രാജാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് യു.കെ പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു. ''രാജാവ് വേഗത്തില്‍ സുഖം പ്രാപിക്കട്ടെ. അദ്ദേഹം ഉടന്‍ തന്നെ പൂര്‍ണ ആരോഗ്യാവസ്ഥയിലേക്ക് മടങ്ങിവരുമെന്നതിൽ എനിക്ക് സംശയമില്ല, രാജ്യം മുഴുവൻ അദ്ദേഹത്തിന് ആശംസകൾ നേരുമെന്ന് എനിക്കറിയാം" സുനക് എക്സില്‍ കുറിച്ചു. "ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച്, അദ്ദേഹത്തിൻ്റെ ആരോഗ്യം വീണ്ടെടുക്കാൻ ഞാൻ എല്ലാവിധ ആശംസകളും നേരുന്നു. അദ്ദേഹം പൂർണ്ണ ആരോഗ്യത്തോടെ തിരിച്ചെത്തുന്നത് കാണാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."പ്രതിപക്ഷ ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മേയിലാണ് ചാള്‍സ് മൂന്നാമന്‍റെ ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേറ്റത്. വിവിധ രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ചടങ്ങിന് കാന്‍റബറി ആര്‍ച്ച് ബിഷപ്പാണ് നേതൃത്വം നല്‍കിയത്.

Related Tags :
Similar Posts