World
king charls, britton, world news
World

ചരിത്ര മുഹൂർത്തം; 70 വർഷത്തിന് ശേഷം കിരീടധാരണത്തിന് സാക്ഷ്യംവഹിച്ച് ബ്രിട്ടൺ

Web Desk
|
6 May 2023 12:24 PM GMT

1937ന് ശേഷം ആദ്യമായി ഒരു രാജ്ഞി രാജാവിനൊപ്പം കിരീടധാരണം നടത്തുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്

ബ്രിട്ടന്റെ പുതിയ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ആബിയിൽ നടന്ന ചടങ്ങുകൾക്ക് കാന്റബറി ആർച്ച് ബിഷപ്പ് നേതൃത്വം നൽകി. ഭാര്യ കാമിലാരാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. ബെക്കിങ് ഹാം കൊട്ടാരത്തിൽ നിന്ന് ചാൾസും കാമിലയും ഘോഷയാത്രയായാണ് വെസ്റ്റ്മിനിസ്റ്റർ ആബിയിലെത്തിയത്. ലോക രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ ക്ഷണിക്കപ്പെട്ട നാലായിരം അതിഥികൾ പ്രൗഢഗംഭീര ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ പ്രതിനിധിയായി ഉപരാഷ്ട്രപതി ജഗദ്വീപ് ധൻകഡ് ആണ് ലണ്ടനിൽ എത്തിയത്.

ഓപ്പറേഷൻ ഗോൾഡൻ ഓർബ്

ഇന്ത്യൻ സമയം ഇന്ന് വൈകിട്ട് 3.30നായിരുന്നു ചടങ്ങുകൾ ആരംഭിച്ചത്. 'ഓപ്പറേഷൻ ഗോൾഡൻ ഓർബ്' എന്നാണ് ചടങ്ങിന് പേരിട്ടിരിക്കുന്നത്. 1,000 വർഷത്തിലേറെയായി നിലവിലുള്ള ചടങ്ങുകളാണ് അതേപടി തുടർന്നത്. ചടങ്ങുമായി ബന്ധപ്പെട്ടുള്ള കാര്യപരിപാടികൾ കാന്റർബെറി ആർച്ച് ബിഷപ്പ് പ്രസിദ്ധീകരിച്ചിരുന്നു. തത്സമയം സംപ്രേഷണം ചെയ്യപ്പെടുന്ന ആദ്യത്തെ കോറോണേഷനായിരുന്നു ഇത്തവണത്തേത്.

കിരീടം ചൂടി ചാൾസ് മൂന്നാമൻ

നാവിക യൂണിഫോം ധരിച്ചാണ് ചാൾസ് എത്തിയത്. 444 വിലയേറിയ രത്‌നങ്ങൾ പതിപ്പിച്ച, സ്വർണത്തിൽ തീർത്ത സെന്റ് എഡ്വേർഡ്‌സ് ക്രൗൺ എന്ന രാജകിരീടമായിരുന്നു ചടങ്ങിന്റെ പ്രധാന ആകർഷണം. 1661ലാണ് ഈ കിരീടം നിർമിച്ചത്. ഏകദേശം 2.2 കിലോ ഗ്രാം ഭാരമാണ് ഇതിനുള്ളത്. ചാൾസ് രണ്ടാമൻ മുതൽ എല്ലാം ചക്രവർത്തിമാരും ഈ കിരീടം ഉപയോഗിച്ച് വരുന്നുണ്ട്.

1937ന് ശേഷം ഇതാദ്യമായാണ് ഒരു രാജ്ഞി രാജാവിനൊപ്പം കിരീടധാരണം നടത്തുന്നത്. എലിസബത്ത് രാജ്ഞിയുടെ സ്വകാര്യ ആഭരണ ശേഖരത്തിൽ നിന്നുള്ള വജ്രങ്ങൾകൊണ്ട് അലങ്കരിച്ച് കിരീടമാണ് കാമിലയെ അണിയിപ്പിച്ചത്. 1953ലായിരുന്നു എലിസബത്ത് രാജ്ഞിയുടെ കിരീടധാരണം. വെസ്റ്റ്മിൻസ്റ്റർ ആബെയിൽ കിരീടമണിയുന്ന നാൽപതാമത്തെ പരമാധികാരിയാണ് ചാൾസ് മൂന്നാമൻ. 1066 മുതലുള്ള എല്ലാ കിരീടധാരണത്തിനും വേദിയാണ് വെസ്റ്റ്മിസ്റ്റർ ആബെ. അവിടെവെച്ച് കിരീടം ചൂടിയ ആദ്യത്തെ രാജാവാണ് വില്യം കോൺക്വറർ.

ചടങ്ങുകളെല്ലാം പൂർത്തിയായതോടെ ചാൾസ് രാജാവും കാമില രാജ്ഞിയും ഘോഷയാത്രയുടെ അകമ്പടിയോടെ സർണത്തേരിൽ ബക്കിങ്ഹാം കൊട്ടാരത്തിലേക്ക് ഉടൻ മടങ്ങും.

Similar Posts