World
king charles

ചാള്‍സ് രാജാവ്

World

അവരുടെ സ്നേഹവും ആശംസകളും എന്‍റെ കണ്ണുനീര്‍ കുറച്ചു; ചാള്‍സ് രാജാവ്

Web Desk
|
22 Feb 2024 5:29 AM GMT

ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതു ചുമതലകളിൽ നിന്ന് മാറിനിന്നതിന് ശേഷം ആദ്യമായി തൻ്റെ പ്രതിവാര സദസ്സ് പ്രധാനമന്ത്രിയുമായി നടത്തിയിരുന്നു

ലണ്ടന്‍: അര്‍ബുദം സ്ഥീകരിച്ചതിനു ശേഷം ജനങ്ങളില്‍ നിന്നും തനിക്ക് ലഭിച്ച സന്ദേശങ്ങള്‍ തന്‍റെ കണ്ണീരിനെ തടഞ്ഞുവെന്ന് ചാള്‍സ് മൂന്നാമന്‍ രാജാവ്. ചികിത്സയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി പൊതു ചുമതലകളിൽ നിന്ന് മാറിനിന്നതിന് ശേഷം ആദ്യമായി തൻ്റെ പ്രതിവാര സദസ്സ് പ്രധാനമന്ത്രിയുമായി നടത്തിയിരുന്നു. ബക്കിംഗ്ഹാം കൊട്ടാരത്തില്‍ വച്ചായിരുന്നു ഔപചാരിക കൂടിക്കാഴ്ച.

''ഞങ്ങളെല്ലാവരും നിങ്ങള്‍ക്കൊപ്പമുണ്ട്, ഈ രാജ്യം മുഴുവന്‍ നിങ്ങളുടെ പിന്നിലുണ്ട്'' പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സിനോട് പറഞ്ഞു. നേവി ബ്ലൂ സ്യൂട്ടും ടൈയും ധരിച്ചെത്തിയ ചാള്‍സിനെ കണ്ടപ്പോള്‍ 'നിങ്ങള്‍ വളരെ നന്നായിരിക്കുന്നെന്ന്'' സുനക് അഭിനന്ദിച്ചു. “എനിക്ക് ധാരാളം സന്ദേശങ്ങളും ആശംസ കാർഡുകളും ലഭിച്ചിട്ടുണ്ട്. ഇത് മിക്ക സമയത്തും എന്‍റെ കണ്ണുനീര്‍ കുറച്ചു'' ചാള്‍സ് പ്രതികരിച്ചു. സർക്കാർ കാര്യങ്ങളിൽ രാജാവിനെ ഉപദേശിക്കാൻ മാസത്തിലൊരിക്കൽ യോഗം ചേരുന്ന മുതിർന്ന ഉദ്യോഗസ്ഥരുടെ സംഘമായ പ്രിവി കൗണ്‍സിലുമായി ചാള്‍സ് രാജാവ് കൂടിക്കാഴ്ച നടത്തി.

ഈയിടെയാണ് ചാള്‍സ് രാജാവിന് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടര്‍ന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം കൊട്ടാരം ഇക്കാര്യം പ്രസ്താവനയില്‍ അറിയിച്ചത്. ക്യാന്‍സറിന്‍റെ രൂപം വ്യക്തമാക്കിയിട്ടില്ലെങ്കിലും 75 കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവ് തന്‍റെ പൊതു ചുമതലകള്‍ മാറ്റിവെച്ചതായും പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ആശുപത്രിയിൽ പ്രവേശിച്ചപ്പോള്‍ നടത്തിയ മറ്റു പരിശോധനകളിലാണ് ക്യാന്‍സര്‍ തിരിച്ചറിഞ്ഞത്. എന്നാല്‍ എവിടെയാണ് ക്യാന്‍സര്‍ ബാധിച്ചിരിക്കുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ചികിത്സ ആരംഭിച്ചതിനാല്‍ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഉപദേശിച്ചിട്ടുണ്ട്. മെഡിക്കല്‍ സംഘത്തിന്‍റെ സേവനങ്ങളിൽ സംതൃപ്തനാണെന്നും നന്ദി അറിയിക്കുന്നുവെന്നും കിംഗ്സ് മൂന്നാമൻ പറഞ്ഞിരുന്നു.

കഴിഞ്ഞ വര്‍ഷം മേയിലാണ് ചാള്‍സ് മൂന്നാമന്‍റെ ബ്രിട്ടന്‍റെ പുതിയ രാജാവായി അധികാരമേറ്റത്. വിവിധ രാജ്യങ്ങളില്‍ നിന്നായി നാലായിരത്തോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്ത ചടങ്ങിന് കാന്‍റബറി ആര്‍ച്ച് ബിഷപ്പാണ് നേതൃത്വം നല്‍കിയത്.

Related Tags :
Similar Posts