യുക്രൈൻ അധിനിവേശം ന്യായീകരിക്കുന്നതിനിടെ പുടിന്റെ പ്രസംഗം നിർത്തി റഷ്യൻ ടിവി; അപൂർവ്വ നടപടി
|സർക്കാറിന് കടുത്ത നിയന്ത്രണമുള്ള ചാനലാണ് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ.
മോസ്കോ: മോസ്കോയിലെ ലൂസ്നികി ഫുട്ബോൾ സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് അനുയായികളെ അഭിസംബോധന ചെയ്യവെ, പ്രസിഡണ്ട് വ്ളാദിമിർ പുടിന്റെ പ്രസംഗം ഇടക്കുവച്ച് നിർത്തി റഷ്യൻ സ്റ്റേറ്റ് ടിവി. പ്രസംഗത്തിന് പകരം ചടങ്ങിൽ നേരത്തെയുണ്ടായിരുന്ന ദേശസ്നേഹ സംഗീതത്തിന്റെ ക്ലിപ്പാണ് ടിവി കാണിച്ചത്.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ അനുകൂലിച്ച് സംസാരിക്കുന്നതിനിടെയാണ് സംഭവം. 'നമ്മുടെ സൈനിക നടപടിയുടെ (യുക്രൈനിലെ) തുടക്കം സൈന്യത്തിന്റെ ജന്മദിനത്തിലായിരുന്നു എന്നത് യാദൃച്ഛികമായിരുന്നു...' എന്നിങ്ങനെ പറയുന്നതിനിടെയാണ് പ്രസംഗം തടസ്സപ്പെട്ടത്.
അപൂർവ്വമായ നടപടിയായാണ് രാഷ്ട്രീയ വിദഗ്ധർ ഇതിനെ കാണുന്നത്. സർക്കാറിന് കടുത്ത നിയന്ത്രണമുള്ള ചാനലാണ് റഷ്യൻ സ്റ്റേറ്റ് ടെലിവിഷൻ. സർവറിലെ സാങ്കേതിക കാരണങ്ങളാണ് പ്രസംഗം തടസ്സപ്പെടാനുള്ള കാരണമെന്ന് ഔദ്യോഗിക വൃത്തങ്ങൾ പിന്നീട് വിശദീകരിച്ചു. മുടങ്ങി പത്തു മിനിറ്റിന് ശേഷം പ്രസിഡണ്ടിന്റെ പ്രസംഗം ഒരിക്കൽ കൂടി ടിവി സംപ്രേഷണം ചെയ്തിരുന്നു. ക്രിമിയൻ അധിനിവേശത്തിന്റെ എട്ടാം വാർഷികത്തിലാണ് പരിപാടി സംഘടിപ്പിച്ചിരുന്നത്. എൺപതിനായിരത്തോളം പേരാണ് പ്രസിഡണ്ടിന്റെ പ്രസംഗം കേൾക്കാനായി ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ നടന്ന സ്റ്റേഡിയത്തില്‍ എത്തിയിരുന്നത്.
പ്രസംഗത്തിൽ 'ഐക്യ'ത്തെ കുറിച്ചാണ് പുടിൻ ഏറെ നേരം സംസാരിച്ചത്. ദീർഘകാലമായി രാജ്യത്ത് ഇത്തരത്തിലൊരു ഐക്യം കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുഹൃത്തുക്കൾക്കു വേണ്ടി സ്വന്തം ആത്മാവിനെ ത്യജിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന ബൈബിൾ വചനം ഉദ്ധരിച്ചാണ് യുക്രൈനിലെ അധിനിവേശം പുടിൻ ന്യായീകരിച്ചത്.
ഫെബ്രുവരി 24നാണ് യുക്രൈനിലെ റഷ്യൻ അധിനിവേശം ആരംഭിച്ചത്. ദിവസങ്ങൾ നീണ്ട യുദ്ധത്തിനൊടുവിലും ഇതുവരെ തലസ്ഥാനമായ കിയവ് പിടിക്കാൻ റഷ്യക്കായിട്ടില്ല. പടിഞ്ഞാറൻ രാഷ്ട്രങ്ങളും വൻകിട കമ്പനികളും റഷ്യക്കെതിരെ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്. അധിനിവേശത്തിനെതിരെ തലസ്ഥാനമായ മോസ്കോയിലും പ്രതിഷേധങ്ങൾ അരങ്ങേറിയിരുന്നു.
പുട്ടിനെ വിമർശിച്ച മോഡലിന്റെ മൃതദേഹം സ്യൂട്ട്കേസിനുള്ളിൽ
പുടിനെ വിമർശിച്ചിരുന്ന റഷ്യൻ മോഡലായ ഗ്രെറ്റ വെഡ്ലറുടെ മൃതശരീരം സ്യൂട്ട്കേസിനുള്ളിൽ നിന്നു കണ്ടെത്തി. ഒരു വർഷമായി ഇവരെ കാണാതായിരുന്നു. ഇരുപത്തിമൂന്നുകാരിയായ ഗ്രെറ്റയുടെ മുൻകാമുകനായ ദിമിത്രി കോറോവിനാണ് കൊലയാളിയെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പണം സംബന്ധിച്ച തർക്കമാണു കൊലപാതകത്തിലേക്കു നയിച്ചതെന്നും കൊറോവിൻ കുറ്റസമ്മതം നടത്തി.
ഗ്രെറ്റയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം കൊറോവിൻ, മൃതശരീരം മൂന്നു ദിവസം ഹോട്ടൽമുറിക്കുള്ളിൽ സൂക്ഷിച്ചു. ഈ സമയത്ത് കൊറോവിനും ഇവിടെയാണു കഴിഞ്ഞത്. ഇതിനു ശേഷം കൊറോവിൻ ഗ്രെറ്റയുടെ മൃതദേഹം പുതുതായി വാങ്ങിയ ഒരു സ്യൂട്ട്കേസ് പെട്ടിക്കുള്ളിലാക്കുകയും 450 കിലോമീറ്റർ അകലെയുള്ള റഷ്യൻ മേഖലയായ ലിപെറ്റ്സ്കിൽ എത്തിച്ച ശേഷം അവിടെ പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ ഡിക്കിയിൽ ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഒരു വർഷത്തോളം മൃതദേഹം ആ കാറിൽ കിടന്നു. കഴിഞ്ഞ ദിവസമാണ് ഇതു കണ്ടെത്തിയത്.
ഗ്രെറ്റയുടെ കൊലയ്ക്കു ശേഷം ആളുകൾ സംശയിക്കാതിരിക്കാനായി അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ അവരുടെ പഴയ ചിത്രങ്ങൾ കൊറോവിൻ ഇടവേളകളിൽ പോസ്റ്റ് ചെയ്തിരുന്നു. ഈ രീതിയിൽ ഗ്രെറ്റ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീതി കൊണ്ടുവരാൻ ഒരു വർഷത്തോളം കൊറോവിനു സാധിച്ചു. എന്നാൽ,ഗ്രെറ്റയുടെ ഉറ്റകൂട്ടുകാരനായ എവ്ജീനി ഫോസ്റ്റർക്ക് ഇതിനിടെ സംശയം ഉടലെടുത്തു. ഗ്രെറ്റയെ കാണാനില്ലെന്നും കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ട് അദ്ദേഹമാണ് മോസ്കോയിൽ കേസ് നൽകിയത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
കൊല്ലപ്പെടുന്നതിന് ഒരു വർഷം മുമ്പാണ് ഗ്രെറ്റ വെഡ്ലർ വ്ളാദിമിര്‍ പുടിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ശക്തമായ ഭാഷയിൽ വിമർശിച്ചത്. എതിർസ്വരങ്ങളെയും പ്രതിഷേധക്കാരെയും ഉരുക്കുമുഷ്ടി ഉപയോഗിച്ച് പുടിൻ അടിച്ചമർത്തുന്നെന്നായിരുന്നു അവരുടെ ആരോപണം.