ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിലേക്ക്; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും
|14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തിരശ്ശീല വീഴുന്നത്
ലണ്ടൻ; ബ്രിട്ടൻ പൊതുതെരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടി ഭരണത്തെ പുറത്താക്കി ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർട്ടി നേതാവ് കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും. 14 വർഷത്തെ കൺസർവേറ്റീവ് പാർട്ടി ഭരണത്തിനാണ് തെരഞ്ഞെടുപ്പോടെ തിരശ്ശീല വീഴുന്നത്. 650 സീറ്റുകളിൽ 370ലും വിജയിച്ച് ലേബർ പാർട്ടി കേവല ഭൂരിപക്ഷം മറികടന്നതായാണ് വിവരം. അതേസമയം, തെരഞ്ഞെടുപ്പിന്റെ അന്തിമഫലം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ബ്രിട്ടനിൽ പുതിയൊരു മാറ്റത്തിന് തുടക്കം കുറിക്കുകയാണെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങളോട് കെയ്ർ സ്റ്റാർമറുടെ പ്രതികരണം. ബ്രിട്ടന്റെ പൊളിച്ചെഴുത്തിന് തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പുതിയൊരു അധ്യായം ഇവിടെ തുടങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പരാജയം അംഗീകരിക്കുന്നതായി പ്രഖ്യാപിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ലേബർ പാർട്ടിയെ അഭിനന്ദിച്ചു.
181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. കൺസർവേറ്റീവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി. 33 ശതമാനമാണ് ലേബർ പാർട്ടിയുടെ വോട്ട് വിഹിതം. കൺസർവേറ്റീവ് പാർട്ടിക്കിത് 23 ശതമാനമാണ്. റിഫോം യുകെ എന്ന പുതിയ പാർട്ടിയാണ് തെരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ച് ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചത്. ഇത്തവണ അക്കൗണ്ട് തുറക്കാനും പാർട്ടിക്കായി.
മൂന്ന് കാര്യങ്ങളാണ് ഇത്തവണ പ്രധാനമായും ബ്രിട്ടീഷ് തെരഞ്ഞെടുപ്പിൽ പ്രചാരണവിഷയമായത്. സാമ്പത്തിക മേഖലയിലെ തകർച്ച, ആരോഗ്യ മേഖലയിലെ പ്രതിസന്ധി, അഭയാർഥികളുടെ കുടിയേറ്റം എന്നിവയായിരുന്നു ഇത്.