ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു: രാജിവെക്കാതെ രാജ്യം വിട്ട പ്രസിഡന്റിനെതിരെ പ്രതിഷേധം കനക്കുന്നു
|പ്രസിഡന്റ് മാലദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
കൊളംബോ: ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മാലദ്വീപിലേക്ക് പോയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. രാജിവെക്കാതെ രാജ്യം വിട്ട പ്രസിഡന്റിനെതിരെ പ്രതിഷേധം കനക്കുകയാണ്. പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് ആയിരക്കണക്കിനാളുകള്‍ മാർച്ച് നടത്തി. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ കൊളംബോ നഗരത്തിലാകെ സുരക്ഷാസേനയെ വിന്യസിച്ചു.
അനിശ്ചിതത്വം തുടരുകയാണ് ശ്രീലങ്കയിൽ. പ്രസിഡന്റ് ഗോതബായ രാജപക്സെ മാലെദ്വീപിലേക്ക് കടന്നതിനു പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രസിഡന്റിന്റെ രാജിയില്ലെങ്കിൽ പ്രക്ഷോഭം കനക്കുമെന്ന സൂചനകൾക്കിടയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം. രാജിവെക്കുമെന്ന് ഗോതബായ രാജപക്സെ നേരത്തെ അറിയിച്ചിരുന്നെങ്കിലും രാജികാര്യത്തിൽ ഇന്ന് മൗനം തുടരുകയാണ്. രാജിക്കത്ത് ലഭിച്ചില്ലെന്ന് സ്പീക്കർ സ്ഥിരീകരിച്ചതോടെ കൊളംബോ നഗരത്തിൽ പ്രക്ഷോഭം വീണ്ടും ശക്തിപ്പെട്ടു .
പ്രസിഡന്റിന്റെ വസതിയിലേക്ക് കൂടുതൽ ആളുകൾ എത്തുകയാണ് . ജനങ്ങളുടെ പ്രതിഷേധത്തെ രൂക്ഷമായി വിമർശിച്ച് കൊണ്ട് പ്രധാനമത്രി റനിൽ വിക്രമസിംഗെ രംഗത്തെത്തിയിരുന്നു . ഇന്ന് രാവിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രക്ഷോഭകർ നടത്തിയ മാർച്ചിനിടെ സുരക്ഷാസേന ടിയർ ഗ്യാസ് പ്രയോഗിച്ചു. കൊളംബോ നഗരത്തിലാകെ സുരക്ഷാസേനയെ വിന്യസിച്ചിരിക്കുകയാണ് . പുലർച്ചെ മൂന്നുമണിയോടെയാണ് ഗോതബായ രാജപക്സെ മാലെദ്വീപിൽ എത്തിയത് . അതിനിടെ യു എസിലേക്ക് കടക്കാൻ ഗോതബായ രാജപക്സെ ശ്രമിച്ചിരുന്നെങ്കിലും യു.എസ് അനുമതി നൽകിയില്ലെന്നും റിപ്പോർട്ടുകളുണ്ട്.