ഹിസ്ബുല്ലയുമായുള്ള കരാർ നെതന്യാഹു നിരസിച്ചാൽ കാര്യങ്ങൾ കൂടുതൽ വഷളാകുമെന്ന് ലെബനാൻ സ്പീക്കർ
|വെടിനിർത്തൽ കരാറിലെ വ്യവസ്ഥകൾ വിശദമായി പരിശോധിച്ചുവരികയാണെന്ന് നാബിഹ് ബെറി പറഞ്ഞു.
ബെയ്റൂത്ത്: 2006ലെ യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിൽ ഒരു മാറ്റവും അംഗീകരിക്കാൻ ലെബനാൻ തയ്യാറല്ലെന്ന് ലെബനീസ് പാർലമെന്റ് സ്പീക്കർ നാബിഹ് ബെറി. ഇസ്രായേലുമായുള്ള വെടിനിർത്തൽ ചർച്ചകളെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെടിനിർത്തൽ അംഗീകരിക്കാൻ നെതന്യാഹു തയ്യാറായില്ലെങ്കിൽ കാര്യങ്ങൾ കൂടുതൽ വഷളാകും. എങ്കിലും കാര്യങ്ങൾ ഓരോ ദിവസം കൂടുമ്പോഴും മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ബെറി പറഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി വെടിനിർത്തൽ കരാറിന്റെ കരട് രൂപം തയ്യാറാക്കുകയാണ്. എല്ലാ വിശദാംശങ്ങളും തങ്ങൾ ചർച്ച ചെയ്യുന്നുണ്ട്. എല്ലാ വശങ്ങളും വിശദമായി പരിഗണിക്കുന്നുണ്ടെന്നും ബെറി വ്യക്തമാക്കി.
2006ലെ ലെബനാൻ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഉണ്ടാക്കിയ കരാറാണ് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം 1701. ഇസ്രായേലും ലെബനാനും തമ്മിൽ സമ്പൂർണ വെടിനിർത്തലിന് പ്രമേയത്തിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്. ഹിസ്ബുല്ലയടക്കമുള്ള സായുധ ഗ്രൂപ്പുകളെ സമ്പൂർണമായി നിരായുധീകരിക്കണമെന്നും ഇസ്രായേൽ സൈന്യം പൂർണമായും ലെബനാനിൽനിന്ന് പിൻമാറണമെന്നും പ്രമേയം പറയുന്നു.