കാണ്ടാമൃഗ സംരക്ഷണം: അസമിലെ ഹിമാന്ത ബിശ്വശർമ സർക്കാരിനെ പ്രശംസിച്ച് ഡികാപ്രിയോ
|'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി'ന്റെ റിപ്പോർട്ടിനൊപ്പമാണ് ഇന്ത്യയിലെ വിജയവുമെന്ന് ലിയോനാർഡോ ഡികാപ്രിയോ കുറിച്ചു
ന്യൂയോർക്ക്: അസമിൽ കാണ്ടാമൃഗവേട്ട അവസാനിപ്പിച്ച ഹിമാന്ത ബിശ്വശർമ സർക്കാരിനെ പ്രശംസിച്ച് ഹോളിവുഡ് സൂപ്പർ താരം ലിയോനാർഡോ ഡികാപ്രിയോ. കാസിരംഗ ദേശീയോദ്യാനത്തിൽ വശംനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് തടയാൻ നടത്തിട ഇടപെടലുകൾക്കാണ് പ്രശംസ. 2022ൽ ഒറ്റ കണ്ടാമൃഗവും മേഖലയിൽ വേട്ടയാടപ്പെട്ടിട്ടില്ലെന്ന് ഡികാപ്രിയോ സൂചിപ്പിച്ചു.
കാസിരംഗ ദേശീയോദ്യാനത്തിലെ വംശനാശ ഭീഷണി നേരിടുന്ന ഭീമൻ ഒറ്റക്കൊമ്പൻ കാണ്ടാമൃഗത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കാൻ 2021ൽ ഇന്ത്യയിലെ അസം സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. 2000ത്തിനും 2021നും ഇടയിൽ കൊമ്പിനു വേണ്ടി 190 മൃഗങ്ങൾ കൊല്ലപ്പെട്ടതിനുശേഷമായിരുന്നു നടപടി. അവർ ലക്ഷ്യം കൈവരിക്കുകയും ചെയ്തു. 1977നുശേഷം മേഖലയിൽ ഒറ്റ കാണ്ടാമൃഗവും വേട്ടയാടപ്പെട്ടിട്ടില്ല-ഇൻസ്റ്റഗ്രാം കുറിപ്പിൽ ഡികാപ്രിയോ ചൂണ്ടിക്കാട്ടി.
കാസിരംഗ ദേശീയോദ്യാനത്തിൽ 2,200 ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുണ്ട്. ലോകത്തെ മൊത്തം കാണ്ടാമൃഗങ്ങളിൽ മൂന്നിൽ രണ്ട് വരുമിത്. അപൂർവ കാണ്ടാമൃഗങ്ങളുടെ എണ്ണം 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുണ്ടായിരുന്ന 200ൽനിന്ന് 3,700 ആയി ഉയർന്നതായുള്ള 'വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്വറി'ന്റെ റിപ്പോർട്ടിനൊപ്പമാണ് ഇന്ത്യയിലെ ഈ വിജയവും-ഇൻസ്റ്റഗ്രാം കുറിപ്പിൽ ഡികാപ്രിയോ കൂട്ടിച്ചേർത്തു.
കാണ്ടാമൃഗങ്ങൾ ഉൾപ്പെടെ അപൂർവയിനം ജീവികളുടെ സങ്കേതമാണ് കാസിരംഗ. എന്നാൽ, കാണ്ടാമൃഗവേട്ട നേരത്തെയും വലിയ ആശങ്കയായി അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു. 2013ലും 2014ലും മാത്രം 27 വീതം മൃഗങ്ങളെയാണ് വേട്ടയാടി കൊന്നതെന്ന് റിപ്പോർട്ട് പുറത്തുവന്നിരുന്നു. കാണ്ടാമൃഗങ്ങളുടെ കൊമ്പിന് ലക്ഷങ്ങളാണ് വിലവരുന്നത്. ആഭരണ, വൈദ്യ ആവശ്യങ്ങൾക്കായാണ് ഇത് ഉപയോഗിക്കുന്നത്.
Summary: Leonardo DiCaprio praises Assam's Himanta Biswa Sarma govt's efforts to end poaching of one-horned rhinoceros