'ഇങ്ങനെയൊക്കെ ചെയ്യാമോ...?'; നടുറോഡിൽ പുള്ളിപ്പുലിയെ വളഞ്ഞിട്ടാക്രമിച്ച് കുരങ്ങന്മാർ, വൈറലായി വീഡിയോ
|പുള്ളിപ്പുലിയുടെ സകല പ്രതീക്ഷകളും തെറ്റിച്ചായിരുന്നു കുരങ്ങന്മാരുടെ തിരിച്ചടി
കേപ് ടൗൺ: ലോകത്ത് നടക്കുന്ന നിരവധി കൗതുകമുണർത്തുന്ന വീഡിയോകൾ സോഷ്യൽമീഡിയയിൽ പലപ്പോഴും വൈറലാണ്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാകുന്നത്. കാട്ടിലെ തന്നെ ഏറ്റവും ശക്തരായ മൃഗങ്ങളിലൊന്നാണ് പുള്ളിപ്പുലി. ആ പുള്ളിപ്പുലിയെ നടുറോഡിൽ ഒരു കൂട്ടം മൃഗങ്ങൾ വളഞ്ഞിട്ട് ആക്രമിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ദക്ഷിണാഫ്രിക്കയിലെ ഉൾപ്രദേശത്താണ് സംഭവം. റോഡിനടുത്തുള്ള കാട്ടിൽ നിന്ന് വേട്ടക്കിറങ്ങിയ പുള്ളിപ്പുലിയെയാണ് കുരങ്ങൻമാർ ആക്രമിക്കുന്നത്. ആഫ്രിക്കയിൽ കാണപ്പെടുന്ന ബാബൂൺസ് എന്നറിയപ്പെടുന്ന 50 ഓളം കുരങ്ങന്മാരാണ് പുലിയെ ആക്രമിക്കുന്നത്. ആഫ്രിക്കയിലെ സ്‌കുകുസക്കും ഷോക് വാനിനും ഇടയിലുള്ള വനപാതയിലാണ് സംഭവം നടക്കുന്നത്.
അപ്രതീക്ഷിതമായ ആക്രമണത്തെത്തുടർന്ന് റോഡിലും ഗതാഗതക്കുരുക്കുണ്ടായിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന റിക്കി ഡ ഫോൺസെക്ക എന്നയാളാണ് വീഡിയോ പകർത്തിയത്. ഇര തേടിയിറങ്ങിയ പുള്ളിപ്പുലി റോഡിരികിലൂടെ നടക്കുന്നതാണ് വീഡിയോയിൽ ആദ്യം കാണുന്നത്. ആ സമയത്ത് റോഡിൽ നിറയെ കുരങ്ങുകളുമുണ്ടായിരുന്നു. പുള്ളിപ്പുലി ഈ സമയത്ത് കുരങ്ങുകളെ ആക്രമിക്കാനായി ചാടിവീണു. എന്നാൽ പുള്ളിപ്പുലിയുടെ സകല പ്രതീക്ഷകളും തെറ്റിച്ചായിരുന്നു കുരങ്ങന്മാരുടെ പ്രതികരണം.
ആദ്യമൊന്ന് പതറിയെങ്കിലും കുരങ്ങന്മാർ കൂട്ടമായി പുള്ളിപ്പുലിക്ക് നേരെ തിരിഞ്ഞു. പിന്നീട് അവിടെ കണ്ടത് ഒരു കരുണയുമില്ലാത്ത ആക്രമണമായിരുന്നു. ഒന്ന് ചെറുത്തുനിൽക്കാൻ പോലുമാകാതെ പുള്ളിപ്പുലി ശരിക്കും പെട്ടുപോയി. ഒടുവിൽ എങ്ങനെയൊക്കയോ ജീവനും കൊണ്ട് പുലി കാട്ടിലേക്ക് ഓടിപ്പോകുകയായിരുന്നു. ചൊവ്വാഴ്ചയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്. യൂട്യൂബിൽ ഇതിനോടകം തന്നെ 200,000-ത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു.