World
ലിബിയയിലെ പ്രളയം; മരണസംഖ്യ 6000 കടന്നു
World

ലിബിയയിലെ പ്രളയം; മരണസംഖ്യ 6000 കടന്നു

Web Desk
|
13 Sep 2023 7:15 PM GMT

കിഴക്കൻ ലിബിയയിൽ ഞായറാഴ്ച വീശിയടിച്ച ഡാനിയേൽ കൊടുങ്കാറ്റാണ് രാജ്യത്തെ വൻ പ്രളയത്തിൽ മുക്കിയത്

ലിബിയയിൽ ചുഴലിക്കാറ്റിനെയും കനത്ത മഴയെയും തുടർന്നുണ്ടായ പ്രളയത്തിൽ മരണസംഖ്യ ആറായിരം പിന്നിട്ടു. പതിനായിരത്തിലേറെപ്പേരെ കാണാതായി. വൻ പ്രളയത്തിൽ രണ്ട് അണക്കെട്ടുകൾ തകർന്നു. ലിബിയയിലെ ഡെർന നഗരത്തെയാണ് പ്രളയം ഏറെ ബാധിച്ചത്.

കിഴക്കൻ ലിബിയയിൽ ഞായറാഴ്ച വീശിയടിച്ച ഡാനിയേൽ കൊടുങ്കാറ്റാണ് രാജ്യത്തെ വൻ പ്രളയത്തിൽ മുക്കിയത്. രണ്ട് അണക്കെട്ടുകൾകൂടി തകർന്നതോടെ ലിബിയ അക്ഷരാർഥത്തിൽ ദുരന്ത മുഖമായി മാറി. ഇത് ലിബിയയിലെ രണ്ടാമത്തെ വലിയ നഗരമായ ബെംഗാസിയെയും വെള്ളപ്പൊക്കത്തിൽ മുക്കിയിട്ടുണ്ട്. പലയിടത്തും നഗരങ്ങൾ പൂർണമായും തകർന്ന നിലയിലാണ്.

ഏകദേശം 1,25,000 പേർ താമസിക്കുന്ന ദെർനയിലാണ് പ്രളയം ഏറ്റവും കൂടുതൽ നാശം വിതച്ചത്. നഗരത്തിന്റെ 25 ശതമാനമെങ്കിലും പ്രളയമെടുത്തവെന്നാണ് റിപ്പോർട്ട്. ദെർനയ്ക്കും ബെംഗാസിയ്ക്കും പുറമേ ബയ്ദ, അൽ മർജ്, സുസ എന്നിവിടങ്ങളിലും പ്രളയം ബാധിച്ചിട്ടുണ്ട്. 7,000 ത്തോളം കുടുംബങ്ങളാണ് ദുരിത ബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്നത്. പ്രളയത്തിൽപ്പെട്ട് നിരവധി പേർ കടലിലേക്ക് ഒലിച്ചുപോയതായും റിപ്പോർട്ടുകളുണ്ട്.

ഈജിപ്റ്റ്, തുർക്കി, ഇറാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലിബിയയ്ക്ക് അടിയന്തര സഹായവുമായി എത്തിയിട്ടുണ്ട്. അതേസമയം പതിറ്റാണ്ടായി തുടരുന്ന ആഭ്യന്തര യുദ്ധവും ഏകീകൃത ഭരണ സംവിധാനമില്ലാത്തതും രക്ഷാദൗത്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

Similar Posts